നീണ്ട ആറുവർഷത്തെ ഇടവേളയ്ക്കുശേഷം മലയാള സിനിമയിൽ തിരിച്ചു വരവിനൊരുങ്ങുകയാണ് നടി ഗൗതമി നായർ. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ‘മേരി ആവാസ് സുനോ’ എന്ന ചിത്രത്തിലൂടെയാണ് ഗൗതമിയുടെ മടങ്ങി വരവ്. മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. തന്റെ രണ്ടാം വരവ് മഞ്ജു വാര്യർക്കൊപ്പമായതിന്റെ സന്തോഷത്തിലാണ് ഗൗതമി.
”ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് എന്തിനെയാണോ, അതിലേക്ക് വീണ്ടും തിരിച്ചെത്തുന്നു. ഞാൻ ഏറെ ആരാധിക്കുകയും എന്നെ പ്രചോദിപ്പിക്കുകയും ചെയ്ത ഇതിഹാസത്തോടൊപ്പം അഭിനയ ജീവിതത്തിലെ രണ്ടാം ഇന്നിങ്സിന് ഇറങ്ങുകയാണ്. ആദ്യ ഷോട്ടിന് ഇതിൽപരം ഒന്നും ചോദിക്കാനാവില്ല. നടിയെന്ന നിലയിൽ മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ പ്രതീക്ഷിക്കുന്നു, കൂടുതൽ വിവരങ്ങള്‍ ഉടൻ അറിയിക്കാം,” മഞ്ജുവിനൊപ്പമുളള ചിത്രം പങ്കുവച്ച് ഗൗതമി കുറിച്ചതാണിത്.
View this post on Instagram
2012 ലാണ് ഗൗതമി സിനിമയിലേക്കെത്തിയത്. ദുൽഖർ സൽമാന്റെ ‘സെക്കൻഡ് ഷോ’ ആയിരുന്നു ആദ്യ സിനിമ. ഡയമണ്ട് നെക്ലേസ്, കൂതറ, ചാപ്റ്റേഴ്സ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ‘സെക്കൻഡ് ഷോ’ സിനിമയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനുമായുളള ഗൗതമിയുടെ വിവാഹം 2017 ലായിരുന്നു. പിന്നീട് പഠനാവശ്യത്തിനായി സിനിമയിൽനിന്നും വിട്ടുനിൽക്കുകയായിരുന്നു.
Read More: ഈ സുന്ദരിക്കുട്ടി ഇന്ന് മലയാളത്തിനേറെ പ്രിയപ്പെട്ടവൾ
വർഷങ്ങൾക്കുശേഷം ‘വൃത്തം’ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സംവിധായികയായി തിരിച്ചുവരവിന് ഒരുങ്ങുകയായിരുന്നു ഗൗതമി. എന്നാല്‍ നിര്‍മ്മാണ പ്രശ്നങ്ങള്‍ മൂലം ഈ സിനിമ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഇതിനിടയിലാണ് അഭിനയത്തിലേക്കും മടങ്ങിവരുന്നതായി ഗൗതമി അറിയിച്ചത്.
‘മേരി ആവാസ് സുനോ’യില്‍ ശിവദയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജോണി ആന്റണി, സുധീര്‍ കരമന എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook