ഇനി അഭിനയ ജീവിതത്തിലേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് സംവിധായിക ഗീതു മോഹന്‍ദാസ്. അഭിനയ ജീവിതം അടഞ്ഞ അധ്യായമാണെന്നും ഇനി അതു തുറക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗീതു മോഹന്‍ദാസ് പറഞ്ഞു. മണ്‍സൂണ്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗീതുവിന്റെ പ്രതികരണം. അഭിനയ ജീവിതം നല്ലൊരു അധ്യായമായിരുന്നു. അതേറെ ആസ്വദിച്ചാണ് ചെയ്തത്. എന്നാല്‍, ഇപ്പോള്‍ തനിക്കു അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നും ഗീതു വ്യക്തമാക്കി.
താന്‍ ചെയ്യുന്ന സിനിമകളില്‍ തന്റെ രാഷ്ട്രീയമുണ്ടാകുമെന്ന് ഗീതു പറഞ്ഞു. “എന്റെ സിനിമകളില്‍ സ്വന്തം രാഷ്ട്രീയം പ്രകടിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നാല്‍, എല്ലാ സിനികളിലും അങ്ങനെ വേണമെന്നല്ല പറയുന്നത്. എങ്കിലും എന്റെ സിനിമയില്‍ ഞാനത് ആഗ്രഹിക്കുന്നുണ്ട്” ഗീതു പറഞ്ഞു.
Read Also: ‘ചാന്തുപൊട്ടി’ന്റെ പേരിൽ പാർവതി മാപ്പുപറഞ്ഞത് ഭോഷ്‌ക്: ലാൽ ജോസ്
സിനിമയില്‍ അഭിനയിച്ചു തുടങ്ങിയപ്പോഴും എഴുത്തും സംവിധാനവും ആയിരുന്നു തനിക്ക് ഏറെ ഇഷ്ടപ്പെട്ട കാര്യമെന്ന് ഗീതു പറഞ്ഞു. ഇത് രണ്ടുമാണ് തനിക്ക് എപ്പോഴും പ്രിയപ്പെട്ടതെന്നും അവർ പറഞ്ഞു.
കെ.ജി.ജോര്‍ജിന്റെ മിക്ക സിനിമകളും തനിക്ക് പ്രിയപ്പെട്ടതാണെന്ന് ഗീതു പറഞ്ഞു. ആദാമിന്റെ വാരിയെല്ല്, മേള, കോലങ്ങള്‍, മറ്റൊരാള്‍ തുടങ്ങി ഒട്ടുമിക്ക കെ.ജി.ജോര്‍ജ് സിനിമകളും ഏറെ ഇഷ്ടമാണ്. അതില്‍ ‘മറ്റൊരാള്‍’ വളരെ മികച്ചൊരു സിനിമയാണ്. ജോണ്‍ എബ്രഹാമിന്റെ ‘അമ്മ അറിയാന്‍’ ഇഷ്ടപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ്. അനുരാഗ് കശ്യപും ഭര്‍ത്താവ് രാജീവ് രവിയും തനിക്കു പ്രിയപ്പെട്ട സംവിധായകരുടെ പട്ടികയിലുണ്ടെന്നും ഗീതു വ്യക്തമാക്കി.
ഗീതു മോഹൻദാസ് സംവിധാനം ചെയ്‌ത മൂത്തോൻ ഇപ്പോൾ തിയേറ്ററുകളിൽ ഏറെ ജനശ്രദ്ധ നേടി മുന്നേറുകയാണ്. ടൊറന്റോ ഫെസ്റ്റിവലിലും മുംബൈ ചലച്ചിത്രമേളയിലുമെല്ലാം മികച്ച പ്രതികരണം നേടിയതിനു ശേഷമാണ് ഗീതു മോഹൻദാസിന്റെ ‘മൂത്തോൻ’ തിയേറ്ററുകളിലെത്തിയത്. നിവിൻ പോളിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.
ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗീതു മോഹൻദാസാണ്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. ജെഎആർ പിക്ചേഴ്സ്, മിനി സ്റ്റുഡിയോ തുടങ്ങിയ നിർമാണ കമ്പനികളുടെ ബാനറിൽ അനുരാഗ് കശ്യപ്, വിനോദ് കുമാർ, അലൻ മാക്അലക്സ്, അജയ് ജി.റായ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Read Also: കടലുപോലെ തിരയടിക്കുന്ന യാഥാര്‍ഥ്യങ്ങള്‍; ‘മൂത്തോന്‍’ ഗംഭീരമെന്ന് മഞ്ജു
കാമാത്തിപുര, ലക്ഷദ്വീപ് തുടങ്ങിയ ഇടങ്ങളിലെ യഥാർത്ഥ ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. സൺഡാൻസ് സ്ക്രീൻറൈറ്റേഴ്സ് ലാബിന്റെ ഭാഗമായ ചിത്രം ഗ്ലോബൽ ഫിലിംമേക്കിങ് അവാർഡ് കരസ്ഥമാക്കിയിരുന്നു. ‘ലയേഴ്‌സ് ഡയസി’നു ശേഷം ഗീതു സംവിധായികയാവുന്ന ചിത്രമെന്ന പ്രത്യേകതയും ‘മൂത്തോനു’ണ്ട്. ഓസ്കാർ അവാർഡുകളിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയും ‘ലയേഴ്സ് ഡയസ്’ സ്വന്തമാക്കിയിരുന്നു.