തമിഴിൽ തങ്ങളുടെ​ ആദ്യ ആന്തോളജി ചിത്രം അനൗൺസ് ചെയ്ത് നെറ്റ്ഫ്ളിക്സ്. ‘പാവ കഥൈകൾ’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ഗൗതം മേനോൻ, സുധ കൊങ്കാര, വെട്രിമാരൻ, വിഘ്‌നേഷ് ശിവൻ എന്നിവർ ചേർന്നാണ് ഇതിലെ നാലു ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. സ്നേഹം, അഭിമാനം, ബഹുമാനം എന്നിവയെല്ലാം എങ്ങനെയാണ് സങ്കീർണ്ണമായ ബന്ധങ്ങളെ സ്വാധീനിക്കുന്നത് എന്നുള്ള അന്വേഷണമാണ് ഈ നാലുചിത്രങ്ങളും.

കല്കി കൊച്ച്‌ലിൻ, പദം കുമാർ, പ്രകാശ് രാജ്, സായ് പല്ലവി, അഞ്ജലി, ഭവാനി ശ്രീ, ഗൗതം വാസുദേവ് ​​മേനോൻ, ഹരി, കാളിദാസ് ജയറാം, ശന്തനു ഭാഗ്യരാജ്, സിമ്രാൻ എന്നിവരാണ് അഭിനേതാക്കൾ. റോണി സ്ക്രൂവാലയുടെ ആർ‌എസ്‌വി‌പി മൂവിസും ആഷി ദുവ സാറയുടെ ഫ്ലൈയിംഗ് യൂണികോൺ എന്റർ‌ടൈൻ‌മെൻറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

“പ്രതിഭാധനരായ ഈ സംവിധായകർക്കൊപ്പം സങ്കീർണ്ണവും ഏറെ ബുദ്ധിമുട്ടുള്ളതുമായ ഒരു വിഷയം ആധികാരികവും സത്യസന്ധവുമായ രീതിയിൽ ആവിഷ്കരിക്കാനാണ് ശ്രമിക്കുന്നത്,” ചിത്രത്തെ കുറിച്ച് ഗൗതം മേനോൻ പ്രസ്താവനയിൽ പറഞ്ഞു.

നിരുപാധികമായ പ്രണയത്തെ കുറിച്ചാണ് ഓരോ സിനിമയും സംസാരിക്കുന്നതെന്നാണ് സുധ കൊങ്കാര പ്രതികരിച്ചത്. അതേസമയം, തനിക്ക് ചെയ്യാനാഗ്രഹമുള്ളൊരു കഥ ഇഷ്ടപ്പെടുന്ന രീതിയിൽ ആവിഷ്കരിക്കാൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് സംവിധായകൻ വെട്രിമാരൻ. മനുഷ്യബന്ധങ്ങളുടെ ഇരുണ്ടതും പലപ്പോഴും വേദനിപ്പിക്കുന്നതുമായ വശങ്ങൾ പര്യവേക്ഷണം ചെയ്യുന്നതാവും ചിത്രമെന്നും വിഘ്നേഷ് ശിവൻ അഭിപ്രായപ്പെട്ടു.

മുൻപും നെറ്റ്ഫ്ളിക്സ് ആന്തോളജി ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ലസ്റ്റ് സ്റ്റോറീസ്, ഗോസ്റ്റ് സ്റ്റോറീസ് തുടങ്ങിയ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയവയാണ്. ലസ്റ്റ് സ്റ്റോറീസിനു വേണ്ടി ബോളിവുഡ് സംവിധായകരായ അനുരാഗ് കശ്യപ്, സോയ അക്തർ, ദിബാകർ ബാനർജി, കരൺ ജോഹർ എന്നിവരും കൈകോർത്തിരുന്നു. എന്നാൽ തമിഴിൽ ഇതാദ്യമായാണ് നെറ്റ്ഫ്ളിക്സ് ഒരു ആന്തോളജി ചിത്രം നിർമ്മിക്കുന്നത്.

Read more: Putham Pudhu Kaalai: ആന്തോളജി ചിത്രവുമായി പ്രിയ സംവിധായകർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook