ചെന്നൈ: സംവിധായകന്‍ ഗൗതം വാസുദേവ മേനോന്റെ കാര്‍ അപകടത്തില്‍പെട്ടു. വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ ചെമ്മെഞ്ചേരിയിലാണ് അപകടം നടന്നത്. പുലര്‍ച്ചെ 3.30ന് മഹാബലിപുരത്തു നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്ന ഗൗതം മേനോന്റെ മെഴ്സിഡസ് ബെന്‍സ് കാര്‍ നിയന്ത്രണം തെറ്റി ഡിവൈഡറിലിടിക്കുകയായിരുന്നു. ചെറിയ പരുക്കുകളോടെ ഗൗതം മേനോന്‍ രക്ഷപ്പെട്ടു.

മുന്നിലുണ്ടായിരുന്ന ലോറി പെട്ടെന്ന് തിരിഞ്ഞതാണ് കാറിന്റെ നിയന്ത്രണം തെറ്റിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്നവരാണ് അപകടവിവരം പൊലീസിനെ അറിയിച്ചത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.

വിക്രമിനെ നായകനാക്കിയുള്ള ചിത്രം ‘ധ്രുവനച്ചത്തിര’ത്തിന്റെ അവസാനഘട്ട ചിത്രീകരണത്തിലാണ് സംവിധായകന്‍. നാല് ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയില്‍ നിന്നുള്ള താരങ്ങളെ അണിനിരത്തി ഒരുക്കുന്ന പുതിയ ചിത്രം ‘ഒന്‍ഡ്രാക’യുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ധനുഷിനെ നായകനാക്കി ഒരുക്കുന്ന ‘എനെ നോക്കി പായും തോട്ട’ എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുകയാണ്.

കഴിഞ്ഞ സെപ്റ്റംബര്‍ 21 ന് തമിഴ് നടന്‍ ജയ്‌യുടെ കാര്‍ അപകടത്തില്‍ പെട്ടിരുന്നു. സംഭവത്തില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് നടനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗൗതം മേനോന്‍ മദ്യപിച്ചിരുന്നില്ലെന്നും അമിത വേഗത്തിലായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ