2012ൽ പുറത്തിറങ്ങിയ ദുൽഖർ സൽമാൻ ചിത്രം ‘സെക്കന്റ് ഷോ’യിലൂടെയാണ് ഗൗതമി സിനിമാ ലോകത്തെത്തുന്നത്. പിന്നീട് ‘ഡയമണ്ട് നെക്കലെസ്’, ‘ചാപ്പ്റ്റേഴ്‌സ്’, ‘കൂതറ’, ‘കാമ്പസ് ഡയറീസ്’, ‘മേരി ആവാസ് സുനോ’ തുടങ്ങിയ ചിത്രങ്ങളിലും ഗൗതമി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തു. ആദ്യ ചിത്രത്തിലെ സംവിധായകൻ ശ്രീനാഥുമായി പ്രണയത്തിലായ ഗൗതമി സോഷ്യൽ മീഡിയയിലൂടെയാണ് വിവാഹതിയായ വിവരം ആരാധകരെ അറിയിച്ചത്. മൂന്നു വർഷങ്ങൾക്കു ശേഷം ഇരുവരും വേർപിരിയുകയും ചെയ്‌തു. മാധ്യമപ്രവർത്തക ധന്യ വർമയുടെ യൂട്യൂബ് ചാനലിലൂടെ തന്റെ ഡിവോഴ്‌സിനെ കുറിച്ചു ആദ്യമായി തുറന്നു പറയുകയാണ് ഗൗതമി.
“എന്റെ വ്യക്തിപരമായ കാര്യങ്ങൾ മാധ്യമങ്ങൾക്കു മുൻപിൽ തുറന്നു പറയാൻ ഞാൻ തയാറല്ല.എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ പലരും നമ്മളെ ജഡ്‌ജു ചെയ്യും എന്നതാണ് അതിനു കാരണം. ഞങ്ങൾ ഇടയ്ക്ക് പരസ്‌പരം വിളിച്ച് വിവരങ്ങൾ അന്വേഷിക്കാറുണ്ട്.ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഞങ്ങൾക്കിടയിൽ വലിയ പ്രശ്‌നങ്ങളോ വാക്കു തർക്കങ്ങളോ ഉണ്ടായിരുന്നില്ല. എന്നാൽ ഡിവോഴ്‌സുമായി പൊരുത്തപ്പെടാൻ എനിക്ക് കുറച്ചു സമയം വേണ്ടി വന്നു. രണ്ടു മാസത്തോളം ഞാൻ തെറാപ്പിയെടുത്തു.”
“എല്ലാവരും ചോദിക്കുന്നത് നിങ്ങൾ തമ്മിൽ പ്രശ്‌നങ്ങളൊന്നുമില്ലല്ലോ പിന്നെ പിരിഞ്ഞതെന്തിനെന്നാണ്. സത്യത്തിൽ ഞങ്ങൾ തമ്മിൽ അത്ര പ്രശ്‌നങ്ങളൊന്നുമില്ല. പക്ഷെ ഒരു സമയം കഴിഞ്ഞപ്പോൾ ഞങ്ങളുടെ ചിന്താഗതിയിൽ വ്യത്യാസം വന്നു. ഒരുപാട് ബാലൻസ് ചെയ്യാൻ ശ്രമിച്ചു. എത്ര നോക്കിയിട്ടും ശരിയാകുന്നില്ലായിരുന്നു ഒടുവിലാണ് പിരിയാൻ തീരുമാനിച്ചത്. സന്തോഷമില്ലാതെ ഇങ്ങനെ ജീവിച്ചിട്ടു കാര്യമില്ലല്ലോ എന്ന ചിന്തയാണ് ആ തീരുമാനത്തിനു പിന്നിലെന്നു പറയാം” ഗൗതമി പറഞ്ഞു
2017 ലാണ് ഗൗതിമിയും ശ്രീനാഥും വിവാഹിതാരയത്. നീണ്ട വർഷത്തെ പ്രണയമാണ് വിവാഹത്തിൽ കൊണ്ടെത്തിച്ചത്. ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഗൗതമിയിപ്പോൾ ഒരു ന്യൂറോ സയന്റിസ്റ്റാണ്. ജൂഡ് ആന്റണിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘2018’ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട് ഗൗതമി.