വിവിധ ചലച്ചിത്ര മേളകളിൽ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രമാണ് നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോൻ. സിനിമാ ലോകത്തിനകത്തു നിന്നും പുറത്തു നിന്നുമെല്ലാം ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
Read More: ഇതാണ് ഡെഡിക്കേഷൻ ലെവൽ! മൂത്തോന്റെ മേക്കിങ് വീഡിയോ
കഴിഞ്ഞ ദിവസം മുംബൈയിൽ ചിത്രത്തിന്റെ പ്രത്യേക പ്രദർശനം ഒരുക്കിയിരുന്നു. ബോളിവുഡ് താരങ്ങളായ വിക്കി കൗശൽ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പ്രദർശനത്തിന് അഞ്ജലി മേനോൻ, പാർവ്വതി എന്നിവരും എത്തിയിരുന്നു.
പാർവ്വതിക്കും അഞ്ജലി മേനോനും ഒപ്പമുള്ള ചിത്രങ്ങൾ ഗീതു മോഹൻദാസ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. കൂടാതെ വിക്കി കൗശലിനൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. നടി നദിയാ മൊയ്തുവും ചിത്രത്തിന്റെ പ്രദർശനത്തിന് എത്തിയിരുന്നു.
ടൊറന്റോ ഫെസ്റ്റിവലിലും മുംബൈ ചലച്ചിത്രമേളയിലുമെല്ലാം മികച്ച പ്രതികരണം നേടിയശേഷമാണ് ഗീതു മോഹൻദാസിന്റെ ‘മൂത്തോൻ’ തിയറ്ററുകളിലെത്തിയത്.
സിനിമാ രംഗത്തുള്ളവര്‍ തന്നെ മൂത്തോന് നല്കിയ അനുഭവത്തെ ഏറെ പുകഴ്ത്തുകയാണ്. മൂത്തോൻ രണ്ട് തവണ കണ്ടെന്നാണ് നടി പാർവതി പറയുന്നത്.
”മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം മൂത്തോൻ രണ്ടാമത്തെ തവണയും കണ്ടു. എന്താണ് അച്ഛനും അമ്മയും ചിത്രത്തെക്കുറിച്ച് പറയുകയെന്ന് സംശയമുണ്ടായിരുന്നു. പക്ഷെ അവർ കൂടുതൽ സമയവും നിശബ്ദരായിരുന്നു. ഞാൻ കൂടുതൽ ചോദിച്ചില്ല. രാവിലെ എണീറ്റപ്പോൾ അമ്മ ഇരുന്ന് ചിന്തിക്കുന്നതാണ് കണ്ടത്.”
കടലുപോലെ തിരയടിക്കുന്നതും ചോരപോലെ ചുവക്കുന്നതുമായ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന സിനിമയാണ് ‘മൂത്തോന്’ എന്നായിരുന്നു ചിത്രം കണ്ട നടി മഞ്ജു വാരിയര്‍ പറഞ്ഞത്. ”പലരും പറയാൻ മടിക്കുന്ന സത്യങ്ങളാണ് ഗീതു മോഹൻദാസ് മൂത്തോനിൽ പറയുന്നത്. മലയാളസിനിമ ഇന്നേവരെ കടന്നുചെന്നിട്ടില്ലാത്ത ചില ഇടങ്ങളെ ‘മൂത്തോൻ’ കാണിച്ചുതരുന്നു. മനുഷ്യൻ എന്ന പദത്തെ ഏറ്റവും ഭംഗിയോടെ അത് അഭിസംബോധന ചെയ്യുന്നു. ഈ സിനിമ നിങ്ങൾക്ക് ഉള്ളിൽ തട്ടുന്ന അനുഭവം തന്നെയാകും. ഗീതുവിനും നിവിനും രാജീവ് രവിക്കും അനുരാഗ് കശ്യപിനും മൂത്തോന്റെ ഭാഗമായ മറ്റെല്ലാവർക്കും അഭിനന്ദനങ്ങൾ,” മഞ്ജു വാരിയർ പറഞ്ഞു.