Mammootty Ganagandharvan Release: മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ‘ഗാനഗന്ധർവ്വ’ന്റെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. ചിത്രത്തിന്റെ പൂജ ഇന്ന് കൊച്ചിയില്‍ നടന്നു.
കട്ട ഗ്ലാമറിലാണ് മമ്മൂട്ടി ചടങ്ങിനെത്തിയത്. മുണ്ടും ഗ്രേ നിറത്തിലുള്ള ഷർട്ടും കൂളിംഗ് ഗ്ലാസ്സുമണിഞ്ഞെത്തിയ മമ്മൂട്ടി തന്നെയായിരുന്നു പൂജാ ചടങ്ങിന്റെ ശ്രദ്ധാകേന്ദ്രം. ‘
മമ്മൂട്ടിയെ കൂടാതെ, നടന്‍ മുകേഷ്, നിര്‍മ്മാതാവ് ആന്റോ ജോസഫ്, സംവിധായകന്‍ രമേശ് പിഷാരടി, സംഗീത സംവിധായകന്‍ ദീപക് ദേവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മെഗാസ്റ്റാര്‍ തന്നെയാണ് വിളക്ക് കൊളുത്തി ‘ഗാനഗന്ധര്‍വ്വന്’ തുടക്കം കുറിച്ചത്.
Read More: മമ്മൂട്ടിയുടെ ‘ഗാനഗന്ധര്‍വ്വന്’ തുടക്കമായി
ഗാനമേള പാട്ടുകാരനായ കലാസദൻ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് ‘ഗാനഗന്ധർവ്വനി’ൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. പുതുമുഖം വന്ദിതയാണ് ചിത്രത്തിലെ നായിക. രമേഷ് പിഷാരടിയും ഹരി .പി നായരും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
മുകേഷ് , ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, മനോജ് കെ ജയൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, കുഞ്ചൻ, അശോകൻ, സുനിൽ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അഴകപ്പൻ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിoഗും നിർവഹിക്കുന്ന ഗാനഗന്ധർവ്വന് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ്. ഇച്ചായീസ് പ്രൊഡക്ഷൻസും രമേഷ് പിഷാരടി എന്റർടൈൻമെൻറ്സും ചേർന്നൊരുക്കുന്ന ഗാനഗന്ധർവ്വന്റെ നിർമാണം ശ്രീലക്ഷ്മി, ശങ്കർ രാജ്, സൗമ്യ രമേഷ് എന്നിവർ ചേർന്നാണ് നിർവ്വഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ വിതരണം നിർവ്വഹിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും വേറിട്ട ടീസറും നേരത്തേ തന്നെ റിലീസ് ചെയ്തിരുന്നു. മമ്മൂട്ടിയുടെ വൈവിധ്യം നിറഞ്ഞ കഥാപാത്രങ്ങൾ കണ്ടു വളരുന്ന ഒരു കുട്ടിയുടെ ജീവിതമാണ് ടീസറിൽ ആവിഷ്കരിച്ചിരിക്കുന്നത്. മമ്മൂട്ടി എന്ന അഭിനയപ്രതിഭയുടെ കരിയറിലെ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ ഓർമ്മപ്പെടുത്തുന്നുണ്ട് ടീസർ.
“കഥാപാത്ര വൈവിധ്യങ്ങളിലൂടെ മൂന്നര പതിറ്റാണ്ടുകളിൽ അധികമായി ഇന്ത്യന്‍ സിനിമയുടെ അത്ഭുതം, മലയാളികളുടെ അഭിമാനം, എന്നെയും നിങ്ങളെയും ഒരുപോലെ വിസ്മയിപ്പിച്ച പത്മശ്രീ ഭരത് മമ്മൂട്ടി. നമ്മുടെ സ്വന്തം മമ്മൂക്കയുമായി ഒത്തുചേര്‍ന്ന് ഒരു സിനിമ. ഗാനമേള വേളകളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന കലാസദന്‍ ഉല്ലാസായി മമ്മൂക്ക വേഷമിടുമ്പോള്‍ ആ ചെറിയ ജീവിതത്തിലെ രസങ്ങളും നീരസങ്ങളും 2019ല്‍ നിങ്ങളുടെ മുന്നില്‍ എത്തുന്നു. സ്‌നേഹത്തോടെ കൂട്ടുകാര്‍ അയാളെ വിളിക്കുന്നു ഗാനഗന്ധര്‍വ്വന്‍” എന്ന ഡയലോഗോടെയാണ് രമേഷ് പിഷാരടി തന്റെ പുതിയ സിനിമയിലെ മമ്മൂക്കയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്.
നടനും മിമിക്രി താരവും അവതാരകനുമായ രമേഷ് പിഷാരടി ആദ്യമായി സംവിധായകനായത് ‘പഞ്ചവര്‍ണ്ണതത്ത’ എന്ന ചിത്രത്തിലൂടെയായിരുന്നു. ജയറാമും കുഞ്ചാക്കോ ബോബനും മുഖ്യ കഥാപാത്രങ്ങളായെത്തുന്ന സിനിമയിൽ ഗംഭീരമായ മേക്കോവറിലാണ് ജയറാം എത്തിയത്.
അനുശ്രീ, ധർമജൻ, സലിം കുമാർ, കുഞ്ചൻ എന്നിവരും ചിത്രത്തിൽ അണിനിരന്നു. രമേഷ് പിഷാരടിയും ഹരി പി നായരും ചേർന്ന് തിരക്കഥയൊരുക്കിയ ‘പഞ്ചവർണ്ണതത്ത’യുടെ നിർമ്മാതാവ് മണിയന്‍ പിള്ള രാജുവായിരുന്നു.