അടുത്തിടെ ആസിഫ് അലിയ്ക്ക് ഏറെ നിരൂപക പ്രശംസ നേടി കൊടുത്ത കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലെ സ്ലീവാച്ചൻ. ഇപ്പോഴിതാ, ചിത്രത്തിലെ ആസിഫിന്റെ പ്രകടനത്തെ അഭിനന്ദിക്കുകയാണ് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. ബ്രില്ല്യന്റ് പെർഫോമൻസ് എന്നാണ് ആസിഫിന്റെ അഭിനയത്തെ ഗീതു വിശേഷിപ്പിക്കുന്നത്.

“‘കെട്ട്യോളാണ് എന്റെ മാലാഖ’ കാണാൻ ഇടയായി. ആസിഫിന്റെ അനായാസമായ മിന്നുന്ന പ്രകടനമാണ് എന്നെ പൂർണ്ണമായും ആകർഷിച്ചത്. ഈ പ്രതിഭയിൽ നിന്ന് ഇത്തരം മിഴിവേറിയ പ്രകടനങ്ങൾ കൂടുതലായി കാണാൻ ആഗ്രഹിക്കുന്നു,” ഗീതു മോഹൻദാസ് കുറിക്കുന്നു. ഗീതുവിന്റെ പോസ്റ്റിന് നന്ദി പറഞ്ഞുകൊണ്ട് ആസിഫും കമന്റ് ചെയ്തിട്ടുണ്ട്.

ഇടുക്കിയിലെ ഒരു മലയോര ഗ്രാമത്തിൽ കൃഷിയും റബ്ബർ ടാപ്പിംഗുമൊക്കെയായി കഴിഞ്ഞു കൂടുന്ന സ്ലീവാച്ചൻ എന്ന യുവാവിനെയാണ് ചിത്രത്തിൽ ആസിഫ് അവതരിപ്പിച്ചത്. ആസിഫിന്റെ ചോക്ക്ളേറ്റ് ഹീറോ ഇമേജിൽ നിന്നും അടിമുടി വ്യത്യസ്തനായ ഗെറ്റപ്പിലാണ് ചിത്രത്തിലെ സ്ലീവാച്ചൻ എത്തിയത്. മാരിറ്റൽ റേപ്പ്, ലൈംഗികതയെ കുറിച്ചുള്ള ആളുകളുടെ തെറ്റായ ധാരണകൾ എന്നിവയെ കുറിച്ചാണ് ചിത്രം ചർച്ച ചെയ്തത്. ചിത്രം കൈകാര്യം ചെയ്ത വിഷയത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ അനുകൂലവും പ്രതികൂലവുമായ നിരവധി ചർച്ചകൾ നടന്നെങ്കിലും ചിത്രത്തിലെ ആസിഫിന്റെ പ്രകടനം വിയോജിപ്പുകളില്ലാതെ എല്ലാവരും ചൂണ്ടികാട്ടിയ ഒന്നാണ്.

Read more: Kettiyolaanu Ente Malakha Movie Review: രസകരമായൊരു കുടുംബചിത്രം, ഒപ്പം അൽപ്പം കാര്യവും; ‘കെട്ട്യോളാണ് എന്റെ മാലാഖ’ റിവ്യൂ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook