ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രമായ ‘സെക്കന്‍ഡ് ഷോ’യിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി ഗൗതമി നായര്‍ സംവിധാന രംഗത്തേക്ക് ചുവടു വയ്ക്കുന്നു. സണ്ണി വെയ്ന്‍, അനൂപ് മേനോന്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് ഇന്ന് തിരുവനന്തപുരത്ത് ആരംഭിച്ചു.

നടന്‍ സൈജു കുറുപ്പും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കെ.എസ്.അരവിന്ദ്, ഡാനിയേല്‍ സായൂജ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗൗതമിയുടെ ആദ്യ സംവിധാന സംരഭത്തിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

സെക്കന്‍ഡ് ഷോയിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച ഗൗതമിയുടെ രണ്ടാമത്തെ ചിത്രം ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് ആയിരുന്നു. ദുബായിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഒരു തമിഴ്‌നാട്ടുകാരി നഴ്‌സ് ആയിരുന്നു ഗൗതമി ആ ചിത്രത്തില്‍ അവതരിപ്പിച്ച കഥാപാത്രം. ഫഹദ് ഫാസിലായിരുന്നു ചിത്രത്തിലെ നായകന്‍. പിന്നീട് ‘കൂതറ’ എന്ന ചിത്രത്തിലും ഗൗതമി അഭിനയിച്ചു.

സെക്കന്‍ഡ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം കഴിച്ചത്. 2017ലാണ് ഇരുവരും വിവാഹിതരായത്. കൂതറ എന്ന ചിത്രത്തിന്റെ സംവിധായകനും ശ്രീനാഥ് തന്നെയായിരുന്നു. മോഹന്‍ലാലായിരുന്നു ചിത്രത്തിലെ നായകന്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ