തെന്നിന്ത്യന്‍ സിനിമാ ലോകം ആകാംശയോടെ കാത്തിരുന്ന താര വിവാഹമാണ് നയന്‍താര- വിഘ്നേഷ് എന്നിവരുടേത്. ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം ജൂണ്‍ 9 നാണ് വിഘ്നേഷ് നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഗൗതം മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഒരു വിവാഹ ഡോക്ക്യുമെന്ററി റിലീസ് ചെയ്യുമെന്നു വിവാഹ ശേഷം പ്രഖ്യാപിച്ചിരുന്നു. നെറ്റ്ഫ്ളിക്സ് ഇതിന്റെ പകര്‍പ്പവകാശവും നേടിയിരുന്നു.
സംവിധായകന് ഗൗതം മേനോന് നയന്‍താരയുടെ വിവാഹ വീഡിയോയിനെ പറ്റി പറയുന്ന വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.നയന്‍താരയുടെ വിവാഹ വിഡിയോയല്ല മറിച്ച് അവരുടെ ജീവിതത്തെക്കുറിച്ചാണ് പറയുന്നതെന്നാണ് ഗൗതം മേനോന് പിങ്കവില്ലയ്ക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്. ‘ നയന്‍താരയുടെ ചെറുപ്പം മുതലുളള കാര്യങ്ങള്‍ നിങ്ങള്‍ക്കു ആ വീഡിയോയില്‍ കാണാനാകും. അവരുടെ ഒരുപ്പാട് കുട്ടിക്കാല ചിത്രങ്ങളും അതില്‍ ഉള്‍പ്പെടുന്നുണ്ട്’ ഗൗതം മേനോന് പറഞ്ഞു.
‘നയന്‍താര- ബിയോണ്‍ഡ് ദി ഫെയറിടെയില്‍’ എന്നാണ് ഡോക്യുമെന്ററിയ്ക്കു നല്‍കിയിരിക്കുന്ന പേര്.
മലയാളത്തിൽ നിന്നും തമിഴകത്തെത്തിയ ഒട്ടേറെ നടികളുണ്ടെങ്കിലും നയന്‍താരയോളം തമിഴകം ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച മറ്റാരെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. ‘ലേഡി സൂപ്പർ സ്റ്റാർ’ എന്നാണ് തമിഴ് മക്കൾ നയൻതാരയെ വിളിക്കുന്നത്, ഇടയ്ക്ക് സ്നേഹത്തോടെ ‘നയന്‍സ്’ എന്നും. നയൻസിന്റെ അഭിനയ മികവും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുമാണ് താരത്തിന്റെ ഈ ജനപ്രീതിയ്ക്കടിസ്ഥാനം.
ബോക്സ്ഓഫീസ് വിജയങ്ങള്‍ കൊയ്തെടുക്കുമ്പോഴും വ്യത്യസ്തമായ സിനിമകള്‍ക്ക് കൈകൊടുക്കാന്‍ മറന്നില്ല എന്നതാണ് നയന്‍താരയുടെ വിജയ രഹസ്യം. തെന്നിന്ത്യയില്‍ ഇന്ന് ഒരു നടിക്ക് ഒരു സിനിമയെ മുഴുവനായി ചുമലിലേറ്റാന്‍ കഴിയുമെങ്കില്‍ അത് നയന്‍താരയ്ക്ക് മാത്രമാണ്. തോല്‍വികള്‍ ഉണ്ടായില്ല എന്നല്ല, തോൽവികളെ അവര്‍ എങ്ങനെ മറികടന്നു എന്നതാണ് നയന്‍താരയെ സംബന്ധിച്ച് ശ്രദ്ധേയമായ വിഷയം.