പോയ ദശാബ്ദത്തിൽ തെന്നിന്ത്യന്‍ സിനിമാ മേഖല കണ്ട ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു തൃഷയേയും ചിമ്പുവിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ഗൗതം വാസുദേവ മേനോന്‍ ഒരുക്കിയ ‘വിണ്ണൈതാണ്ടി വരുവായാ’ എന്ന ചിത്രം. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്ന കാര്യവും ഗൗതം മേനോന്‍ പ്രഖ്യാപിച്ചിരുന്നു.
Read More: എനിക്കുമുണ്ടായിരുന്നു ഒരു ജെസ്സി; നഷ്ടപ്രണയത്തെ കുറിച്ച് ഗൗതം മേനോൻ
ഗൗതം മേനോൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ടീസറാണ് ഇപ്പോൾ ചർച്ചയാകുന്നത്. ലോക്ഡൗണില്‍ ജെസ്സി കാര്‍ത്തിക്കിനെ ഫോണിൽ വിളിക്കുകയാണ്. ഇരുന്ന് എഴുതണമെന്നും ലോക്ഡൗൺ മാറി വീണ്ടും തിയേറ്ററുകൾ തുറക്കുമെന്നും ജെസ്സി കാർത്തിക്കിന് ആത്മവിശ്വാസം പകരുന്നു. നെറ്റ്ഫ്‌ളിക്സും ആമസോണും നിന്നെ തേടി വരുമെന്നും ജെസ്സി പറയുന്നുണ്ട്.
‘കാര്‍ത്തിക് ഡയല്‍ സെയ്ത യെന്‍’ എന്ന ഒരു പുതിയ ഹ്രസ്വചിത്രത്തിന്റെ ടീസറാണിത്. ഗൗതം വാസുദേവ മേനോന്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൂചനയാണോ ഇതെന്ന് വ്യക്തമല്ല. ചിത്രം ഉടനെത്തുമെന്നും കാത്തിരിക്കാനും ഗൗതം മേനോന്‍ പറയുന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ആരായിരിക്കും മുഖ്യ വേഷങ്ങളിൽ എത്തുക എന്നതിനെ കുറിച്ചും അഭ്യൂഹങ്ങളുണ്ട്. ഇടക്കാലത്ത് ചിമ്പുവുമായുള്ള ബന്ധം വഷളാകുകയും മാധവനെ നായകനാക്കി ചിത്രം ഒരുക്കുമെന്ന് ഗൗതം മേനോന്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍ ചിമ്പുവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചതിനെ തുടര്‍ന്ന് ചിത്രത്തില്‍ ചിമ്പു തന്നെയായിരിക്കും നായകന്‍ എന്ന് സംവിധായകന്‍ പ്രഖ്യാപിച്ചരുന്നു.
വിടിവി 2 എന്നാണ് ചിത്രത്തെക്കുറിച്ച് പറയുന്നത്. രണ്ടാം ഭാഗം ഒരു മള്‍ട്ടി സ്റ്റാറര്‍ ചിത്രംകൂടിയായിരിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ നാലു ഭാഷകളില്‍ നിന്നായി നാലു നായകന്മാര്‍ ഉണ്ടാകും എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിണ്ണെത്താണ്ടി വരുവായയില്‍ അവസാനിപ്പിച്ച കാര്‍ത്തിക്കിന്റെ പിന്നീടുള്ള ജീവിതമാണ് സിനിമയില്‍. കാര്‍ത്തിക് ഒരു പ്രശസ്തനായ സംവിധായകനായി മാറുകയും എന്നാല്‍ അവിവാഹിതനായി തുടരുകയുമാണ്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ വച്ച് പഴയ കൂട്ടുകാരെ കണ്ട് മുട്ടുകയും ഒരു റോഡ് ട്രിപ്പ് പോകുന്നതുമാണ് രണ്ടാം ഭാഗത്തില്‍ സംവിധായകന്‍ പറയുന്നത് എന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോർട്ടുകൾ.