വിദ്യാർത്ഥിക്ക് സഹായഹസ്തവുമായി എം എൽ എയും നടനുമായ ഗണേഷ് കുമാർ. പഠിക്കാനുള്ള സൗകര്യങ്ങൾ ഇല്ലാത്തതു മൂലം ബുദ്ധിമുട്ടുന്ന വിദ്യാർത്ഥിക്ക് സഹായമൊരുക്കുകയാണ് താരം. കുട്ടിയെ ചേർത്തുപിടിച്ച് പഠിക്കാനുള്ള എല്ലാം സൗകര്യങ്ങളും ചെയ്തു തരുമെന്ന് പറയുകയാണ് ഗണേഷ് കുമാർ. ഇതു കേട്ട് സന്തോഷത്തോടെ പൊട്ടികരയുന്ന കുട്ടിയെ വീഡിയോയിൽ കാണാം.
“എനിക്ക് മൂന്നു മക്കളാണ്, നാലാമത്തെ മകനായി ഞാൻ ഇവനെ കാണും. ഇവൻ പഠിച്ച് വലിയ ആളാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്റെ സ്വപ്നം ഇവനൊരു സിവിൽ സർവീസ് ഉദ്യോഗസ്ഥനാകണമെന്നതാണ്” ഗണേഷ് കുമാർ പറയുന്നു. പഠിക്കാനുള്ള സൗകര്യം മാത്രമല്ല വീടും നിർമിച്ചു നൽകുമെന്ന് ഗണേഷ് പറഞ്ഞു. അതിനുവേണ്ടിയുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.
ലൈഫ് പദ്ധിതിയിലൂടെയും മറ്റു പദ്ധതികളിലൂടെയും വീട് ലഭിക്കാൻ സാധ്യതയില്ലാത്ത അനവധി ആളുകൾക്ക് ഇതിനോടകം വീട് വച്ചു നൽകിയിട്ടുണ്ടെന്ന് ഗണേഷ് പറയുന്നു. നിരവധി സംഘടനകളുടെ സഹായത്തോടെയാണ് ഇത് നടപ്പിലാക്കാൻ സാധിച്ചതെന്നും വീഡിയോയിൽ പറയുന്നുണ്ട്.
ഗണേഷിനു അഭിനന്ദനവുമായി സോഷ്യൽ മീഡിയയും എത്തി. ഇതുപൊലെയുള്ള പൊതുപ്രവർത്തകരെയാണ് നാടിനു വേണ്ടതെന്നാണ് കമന്റുകളിൽ നിറയുന്നത്.