ബാലതാരമായി അഭിനയലോകത്തെത്തി പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ‘ഒരു വടക്കന്‍ സെല്‍ഫി’ എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ താരമാണ് മഞ്ജിമ മോഹന്‍. മുതിർന്ന നടൻ കാർത്തിക്കിന്റെ മകനും തമിഴ് നടനുമായ ഗൗതം കാർത്തികും താനും പ്രണയത്തിലാണെന്ന കാര്യം അടുത്തിടെയാണ് മഞ്ജിമ ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ ആരാധകരെ അറിയിച്ചത്. വിവാഹത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട് വിവാഹ തീയതി അറിയിച്ചിരിക്കുകയാണ് മഞ്ജിമയും ഗൗതമും.
നവംബർ 28നാണ് മഞ്ജിമയുടെയും ഗൗതമിന്റെയും വിവാഹം. ചെന്നൈയിലെ ഗ്രീൻ മിഡോസ് റിസോർട്ടിൽ വച്ചാണ് വിവാഹം. തീർത്തും സ്വകാര്യമായ ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുക.
‘ദേവരാട്ടം’ എന്ന സിനിമയിൽ ഗൗതം കാർത്തിക്കും മഞ്ജിമയും ഒരുമിച്ച് അഭിനയിച്ചിരുന്നു. താനാണ് ആദ്യമായി പ്രണയം പ്രകടിപ്പിച്ചതെന്ന് കാർത്തിക് പറയുന്നു. “ഇതൊരു ഗംഭീര പ്രണയകഥയല്ല. ഞാൻ ആദ്യം മഞ്ജിമയോട് വിവാഹാഭ്യർത്ഥന നടത്തി. അവളുടെ തീരുമാനം എന്നോട് പറയാൻ അവൾ രണ്ട് ദിവസമെടുത്തു. ആ രണ്ടു ദിവസം എനിക്ക് ചെറിയ പേടിയുണ്ടായിരുന്നു, പക്ഷേ അവൾ ഓക്കെ പറഞ്ഞു. ഇപ്പോൾ ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തിൽ ഞങ്ങളുടെ കുടുംബങ്ങൾ അതീവ സന്തുഷ്ടരാണ്,” ഗൗതം കാർത്തിക് പറഞ്ഞു.
“എന്റെ അച്ഛൻ എപ്പോഴും പറയാറുണ്ടായിരുന്നു, ‘നിങ്ങൾ ശരിയായ ആളെ കണ്ടുമുട്ടുമ്പോൾ നിങ്ങൾ ഒരു മനുഷ്യനാകും’. മഞ്ജിമ എനിക്ക് അതാണ്. അവൾ സുന്ദരമായ ഒരു മുഖം മാത്രമല്ല. അവൾക്ക് അതിശയകരവും ശക്തവുമായ വ്യക്തിത്വമുണ്ട്. ഞാൻ മാനസികമായി വീണുപോകുമ്പോഴെല്ലാം അവളെന്നെ എഴുന്നേൽപ്പിക്കും. ദേവരാട്ടത്തിൽ (2019) അഭിനയിക്കുമ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങൾ ഏകദേശം ഒരു വർഷത്തോളം ഒരുമിച്ച് ചെലവഴിച്ചു,” ഗൗതം കാർത്തിക് കൂട്ടിച്ചേർത്തു.
സിമ്പുവിന്റെ ഗ്യാങ്സ്റ്റർ ചിത്രമായ ‘പത്ത് തല’, ‘1947 ആഗസ്റ്റ് 16’ എന്നിവയാണ് ഗൗതമിന്റെ പുതിയ ചിത്രങ്ങൾ. വിഷ്ണു വിശാലിന്റെ ‘എഫ്‌ഐആറി’ൽ ആണ് അവസാനമായി മഞ്ജിമയെ കണ്ടത്. ‘ഒക്ടോബർ 31 ലേഡീസ് നൈറ്റ്’ ആണ് മഞ്ജിമയുടെ ഏറ്റവും പുതിയ ചിത്രം.