ആമസോൺ പ്രൈമിനു വേണ്ടി പുതിയൊരു വെബ്‌ സീരീസ് സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് പ്രശസ്ത സംവിധായകനായ ഗൗതം മേനോൻ. ദേശീയ പുരസ്കാര ജേതാവും സിനിമോട്ടോഗ്രാഫറുമായ പിസി ശ്രീറാം ആണ് വെബ് സീരിസിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. പിസി ശ്രീറാം തന്നെയാണ് തന്റെ പുതിയ പ്രൊജക്റ്റിനെ കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

“ലോക്ക്‌ഡൗൺ പൂർത്തിയായതിനു ശേഷമുള്ള എന്റെ അടുത്ത പ്രൊജക്റ്റ് ഗൗതം മേനോനു ഒപ്പമുള്ള വെബ് സീരീസ് ആയിരിക്കും. ആമസോൺ പ്രൈമിനു വേണ്ടിയുള്ളതാണ് ഇത്. കൊറോണ കാരണം വന്ന നീണ്ട ഇടവേളയ്ക്ക് ശേഷം ജോലി ആരംഭിക്കാൻ കാത്തിരിക്കുന്നു, ”
പി സി ശ്രീറാം ട്വിറ്ററിൽ കുറിച്ചതിങ്ങനെ.

‘ക്വീൻ’ എന്നൊരു വെബ് സീരീസും ഗൗതം മേനോൻ മുൻപ് എഴുതി സംവിധാനം ചെയ്തിരുന്നു. അഭിനേത്രിയും തമിഴ്‌നാട് മുൻമുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ ജീവിതത്തെയും പോരാട്ടങ്ങളെയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ വെബ് സീരീസ്. എന്നാൽ പിസി ശ്രീറാമിനെ സംബന്ധിച്ച് വെബ് സീരിസുകളുടെ ലോകം തീർത്തും പുതിയൊരു അനുഭവമാണ്.

തമിഴ്‌നാട്ടിൽ വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകളുടെ പശ്ചാത്തലത്തിൽ തമിഴ്‌നാട് സർക്കാർ ചെന്നൈ നഗരത്തിലും പരിസരപ്രദേശങ്ങളിലും 11 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ തമിഴകത്തെ സിനിമാ ചിത്രീകരണജോലികൾ എപ്പോൾ പുനരാരംഭിക്കുമെന്ന് വ്യക്തമല്ല. നിലവിൽ അയൽ സംസ്ഥാനങ്ങളായ കേരളം, കർണാടക, തെലുങ്കാന എന്നിവിടങ്ങളിലെല്ലാം നിയന്ത്രണങ്ങളോടെ സിനിമകളുടെയും ടെലിവിഷൻ ഷോകളുടെയും ചിത്രീകരണം പുനരാരംഭിച്ചിട്ടുണ്ട്.

Read more: എനിക്കുമുണ്ടായിരുന്നു ഒരു ജെസ്സി; നഷ്ടപ്രണയത്തെ കുറിച്ച് ഗൗതം മേനോൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook