തമിഴ് ജനതയും സിനിമാ ലോകവും ഒരുപോലെ ഉറ്റുനോക്കുന്ന ഒന്നാണ് രജനികാന്തിന്റേയും കമല്‍ഹാസന്റേയും രാഷ്ട്രീയ പ്രവേശനം. തമിഴ്‌നാട് യാത്രയ്ക്കു മുന്നോടിയായി കഴിഞ്ഞദിവസം കമല്‍ഹാസന്‍ രജനികാന്തുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇരുവരും തമിഴ്‌നാടിന് പ്രിയപ്പെട്ടവര്‍. തമിഴ് ജനത ആര്‍ക്കൊപ്പം നില്‍ക്കും എന്നതാണ് ഇപ്പോള്‍ സംശയം. ഇതേ ചോദ്യം നടിയും കമല്‍ഹാസന്റെ പങ്കാളിയുമായിരുന്ന ഗൗതമിയോടും ചോദിച്ചു. എന്നാല്‍ തന്റെ രാഷ്ട്രീയ നയം പ്രഖ്യാപിക്കാന്‍ സമയമായിട്ടില്ല എന്നായിരുന്നു ഗൗതമിയുടെ മറുപടി.
‘തങ്ങളുടെ രാഷ്ട്രീയ നിലപാട് എന്താണെന്ന് ഇരുവരും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ തത്ക്കാലം ആരെയും പിന്തുണയ്ക്കുന്നില്ല. എന്റെ രാഷ്ട്രീയ നയം എന്തെന്നു പ്രഖ്യാപിക്കാന്‍ സമയമായിട്ടില്ല’- ഗൗതമി വ്യക്തമാക്കി.
തമിഴ്‌നാട്ടില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ നടി ഗൗതമിയോട് തിരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കും എന്ന് മാധ്യങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു ഗൗതമിയുടെ പ്രതികരണം.
ഗൗതമിയുടെ ആദ്യവിവാഹം പരാജയപ്പെട്ടതിനു ശേഷം 2005ലാണ് കമലുമായി ഒന്നിച്ചു ജീവിക്കാന്‍ ആരംഭിച്ചത്. അക്കാലത്ത് ഗൗതമി കാന്‍സര്‍ ബാധിതയായിരുന്നു. 2016 ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു.