അന്തരിച്ച ക്യാൻസർ ചികിത്സാ വിദഗ്ധ ഡോക്ടർ വി ശാന്തയ്ക്ക് ആദരാഞ്ജലികളർപ്പിച്ച് തെന്നിന്ത്യൻ നടി ഗൗതമി. സാധാരണക്കാർ താങ്ങാനാവുന്ന ചിലവിൽ കാൻസർ ചികിത്സ ലഭ്യമാക്കാൻ വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയും മനുഷ്യസ്നേഹിയുമായിരുന്നു ഡോക്ടർ ശാന്തയെന്ന് ഗൗതമി പറയുന്നു.

“ഡോക്ടർ ശാന്ത, താങ്ങാനാവുന്ന ചെലവിലുള്ള കാൻസർ പരിചരണത്തിനായുള്ള പോരാട്ടത്തിന് തുടക്കം കുറിച്ചയാൾ, ഒരു യഥാർത്ഥ മനുഷ്യസ്‌നേഹി. നിസ്വാർത്ഥവും ഏകമനസ്സോടെയുമുള്ള അർപ്പണമനോഭാവം പുലർത്തിയ അവർ ബാക്കിവയ്ക്കുന്ന ഐതിഹാസിക പാരമ്പര്യം വരും തലമുറകളെ പ്രചോദിപ്പിക്കും. അവർക്കൊപ്പമുണ്ടാവാൻ സാധിച്ചത് ഒരു ബഹുമതിയായി കാണുന്നു,” ഗൗതമി ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.

 

View this post on Instagram

 

A post shared by Gautami Tadimalla (@gautamitads)

ക്യാൻസർ പരിചരണരംഗത്തെ വിദഗ്ധയും അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവിയും മുതിർന്ന ഗൈനക്കോളജിസ്റ്റുമായ ഡോക്ടർ വി ശാന്ത ചൊവ്വാഴ്ച പുലർച്ചെ 3.55ഓടെയാണ് മരണപ്പെട്ടത്.

Also Read: ‘ഇതാണ് ഞങ്ങൾ, ലളിതം സുന്ദരം’; ചിത്രം പങ്കുവച്ച് മഞ്ജു വാര്യർ

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഡോക്ടർ ശാന്തയെ തിങ്കളാഴ്ച ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രക്തക്കുഴലിൽ ബ്ലോക്കുള്ളതായി കണ്ടെത്തി ചികിത്സ നൽകിയെങ്കിലും ചൊവ്വാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. ഡോ. ശാന്തയെ പോലീസ് ബഹുമതികളോടെ സംസ്‌കരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പ്രഖ്യാപിച്ചിട്ടുണ്ട്.

ആറ് പതിറ്റാണ്ട് മുമ്പ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു റസിഡന്റ് മെഡിക്കൽ ഓഫീസറായാണ് ഡോ. ശാന്ത ജോലിയിൽ പ്രവേശിച്ചത്. 1927 ൽ ജനിച്ച അവർ 1949 ലാണ് മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയത്. 1954 ൽ അവർ അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. വൈദ്യശാസ്ത്രത്തിൽ പിജി പൂർത്തിയാക്കിയ ശേഷം 1955 ൽ റസിഡന്റ് മെഡിക്കൽ ഓഫീസർ ആയി ചുമതലയേറ്റു. 1960 കളിൽ ടൊറന്റോയിലും യുകെയിലും നിന്ന് കാൻസർ പരിചരണത്തിൽ പരിശീലനം നേടിയിരുന്നു.

Also Read: ‘കാഴ്ച കുറഞ്ഞു, ഉറങ്ങുമ്പോൾ ശ്വാസ തടസ്സം’ കോവിഡ് അനുഭവം പങ്കുവച്ച് സാനിയ ഇയ്യപ്പൻ

പത്മശ്രീ (1986), പത്മ ഭൂഷൺ (2006), മഗ്സെസെ അവാർഡ് (2005) തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഡോ. ശാന്ത നേടിയിട്ടുണ്ട്.

ഡോ. വി ശാന്തയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും അനുശോചിച്ചു. “താങ്ങാവുന്ന ചെലവിൽ മികച്ച കാൻസർ ചികിത്സ രോഗികൾക്ക് ലഭ്യമാക്കുന്നതിന് ജീവിതം മുഴുവൻ പോരാടിയ ഡോക്ടറും ഗവേഷകയുമായിരുന്നു ഡോ. ശാന്ത. കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കും വേണ്ടി അവർ നിരന്തരം നടത്തിയ പഠനങ്ങളും ഗവേഷണങ്ങളും ലോകമാകെ ശ്രദ്ധിക്കപ്പെട്ടു. കാൻസർ ചികിത്സയിൽ അർപ്പണബോധമുള്ള വിദഗ്ധരെയും ശാസ്ത്രജ്ഞരെയും വളർത്തിയെടുക്കുന്നതിലും ഡോ. ശാന്തയുടെ പങ്ക് മഹത്തരമാണ്,” മുഖ്യമന്ത്രി പറഞ്ഞു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook