തിരുവനന്തപുരം: നടന്‍ ഷെയ്‌ൻ നിഗത്തിനെതിരായ നടപടിയെ വിമര്‍ശിച്ച് സംവിധായികയും അഭിനേത്രിയുമായ ഗീതു മോഹന്‍ദാസ്. കരാര്‍ ലംഘനത്തിന്റെ പേരില്‍ ഷെയ്‌ൻ നിഗത്തെ വിലക്കുന്നത് അസംബന്ധമാണെന്ന് ഗീതു മോഹന്‍ദാസ് തിരുവനന്തപുരത്ത് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഗീതുവിന്റെ പ്രതികരണം. ഷെയ്‌ൻ കുറച്ചുകൂടി പ്രൊഫഷണലായി സ്വന്തം ജോലിയെ കാണേണ്ടതുണ്ടെന്നും ഗീതു പറഞ്ഞു. അൺപ്രൊഫഷണലായാണ് ഷെയ്‌ൻ പെരുമാറിയതെങ്കിൽ അതിനെ നേരിടാൻ നിയമപരമായ വഴികളുണ്ടെന്നും, ഇൻഡസ്ട്രിയിൽ നിന്ന് തന്നെ പുറത്താക്കുമെന്ന നയമല്ല സ്വീകരിക്കേണ്ടതെന്നും ഗീതു മോഹൻദാസ് വ്യക്തമാക്കി.
Read Also: ഷെയ്‌നിനെ ഞാനെന്റെ അസിസ്റ്റന്റാക്കും, അവനെ വച്ച് സിനിമയും ചെയ്യും: രാജീവ് രവി
അതേസമയം, നടന്‍ ഷെയ്‌ൻ നിഗത്തിനെതിരെ കൂടുതല്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കളുടെ സംഘടന വീണ്ടും രംഗത്തെത്തി. നിര്‍മാതാക്കള്‍ക്കെതിരെ ഷെയ്‌ൻ നടത്തിയ പ്രസ്താവനയാണ് പുതിയ നീക്കങ്ങള്‍ക്ക് കാരണം. ഷെയ്‌ൻ നിഗത്തെ ഇതരഭാഷകളിലെ സിനിമകളിലും സഹകരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് ഫിലിം ചേബര്‍ കത്ത് നല്‍കി. ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിനാണ് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ കത്ത് നല്‍കിയത്. ഇക്കാര്യം ഫിലിം ചേംബർ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ഷെയ്‌ൻ നിഗത്തിന് മറ്റ് ഭാഷാ സിനിമകളിലും അഭിനയിക്കാൻ സാധിക്കില്ല. സമവായ ചർച്ചകൾ അട്ടിമറിക്കാൻ ശ്രമിച്ചു, നിർമാതാക്കൾക്കെതിരെ സംസാരിച്ചു എന്നീ കാര്യങ്ങളാണ് നിർമാതാക്കളുടെ സംഘടനയെ ചൊടിപ്പിച്ചത്. നിർമാതാക്കൾക്ക് മനോവിഷമമാണോ മനോരോഗമാണോ എന്ന് തനിക്ക് സംശയമുണ്ടെന്ന് ഷെയ്‌ൻ നിഗം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തങ്ങളെ പരിഹസിച്ചുള്ള പ്രസ്‌താവനയാണിതെന്ന് നിർമാതാക്കൾ ആരോപിച്ചു. ഇതോടെ പ്രശ്‌നം വഷളാകുകയായിരുന്നു.
ഷെയ്‌ൻ നടത്തിയ പരാമര്‍ശത്തിനെതിരെ ‘അമ്മ’യും ‘ഫെഫ്‌ക’യും രംഗത്തെത്തി. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സംഘടനാ നേതൃത്വങ്ങള്‍ തീരുമാനിച്ചു. ഷെയ്‌ൻ ഖേദം പ്രകടിപ്പിക്കാതെ ഇനി ചര്‍ച്ചകള്‍ നടത്തില്ലെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ അഭിപ്രായം.