കമൽഹാസനുമായി വേർപിരിഞ്ഞത് തന്റെ ജീവിതത്തിൽ ഏറ്റവും വേദനയോടെ എടുത്ത തീരുമാനമായിരുന്നുവെന്ന് ഗൗതമി. ഗൃഹലക്ഷ്മി മാഗസിനിൽ കെ.ഷാജിയുമായി നടത്തിയ അഭിമുഖത്തിലാണ് ഗൗതമി ഇങ്ങനെ പറഞ്ഞത്. വേർപിരിയലിന്റെ വേദന എങ്ങനെയാണ് വിശദീകരിക്കേണ്ടത്. അതിന് വാക്കുകളില്ല. ഒരേ മേൽക്കൂരയുടെ കീഴിൽ മനസ്സുകൊണ്ട് അകന്ന് ജീവിക്കുന്നതിനേക്കാൾ ഭേദമാണ് വേർപിരിയൽ. പിണക്കം, സംസാരം, പങ്കുവയ്ക്കൽ എല്ലാം ചേരുന്നതാണ് ജീവിതം. അതൊന്നുമുണ്ടാകാതെ വന്നാൽ എന്തുചെയ്യണം? ഗൗതമി അഭിമുഖത്തിൽ പറഞ്ഞു.

കമലിന്റെ മകൾ ശ്രുതി ഹാസനുമായുളള പിണക്കമാണ് വേർപിരിയലിനു കാരണമെന്ന വാർത്തകളെ ഗൗതമി നിഷേധിച്ചു. അതൊന്നുമല്ല വിഷയം. രണ്ടുപേർ ഒന്നിച്ചുനിൽക്കുന്നു. ഒരാൾ എല്ലാം നന്നായി ചെയ്യുന്നു. രണ്ടാമത്തെ ആൾ നേരെ തിരിച്ചും. അങ്ങനെയുളളവർ ഒന്നിച്ചു ജീവിക്കുന്നതിൽ ആർക്ക്, എന്ത് നേട്ടമാണുളളത്. സന്തോഷത്തോടെയും സമാധാനത്തോടെയുമുളള ജീവിതമാണ് എല്ലാ നേട്ടങ്ങളെക്കാളും വലുതെന്നും ഗൗതമി പറയുന്നു.

ബന്ധങ്ങൾ ഏതായാലും പരസ്പരം മനസിലാക്കണം. വിശ്വാസം, കരുതൽ എന്നിവയും വേണം. ഇതൊന്നുമില്ലാത്തത് ബന്ധമല്ല, ബന്ധനമാണ്. ഒരാളെ വിവാഹം കഴിച്ചതിന്റെ പേരിൽ ജീവിതകാലം മുഴുവൻ സഹിച്ച് കഴിയുന്നത് എന്ത് ജീവിതമാണ്. വാർധക്യത്തിലെത്തിയിട്ട് നന്നായി ജീവിച്ചുകളയാമെന്ന് ചിന്തിക്കുന്നതിലും പറയുന്നതിലും എന്തെങ്കിലും അർഥമുണ്ടോ? ജീവിതം ഒന്നേയുളളു. അത് നന്നായി ജീവിക്കണമെന്നും അഭിമുഖത്തിൽ ഗൗതമി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook