കട്ടത്താടിയും കലിപ്പ് ലുക്കുമായി അല്‍ഫോന്‍സ് പുത്രന്റെ ‘പ്രേമ’ത്തില്‍ മുണ്ടുമടക്കിക്കുത്തി നിവിന്‍ പോളിയെത്തിയപ്പോള്‍ ആരും കരുതിക്കാണില്ല അതൊരു ട്രെന്‍ഡ് സെറ്ററാകുമെന്ന്. ആരാധകര്‍ മാത്രമല്ല, താരങ്ങളും നിവിന്‍ പോളിയുടെ താടി സ്‌റ്റൈല്‍ മാറ്റിയും മറിച്ചും പരീക്ഷിച്ചു നോക്കി. അരങ്ങേറ്റ ചിത്രം മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലും നിവന്‍ താടി വച്ചിരുന്നെങ്കിലും ട്രെൻഡായത് പ്രേമത്തിലെ ജോര്‍ജ്ജിന്റെ താടി തന്നെയായിരുന്നു. ഒടുവില്‍ സംവിധായകന്‍ ഗൗതം രാമചന്ദ്രനും പറഞ്ഞു താടിയുള്ള നിവിനാണ് ലുക്കെന്ന്.

പിന്നീട് സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ‘സഖാവി’ലും താടിയുള്ള നിവിനെയാണ് നമ്മള്‍ കണ്ടത്. മലയാളത്തില്‍ തുടര്‍ച്ചയായ ഹിറ്റു ചിത്രങ്ങളുടെ ഘോഷയാത്ര തീര്‍ത്ത് നിവിന്‍ തമിഴകത്തെത്തിയപ്പോഴും താടി തന്നെ ഹിറ്റ്. റിച്ചിയുടെ സംവിധായകന്‍ ഗൗതം രാമചന്ദ്രനാണ് നിവിനോട് പറഞ്ഞത് താടിയുണ്ടെങ്കിലേ നിവിനെ കാണാന്‍ ഭംഗിയാകൂ എന്ന്.

ഗൗതം പറഞ്ഞു നിവിനോട് ‘അന്ത ഏരിയാവെ കവര്‍ പണ്ണുങ്ക (താടിവച്ച് മുഖം മറയ്ക്കാന്‍)’ എന്ന്. പിന്നെ ബെല്‍റ്റും കറുത്ത ഷര്‍ട്ടും ധരിച്ചത് ജോര്‍ജ്ജിന്റെ ലുക്കില്‍ നിന്നും വ്യത്യാസം തോന്നിക്കാനാണെന്നും നിവിന്‍ പറയുന്നു.

ചിത്രത്തിലെ കഥാപാത്രത്തിന് ശബ്ദം നല്‍കുന്നതും നിവിന്‍ തന്നെയാണ്. 50 ദിവസം സമയമെടുത്താണ് നിവിന്‍ റിച്ചിക്കുവേണ്ടി ഡബ് ചെയ്തത്. ചെയ്യുന്ന കാര്യം വൃത്തിക്കു ചെയ്യണമെന്ന നിര്‍ബന്ധം തനിക്കുണ്ടെന്ന് നിവിന്‍. മറ്റൊരാളുടെ ശബ്ദം നല്‍കിയാല്‍ ചിലപ്പോള്‍ തനിക്കത് ചേരില്ലെന്നു തോന്നിയതുകൊണ്ടാണ് സമയമെടുത്തായാലും സ്വയം ഡബ് ചെയ്യാമെന്ന് തീരുമാനിച്ചതെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു. നാളെയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ