Ganagandharvan Movie Review: ഗാനഗന്ധർവ്വൻ എന്നു കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ആദ്യമോടിയെത്തുന്ന മുഖം കെ ജെ യേശുദാസിന്റേതാവും. മറ്റൊരു ‘ഗാനഗന്ധർവ്വനെ’ കൂടി പ്രേക്ഷകർക്കു മുന്നിലേക്ക് പരിചയപ്പെടുത്തുകയാണ് രമേഷ് പിഷാരടി. രമേഷ് പിഷാരടിയുടെ രണ്ടാമത്തെ സംവിധാനസംരംഭം ‘ഗാനഗന്ധർവ്വൻ’ ഇന്ന് തിയേറ്ററുകളിലെത്തി.

പേരിൽ ഗാനഗന്ധർവ്വൻ എന്നുണ്ടെങ്കിലും സംഗീതവുമായി ബന്ധപ്പെട്ട് മാത്രം നിൽക്കുന്ന കഥയല്ല ‘ഗാനഗന്ധർവ്വൻ’ പറയുന്നത്. ഗാനമേളകളിൽ പാടി ജീവിക്കുന്ന കലാസദൻ ഉല്ലാസ് എന്ന പാട്ടുകാരന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളും സാമൂഹ്യപ്രശ്നങ്ങളുമെല്ലാം പറഞ്ഞുകൊണ്ടാണ് ‘ഗാനഗന്ധർവ്വന്റെ’ കഥ വികസിക്കുന്നത്.

26 വർഷത്തോളമായി കേരളത്തിലെ ഉത്സവപറമ്പുകളിലും ആഘോഷവേദികളിലുമൊക്കെ തന്റെ ട്രൂപ്പിനൊപ്പം പരിപാടികൾ നടത്തി ജീവിക്കുന്ന ഒരു ശരാശരി പാട്ടുകാരനാണ് കലാസദൻ ഉല്ലാസ്. തമിഴ് പാട്ടുകൾ ആണ് ഉല്ലാസിന്റെ ഹിറ്റ് നമ്പറുകൾ. ‘ഇളമെയ് ഇതോ ഇതോ’, ‘ഝടുതി’ പോലുള്ള പൊളി പാട്ടുകൾ പാടി ഉത്സവപറമ്പുകളിൽ ഓളം തീർക്കുന്ന ഗായകൻ. അതിനപ്പുറത്തേക്ക് ജീവിതത്തിൽ എടുത്തുപറയാൻ വലിയ വിജയങ്ങളൊന്നും അയാൾക്കില്ല.

ഒരു ഉത്സവപറമ്പിൽ പാടി കൊണ്ടിരിക്കുന്ന ഉല്ലാസിനെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോവുന്നു. ഒറ്റനോട്ടത്തിൽ നിരപരാധിയെന്നു തോന്നുന്ന ഉല്ലാസിനെ എന്തിനാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ആ ആകാംക്ഷയോടെയാണ് സിനിമ ആരംഭിക്കുന്നത്. ഉല്ലാസിന്റെ ജീവിതപരിസരങ്ങളും കുടുംബപശ്ചാത്തലവും രസകരമായി തന്നെ അവതരിപ്പിക്കുന്നുണ്ട് ചിത്രം. ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് ചിത്രം പുരോഗമിക്കുന്നത്. രമേഷ് പിഷാരടിയും ഹരി പി നായരുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വർഷങ്ങളോളം ട്രൂപ്പുകൾക്കൊപ്പം സഞ്ചരിച്ചതിന്റെ അനുഭവപരിചയം രമേഷ് പിഷാരടിയുടെ എഴുത്തിന് ഗുണം ചെയ്തിട്ടുണ്ട്. സ്റ്റേജ് പ്രോഗ്രാമുകളുടെ അന്തരീക്ഷമൊക്കെ അതിശയോക്തി ഇല്ലാതെയാണ് ചിത്രം അവതരിപ്പിക്കുന്നത്.

വലിയ ട്വിസ്റ്റുകളൊന്നുമില്ലാതെ ലീനിയർ രീതിയിലായാണ് കഥ പറഞ്ഞു പോവുന്നത്. ആദ്യപകുതിയുടെ രസച്ചരട് നിലനിർത്താൻ രണ്ടാം പകുതിയ്ക്ക് കഴിയുന്നില്ലെന്നതാണ് ചിത്രത്തിന്റെ ഒരു പോരായ്മയായി തോന്നിയത്. അനാവശ്യമായ ഇഴച്ചിലും പ്രവചനാതീതമായ കഥാഗതിയും രസംകൊല്ലിയാവുന്നുണ്ട്.

മമ്മൂട്ടിയുടെ ഉല്ലാസ് തന്നെയാണ് ചിത്രത്തിന്റെ കേന്ദ്രബിന്ദു. എന്നാൽ അതിമാനുഷിക കുപ്പായങ്ങളൊന്നുമില്ലാത്ത, സാധാരണക്കാരനിൽ സാധാരണക്കാരനായ ഒരു കഥാപാത്രമാണ് ഇവിടെ ഉല്ലാസ്. മമ്മൂട്ടി തന്നെ അനായാസമായി അവതരിപ്പിച്ച ചില കഥാപാത്രങ്ങളുടെ തുടർച്ച ഉല്ലാസിലും കാണാം. മമ്മൂട്ടിയെ സംബന്ധിച്ച് ഒട്ടും ചലഞ്ചിംഗ് ആയ കഥാപാത്രമല്ല ഉല്ലാസ്. അപ്രതീക്ഷിതമായ ചില പ്രശ്നങ്ങളിൽ പെട്ട് ഉല്ലാസ് കടന്നു പോവുന്ന ആന്തരിക സംഘർഷങ്ങളെ ആവിഷ്കരിക്കുന്നിടത്താണ് മമ്മൂട്ടിയിലെ നടനെ ചിത്രം കുറച്ചെങ്കിലും ഉപയോഗപ്പെടുത്തുന്നത്.

വന്ദിത മനോഹരൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. മനോജ് കെ ജയൻ, സുരേഷ് കൃഷ്ണ, മോഹൻ ജോസ്, കുഞ്ചൻ, മുകേഷ്, മണിയൻപിള്ള രാജു, ഇന്നസെന്റ്, ജോണി ആന്റണി, സുനിൽ സുഗദ, രാജേഷ് ശർമ, ദേവൻ, റാഫി, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, കൊച്ചു പ്രേമൻ, അബു സലീം തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. സിതാര കൃഷ്ണകുമാർ, അനൂപ് മേനോൻ എന്നിവരും അതിഥിവേഷത്തിലുണ്ട്.

അഭിനേതാക്കളുടെ പ്രകടനവും പാട്ടുകളുമാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ്. ഗാനഗന്ധര്‍വന് സംഗീതമൊരുക്കിയിരിക്കുന്നത് ദീപക് ദേവാണ്. അഴകപ്പന്‍ ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്‍വന്റെ നിര്‍മാണം ശ്രീലക്ഷ്മി, ശങ്കര്‍ രാജ്, സൗമ്യ രമേഷ് എന്നിവര്‍ ചേര്‍ന്നാണ്. കഥയിലോ അവതരണത്തിലോ വലിയ പുതുമയൊന്നും ‘ഗാനഗന്ധർവ്വന്’ അവകാശപ്പെടാനില്ല. വലിയ ബോറടിയില്ലാതെ കണ്ടിരിക്കാവുന്ന ഒരു ആവറേജ് ചിത്രമെന്നെ ‘ഗാനഗന്ധർവ്വനെ’ വിശേഷിപ്പിക്കാൻ ആവൂ.

Read more: മമ്മൂട്ടി ആരാധകർക്ക് രമേഷ് പിഷാരടി കാത്തുവച്ച സർപ്രൈസ് ഇതായിരുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook