മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്സ് (എ എം എം എ) ഇന്ന് കൊച്ചിയിൽ സംഘടിപ്പിച്ച എക്സിക്യൂട്ടിവ് കമ്മിറ്റി ഡബ്ല്യുസിസി ഉന്നയിച്ച ആഭ്യന്തര പരിഹാര സെൽ സംബന്ധിച്ച കാര്യങ്ങളൊന്നും ചർച്ച ചെയ്യാതെ പിരിഞ്ഞു.

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി എ എം എം എ അബുദാബിയില്‍ നടത്താനിരിക്കുന്ന ഷോയെക്കുറിച്ചാണ് യോഗം ഇന്ന് ചർച്ച ചെയ്തതെന്ന് മീറ്റിംഗിന് ശേഷം എഎംഎംഎ പ്രസിഡന്റ് മോഹൻലാൽ മാധ്യമങ്ങളോടു സംസാരിച്ചു. യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിച്ച എഎംഎംഎയുടെ ട്രഷറർ ജഗദീഷും വൈസ് സെക്രട്ടറി ഗണേശ് കുമാറും ഇന്റര്‍നല്‍ കംപ്ലൈന്‍റസ് കമ്മിറ്റി സംബന്ധിച്ച കാര്യങ്ങൾ നിയമപരമായി തന്നെ പിന്തുടരാനാണ് സംഘടനയുടെ തീരുമാനമെന്നാണ് പ്രതികരിച്ചത്.

” റീബീൽറ്റ് കേരള ഷോയുടെ സംഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇന്നത്തെ യോഗം പ്രധാനമായും ചർച്ച ചെയ്തത്. ഷോയുടെ റിഹേഴ്സൽ 28-ാം തിയ്യതി തുടങ്ങും, 7-ാം തിയ്യതി അബുദാബിയിൽ വെച്ചാണ് ഷോ. അല്ലാതെ മറ്റു കാര്യങ്ങളൊന്നും ഇന്നു ചർച്ചയ്ക്ക് വന്നിട്ടില്ല. രാജിവെച്ച അംഗങ്ങളെ തിരിച്ചെടുക്കുന്ന കാര്യത്തിൽ പ്രസിഡന്റ് വ്യക്തമായ മറുപടി പറഞ്ഞല്ലോ. പിന്നെ, കംപ്ലെയിന്റ് കമ്മറ്റിയുടെ കാര്യം, നിയമപരമായ കാര്യങ്ങളെല്ലാം ഫോളോ ചെയ്യാനാണ് തീരുമാനം,” ജഗദീഷ് പറഞ്ഞു.

എ എം എം​ എയില്‍ ഇന്റര്‍നല്‍ കംപ്ലൈന്‍റസ് കമ്മിറ്റി വേണം എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരമാര്‍ശിച്ചു വിമന്‍ ഇന്‍ സിനിമാ കളക്റ്റിവ് (ഡബ്ല്യുസിസി) ഹൈക്കോടതിയിൽ നൽകിയ ഹർജിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ എഎംഎംഎ അഡ്വക്കേറ്റിനെ നിയോഗിച്ചിട്ടുണ്ടെന്നും പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അഡ്വക്കേറ്റ് കോടതിയിൽ അറിയിച്ചുകൊള്ളുമെന്നുമായിരുന്നു ഗണേശ് കുമാറിന്റെ പ്രതികരണം.

Read ALso:എ എം എം എ യോഗത്തില്‍ ഡബ്ല്യു സി സി പരാതികള്‍ വിഷയമായില്ല: മോഹന്‍ലാല്‍

” ഇന്റര്‍നല്‍ കംപ്ലൈന്‍റസ് കമ്മിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങൾ ഒരു വക്കീലിനെ വച്ചിട്ടുണ്ട്. വക്കീൽ കാര്യങ്ങൾ പഠിച്ച് കോടതിയ്ക്ക് മറുപടി നൽകും. ഞങ്ങൾക്ക് മാത്രമല്ല എല്ലാ സംഘടനകൾക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്,” ഗണേഷ് കുമാർ പറയുന്നു.

സിനിമാ മേഖലയില്‍ വനിതകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങളുടെ പരാതികള്‍ പരിഗണിക്കാന്‍ താരസംഘടനയായ എ എം എം എയില്‍ പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.  കമ്മിറ്റി രൂപീകരിക്കാന്‍ എ എം എം യ്ക്ക് ബാദ്ധ്യതയുണ്ടെന്ന് പ്രഖ്യാപിക്കണമെന്നും സംഘടനയ്ക്കു നിര്‍ദ്ദേശം നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നുമാണ് ഡബ്ല്യുസിസി പ്രസിഡന്റ് കൂടിയായ നടി റിമ കല്ലിങ്കലും പത്മപ്രിയയും നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.  ഡബ്ല്യുസിസിയുടെ പൊതു താത്പര്യ ഹര്‍ജി പരിഗണിച്ച ഹൈകോടതി വേണ്ട നടപടി കൈക്കൊള്ളാന്‍ എ എം എം യ്ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

തുടര്‍ന്ന്, സിനിമാ മേഖലയിലെ എല്ലാ സംഘടനകളേയും ചേര്‍ത്ത് ഡബ്ല്യുസിസി ഇതേ വിഷയത്തില്‍ ഒരു ഹര്‍ജി കൂടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.  എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഫെഫ്ക, മാക്ട, ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ സാവകാശം തേടിയ സാഹചര്യത്തില്‍ ഹര്‍ജി പരിഗണിക്കുന്നത്  ഈ മാസം 26ലേക്ക് മാറ്റി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ