scorecardresearch
Latest News

ഈ​ ആഴ്ച റിലീസിനെത്തിയ ചിത്രങ്ങൾ; റിവ്യൂ ഒറ്റനോട്ടത്തിൽ

ഇന്നലെ തിയേറ്ററുകളിലെത്തിയ ‘അന്വേഷണം’, ‘ഗൗതമന്റെ രഥം’, ‘മറിയം വന്നു വിളക്കൂതി’ എന്നീ ചിത്രങ്ങളുടെ റിവ്യൂ ഒറ്റനോട്ടത്തിൽ

ഈ​ ആഴ്ച റിലീസിനെത്തിയ ചിത്രങ്ങൾ; റിവ്യൂ ഒറ്റനോട്ടത്തിൽ

ജയസൂര്യ നായകനാകുന്ന ‘അന്വേഷണം’, നീരജ് മാധവ് ആദ്യമായി നായകനാവുന്ന ‘ഗൗതമന്റെ രഥം’, സിജു വിൽസൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘മറിയം വന്നു വിളക്കൂതി’ എന്നിങ്ങനെ മൂന്നു ചിത്രങ്ങളാണ് ഈ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ റിവ്യൂ ഒറ്റനോട്ടത്തിൽ…

Gauthamante Radham movie review: ഗൗതമനും കാറും ചില ചിരിക്കാഴ്ചകളും

ഒരു കൂട്ടം മനുഷ്യർക്കൊപ്പം ഒരു നാനോ കാറും പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് നീരജ് മാധവനെ നായകനാക്കി നവാഗതനായ ആനന്ദ് മേനോൻ ഒരുക്കിയ ‘ഗൗതമന്റെ രഥം’. ചെറുപ്പം മുതൽ വണ്ടി പ്രേമം കൊണ്ടുനടക്കുന്ന ഗൗതമെന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് അവന്റെ പതിനെട്ടാം വയസ്സിൽ അതിഥിയായി എത്തുന്ന ഒരു നാനോ കാറും അതവന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന സ്വാധീനവുമൊക്കെ രസകരമായി അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഗൗതമന്റെ രഥം’.

ശക്തനായ പ്രതിനായകനോ, നായകന്റെ ജീവിതത്തെ പിടിച്ചുകുലുക്കുന്ന സംഭവവികാസങ്ങളോ, ഉദ്യേഗജനകമായ നിമിഷങ്ങളോ ഒന്നുമില്ലാതെ, അകത്തും പുറത്തും പരിമിതികളുള്ള ഒരു കൊച്ചു നാനോ കാറിലെ യാത്ര പോലെയാണ് ചിത്രമെന്നു പറയാം. ‘ഫാമിലിമാൻ’ എന്ന വെബ് സീരീസിലൂടെ ഗ്ലോബൽ താരമായി മാറിയ നീരജിന്റെ ആദ്യനായക വേഷം കൂടിയാണ് ചിത്രത്തിലേത്. ക്യാരക്ടർ റോളുകൾ മാത്രമല്ല, നായകവേഷവും തന്റെ കയ്യിൽ ഭദ്രമാണെന്ന് ചിത്രത്തിലൂടെ തെളിയിക്കുകയാണ് നീരജ്. ഗൗതമിന്റെ കൂട്ടുകാരൻ വെങ്കിടിയായി എത്തിയ ബേസിലാണ് സ്ക്രീനിൽ ചിരിയുണർത്തുന്ന ഒരു സാന്നിധ്യം. പുണ്യ എലിസബത്താണ് നായിക.

റിവ്യൂ പൂർണരൂപം ഇവിടെ വായിക്കാം: Gauthamante Radham review: ഒരു കാറും രസകരമായ മുഹൂർത്തങ്ങളും; ‘ഗൗതമന്റെ രഥം’ റിവ്യൂ

കച്ചവട സിനിമകളുടെ വിജയ ഫോർമുലകൾ പിന്തുടരുന്ന വലിയ മാസ് ചിത്രങ്ങൾക്കിടയിൽ അൽപ്പം കളിയും കാര്യവും ചിന്തയുമൊക്കെയായി എത്തുന്ന ഇത്തരം ചിത്രങ്ങൾ പ്രേക്ഷകർക്ക് പുതുമയുള്ള കാഴ്ചയാണ് ഒരുക്കുന്നത്. വലിയ പ്രതീക്ഷകളില്ലാതെ പോയാൽ ചിരിയോടെ ആസ്വദിച്ച് കാണാവുന്ന​ ഒരു ഫീൽഗുഡ് ചിത്രമാണ് ‘ഗൗതമന്റെ രഥം’.

Anveshanam Movie Review: രഹസ്യങ്ങളുടെ ചുരുളഴിച്ച് ‘അന്വേഷണം’

പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ജയസൂര്യ, ലിയോ ലിഷോയ്, വിജയ് ബാബു, ശ്രുതി രാമചന്ദ്രൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ‘അന്വേഷണം’ ഒരു കുട്ടിയുടെ ദുരൂഹ മരണവുമായി ബന്ധപെട്ടു ഒരു ആശുപത്രിയിൽ, ഒറ്റ രാത്രി നടക്കുന്ന അന്വേഷണത്തിന്റെ കഥയാണ്.

അച്ചു എന്ന പേരുള്ള ഒരു കൊച്ചു കുട്ടിയെ ഗുരുതരമായി പരിക്കേറ്റു ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും, അതിന്റെ കാരണങ്ങളുമാണ് ചിത്രം അന്വേഷിക്കുന്നത്. കുട്ടിക്ക് ശാരീരികമായി പീഡനം ഏറ്റിട്ടുണ്ടെന്നു പോലീസിന് അജ്ഞാത വിവരം ലഭിക്കുന്നതോടെ പോലീസ് അന്വേഷണം തുടങ്ങുന്നു. അച്ചുവിന്റെ അച്ഛനായി ചിത്രത്തിൽ വേഷമിടുന്നത് ജയസൂര്യയാണ്. അരവിന്ദ് എന്ന മാധ്യമപ്രവർത്തകനായാണ് ജയസൂര്യ ചിത്രത്തിൽ എത്തുന്നത്. അരവിന്ദന്റെ ഭാര്യയായ കവിതയായി വേഷമിട്ടിരിക്കുന്നത് ശ്രുതി രാമചന്ദ്രനാണ്.

റിവ്യൂ പൂർണരൂപം ഇവിടെ വായിക്കാം: Anveshanam Movie Review and Rating: രഹസ്യങ്ങളുടെ കലവറ തുറക്കുമ്പോള്‍: ‘അന്വേഷണം’ റിവ്യൂ

‘ലില്ലി’യെന്ന തന്റെ ആദ്യ ചിത്രത്തിൽ തന്നെ മികച്ച ‘വിഷ്വലൈസർ’ ആണ് താനെന്ന് പ്രശോഭ് തെളിയിച്ചിട്ടുണ്ട്. തന്റെ രണ്ടാം ചിത്രമായ ‘അന്വേഷണ’ത്തിലും വ്യത്യസ്തമായ ഒരു ദൃശ്യാഖ്യാന ശൈലി ഒരുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പരിമിതികൾ ഉള്ള ഒരു കഥയെ തികച്ചും ത്രില്ലർ സ്വഭാവത്തിൽ നിലനിർത്താൻ പ്രശോഭിന് സാധിച്ചു.

Mariyam Vannu Vilakkoothi Review: തമാശയുടെ മാരത്തോൺ കാഴ്ചകൾ

ഒരു ഫുൾ ടൈം എന്റർടൈനറാണ് ജെനിത് കാച്ചപ്പിള്ളി എഴുതി സംവിധാനം ചെയ്യുന്ന ‘മറിയം വന്ന് വിളക്കൂതി.’ സൗഹൃദത്തിന്റെ രസങ്ങളും ആഘോഷങ്ങളും പ്രമേയമാക്കിയ കഥയില്‍ സിജു വിൽസണ്‍, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ് എന്നിവർക്കൊപ്പം മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ സേതുലക്ഷ്മി ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു.

പിറന്നാൾ ആഘോഷത്തിനു വേണ്ടി ബാല്യകാല സുഹൃത്തുക്കൾ ഒരു വാടക വീട്ടിൽ ഒത്തു കൂടുന്നതും അതിനെ തുടർന്നുണ്ടാകുന്ന അനേകം സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ഒരു മുഴുനീള രാത്രിയുടെ അനുഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഉമ്മൻ, ബാലു, അഡ്ഡു എന്നിവര്‍ ജോലി ചെയ്യുന്നത് ഒരുമിച്ചാണ്.. വളരെക്കാലങ്ങൾക്കു ശേഷം അവരുടെ ബാല്യകാല സുഹൃത്തായ റോണി മൂന്നു സുഹൃത്തുക്കളുടെ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. അലമ്പുകളുടെ രാജാവായ റോണിയിൽ നിന്നാണ് ആ ഒരു രാത്രിയുടെ കഥ തുടങ്ങുന്നത്.

റിവ്യൂ പൂർണരൂപം ഇവിടെ വായിക്കാം: Mariyam Vannu Vilakkoothi Review: തമാശയുടെ മാരത്തോൺ: മറിയം വന്നു വിളക്കൂതി റിവ്യൂ

തമാശയുടെ ഒരു മാരത്തോൺ എന്ന് വേണമെങ്കില്‍ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ത്രില്ലറിന്റെ സ്വഭാവം ഉണ്ടെങ്കിലും പൂർണമായും ഒരു ത്രില്ലറായി മാറുന്നില്ല എന്നതാണ് ‘മറിയം വന്നു വിളക്കൂതി’യുടെ ഒരു പ്രത്യേകത. ഹോളിവുഡ് കൊറിയൻ ചലച്ചിത്രങ്ങളെ ചിലപ്പോഴെങ്കിലും അനുഭവിപ്പിക്കുമ്പോഴും എണ്‍പതുകളിലെ മലയാള സിനിമാ കഥാ പരിസരങ്ങളെയും അതാവർത്തിപ്പിക്കുന്നോ എന്നു സംശയം തോന്നിയേക്കാം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Gauthamante radham anveshanam mariyam vannu vilakkoothi movie review rating