Game of Thrones, Season 8: പുസ്തകങ്ങളിലും സിനിമയിലും ഏറെ താത്പര്യമുണ്ടായിട്ടും ‘ഗെയിം ഓഫ് ത്രോൺസി’ലേക്ക് എത്തിയത് കുറച്ചു വൈകിയാണ്. ലോകമൊട്ടുക്കും ഉള്ള സിനിമാ-ടിവി സ്നേഹികള്‍ നെഞ്ചേറ്റിയ പരമ്പര കണ്ടിട്ടില്ലാത്തവരുടെ ഒരു ശതമാനത്തിൽ സ്വന്തം അധ്യാപികയും ഉൾപ്പെടും എന്നു മനസ്സിലാക്കി അതിലേക്ക് നയിച്ചത് പഠിപ്പിച്ചിരുന്ന വിദ്യാര്‍ഥികളായിരുന്നു. ഏഴ് സീസണും കണ്ടു തീർത്തത് ഒറ്റയിരുപ്പിനാണ് .

സാധാരണ പ്രേക്ഷകന് ഉൾക്കൊള്ളാനും അംഗീകരിക്കാനും സാധിക്കാത്ത പല പ്രതിപാദ്യങ്ങളും കലർന്ന മധ്യകാലഘട്ടത്തെ രക്തമയമാർന്ന നാടകീയത, ഉഗ്വേദജനകമായ കഥ, വ്യവസ്ഥാനുരൂപമായ കഥാകഥനം, അതിവിശിഷ്ടമായ സ്വഭാവചിത്രണം, അമ്പരപ്പിക്കുന്ന ട്വിസ്റ്റുകൾ, മികച്ച ഡയലോഗുകൾ, ഹോളീവുഡ് സിനിമകളെ ബഹുദൂരം പിന്നിലാക്കിയിരിക്കുന്ന ആശ്ചര്യജനകമായ സാങ്കേതിക മികവ് എന്നിവയെല്ലാം നിറഞ്ഞ ‘ഗെയിം ഓഫ് ത്രോൺസ്’ ഒരു അഡിക്ഷന്‍ ആയി മാറാന്‍ അധിക നേരം വേണ്ടി വന്നില്ല. മിനി സ്ക്രീനിലെ മഹാത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന, പ്രേക്ഷക-നിരൂപകപ്രശംസകള്‍ കൊണ്ടും, കാണികളുടെ എണ്ണം കൊണ്ടും ചരിത്രം സൃഷ്ടിച്ച, സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഈ പരമ്പര ജീവിതത്തിന്റെ, കാഴ്ചകളുടെ ഭാഗം തന്നെയായി മാറുകയായിരുന്നു പിന്നീട്.

പീറ്റർ ഡിങ്ക്ലേജ്, ഷോൺ ബീൻ, എമിലിയ ക്ലാർക്ക്, കിറ്റ് ഹാരിങ്ടൺ, നിക്കോളായ് കോസ്റ്റർ-വാൽഡൗ, ലെന ഹാഡി, സോഫി ടർണർ, മെയ്സി വില്യംസ്, എയ്ഡൻ ഗില്ലെൻ, ജെയിംസ് കോസ്മോ, ജോൺ ബ്രാഡ്ലി എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്ന ‘ഗെയിം ഓഫ് ത്രോൺസിന്റെ ഒരു പ്രത്യേകത അതിലെ കഥാപാത്രങ്ങൾ എല്ലാം ഒരേ സമയം ശക്തരും ദൗർബല്യരുമാണ് എന്നതാണ്. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് അധികാരമേറ്റ ഇവരിൽ സർവശ്രേഷ്ഠര്‍ എന്ന് തോന്നിപ്പിക്കുന്നവര്‍ക്ക് കുറവുകളും, നികൃഷ്ടമായവരിൽ സൽഗുണങ്ങളും കാണുവാൻ സാധിക്കും. അതികാരമോഹവും പ്രതികാരതത്പരതയും പ്രണയവും ചതിയും കലർന്ന മള്‍ട്ടി ലേയേര്‍ഡ്‌ ആയ സംഭവ വികാസങ്ങള്‍ ഇതിലുണ്ട്.

‘ഹാരി പോട്ടർ’ സീരീസ്, മന്ത്രങ്ങളിലൂടെയും ഇന്ദ്രജാലത്തിലൂടെയും പ്രേക്ഷക ഹൃദയം കവർന്നപ്പോൾ, ‘ഗെയിം ഓഫ് ത്രോൺസ്’ തീ തുപ്പുന്ന ഡ്രാഗൺ, അതിമാനുഷിക കഥാപാത്രങ്ങൾ, ഐതിഹാസികമായ യുദ്ധങ്ങൾ, ആകാംഷാഭരിതമായ പര്യവസാനം എന്നിവ കൊണ്ട് ഏതൊരു പരമ്പരയെയും പിന്നിലാക്കുന്നു. ലൈംഗികതയും, ഇൻസെസ്റ്റും, നഗ്നതയും, അക്രമവും, ഞെട്ടിപ്പിക്കുന്ന മരണങ്ങളും, നിഷിദ്ധ വിഷയങ്ങളുടെ ചിത്രണവും ഈ പരമ്പരയെ കുപ്രസിദ്ധമാക്കുന്നുമുണ്ട്. മറയ്ക്കപ്പെട്ട അനേകം അന്തർഗതങ്ങൾ ഒരു കടംകഥ പോലെ അവയെ അനാവൃതമാക്കുന്ന പ്രതീകങ്ങളും സംഭാഷണങ്ങളും – ഇവയും കൂടിയാണ് ‘ഗെയിം ഓഫ് ത്രോൺസ്’.

ഹൃദയഭേദകമായ നിമിഷങ്ങൾ നെഡ് സ്റ്റാർകിന്റെ ശിരച്ഛേദത്തിൽ നിന്നാരംഭിച്ച്, റെഡ് വെഡ്ഡിങിലൂടെയും ജോൺ സ്നോയോടുള്ള വഞ്ചനയിലൂടെയും കടന്ന്, വിസേറിയൺ എന്ന ഡ്രാഗൺ നൈറ്ട് കിങ്ങിന്റെ സൈന്യത്തിൽ അകപ്പെടുന്നതു വരെയെത്തി നിൽക്കുന്നു. ഡനേറിസ് ടാർഗറിയെൻ (Breaker of Chains and Mother of Dragons) തൻറെ കരുത്ത് ഡ്രാഗണിലൂടെ കാട്ടുന്നതും വലിറിയൻ ഭാഷ സംസാരിക്കുന്നതും, ടിറിയന്റെ കുറ്റസമ്മതവും, ജോൺ സ്നോയുടേയും നൈറ്റ്‌ കിങ്ങിന്റെയും കൂടുകാഴ്ചയും, ഹോടൊരിന്റെ പരിത്യാഗവും, സർസിയുടെ അക്രമങ്ങളുമെല്ലാം, പ്രേക്ഷകന് അനുസ്മരണീയമായ, മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന രംഗങ്ങളിൽ ചിലത് മാത്രം.

‘ഗെയിം ഓഫ് ത്രോൺസ്’ കാഴ്ച വയ്ക്കുന്ന മാന്ത്രിക ലോകത്തിനുപരിയായി, പല സംസ്കാരങ്ങളുമായി ആശയവിനിമയം നടത്തുന്ന തരത്തിലുള്ള അർത്ഥവ്യാഖ്യാനങ്ങളും നമുക്ക് കാണാന്‍ കഴിയും. ‘മഹാഭാരത’വും ‘ഗെയിം ഓഫ് ത്രോൺസു’മായുള്ള സാമ്യം ആരാധകർക്കിടയിൽ വലിയ ചർച്ചാ വിഷയമാണ്. ‘ഗെയിം ഓഫ് ത്രോൺസ്’ അനുയായികൾക്കിടയിൽ ഉപയോഗിച്ച് വരുന്ന വാക്യമാണ് Valar Morghulis (all men must die) ഉം അതിന്റെ ഉത്തരമായ Valar Dohaeris (all men must serve) ഉം.

 

Game of Thrones, Season 8: വലിയ കാത്തിരിപ്പിനു വിരാമമിട്ട്, 595 ദിവസങ്ങൾക്ക് ശേഷം, ലോകമെമ്പാടും ആരാധകരുള്ള, എച്ച്.ബി.ഓ നിർമ്മിച്ച അമേരിക്കൻ ടെലിവിഷൻ പരമ്പരയായ ‘ഗെയിം ഓഫ് ത്രോൺസി’ന്റെ അവസാനത്തെ സീസണിലെ ആദ്യ എപ്പിസോഡ് കഴിഞ്ഞ ഞായറാഴ്ച രാത്രി സംപ്രേക്ഷണം ചെയ്യപ്പെട്ടു. പുനഃസമാഗമങ്ങളും, വെളിപ്പെടുത്തലുകളും, ഡ്രാഗൺ പറക്കൽ അഭ്യാസവും, അഭ്യന്തര സംഘർഷങ്ങളും, വെസ്റ്ററോസിന്റെ ഭാവികാല ചരിത്രം വരച്ചു കാട്ടുന്ന, മനോഹരമായ തീം മ്യൂസിക്ക് ചേര്‍ന്ന പുതിയ ക്രെഡിറ്റുകളുമെല്ലാം പുതിയ സീസണ്റെ തുടക്കത്തിന് മാറ്റ് കൂട്ടി.

ജോർജ് ആർ.ആർ.മാർട്ടിൻ എഴുതിയ ‘എ സോങ്ങ് ഓഫ് ഐസ് ആന്റ് ഫയർ’ (A Song of Ice and Fire) എന്ന പുസ്തക പരമ്പരയെ ആധാരമാക്കി ഡേവിഡ് ബെനിയോഫ്, ഡി ബി വെയ്സ് ചേർന്ന് രൂപപ്പെടുത്തിയതാണ് ‘ഗെയിം ഓഫ് ത്രോൺസ്’ പരമ്പര. ഒരു സാങ്കൽപിക ലോകത്തെ വെസ്റ്ററോസ്, എസ്സോസ് എന്നീ ഭൂഖണ്ഡങ്ങളിലായി നടക്കുന്ന കഥയിൽ വെസ്റ്ററോസ് ഭൂഖണ്ഡത്തിലെ പ്രബലമായ ഏഴു രാജ്യങ്ങൾ (Seven Kingdoms – The North, The Vale, The Crownlands, The Stormlands, Dorne, The Reach, The Westerlands, The Riverlands and The Iron Islands) പരമാധികാര സ്ഥാനമായ അയൺ ത്രോണിന്റെ (Iron Throne) അവകാശത്തിനു വേണ്ടി പദ്ധതികൾ ആവിഷ്കരിക്കുന്നു. ഇതേ തുടർന്ന് വെസ്റ്ററോസിലെ പ്രബലങ്ങളായ സ്റ്റാർക്ക്, ലാനിസ്റ്റർ, ടാർഗേറിയൻ, ബറാത്തിയോൺ എന്നീ രാജവംശങ്ങൾ തമ്മില്‍ സംഘർഷങ്ങൾ ഉടലെടുക്കുന്നു. പൂർവ്വികരിൽ നിന്നും തട്ടിയെടുക്കപ്പെട്ട സിംഹാസനവും അധികാരവും പുനഃപ്രാപിക്കുവാൻ ഡനേറിസ് ടാർഗറിയെൻ പ്രതികാരവുമായി മറ്റൊരു വശത്ത് കൂട്ടുകെട്ടുകൾ സ്ഥാപിക്കുന്നു. ഇതിനൊപ്പം വെസ്റ്ററോസിന് ഭീഷണിയായ, പുറത്തു നിന്നുള്ള വൈറ്റ് വാക്കേഴ്സ് അടക്കമുള്ള വിചിത്ര രൂപികളുടെ മുന്നേറ്റവും, അതിനെതിരെയുള്ള നൈറ്റ്സ് വാച്ച് എന്ന കാവല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പടയൊരുക്കങ്ങളും.

Game Of Thrones, Game Of Thrones season 8, Game Of Thrones season 8 episode 1, Game Of Thrones season 8 episode 2, Game Of Thrones characters, Game Of Thrones season 8 episodes, Game Of Thrones download, Game Of Thrones season 8 download hd, ഗെയിം ഓഫ് ത്രോൺസ്, ഗെയിം ഓഫ് ത്രോൺസ് മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Game of Thrones, Season 8:

ശൈത്യകാലത്തിന്റെ ആഗമനത്തോടെ ഏഴു രാജ്യങ്ങളും തങ്ങളുടെ പൊതു ശത്രുവിനെ എതിർക്കാൻ ഒത്തു ചേരുന്നു. ടിറിയൻ ലാനിസ്റ്ററും ജോൺ സ്നോയും ഡനേറിസ് ടാർഗറിയെന്റെ അധികാരത്തെ അംഗീകരിച്ചു മുട്ട് മടക്കി. പക്ഷേ സർസി ലാനിസ്റ്റർ വേറിട്ട പദ്ധതികൾ ആവിഷ്കരിക്കാൻ കാത്തിരിക്കുന്നു. ആരാധക സമൂഹം, സീരീസിൽ കണ്ടതിൽ വെച്ച് ഏറ്റവും വിപുലമായ യുദ്ധത്തിനായി കാത്തിരിക്കുന്നു. പ്രവചനങ്ങളും, സിദ്ധാന്തങ്ങളും, സോഷ്യൽ മീഡിയ മീമുകളും, വാദപ്രതിവാദം നടത്തുന്നു – ആരാകും സിംഹാസനത്തിന്റെ (Iron Throne) അടുത്ത അവകാശി?

സീസണിന്റെ അന്ത്യം ആടുത്തിരിക്കുന്ന വേളയിൽ, വിലാപങ്ങൾക്കിടയിൽ ഒറ്റ ചോദ്യം ബാക്കി നിൽക്കുന്നു. ദൃശ്യമാധ്യമ രംഗത്തെ സംബന്ധിച്ചിടത്തോളം ഒരു യുഗാന്ത്യം എന്ന് തന്നെ പറയാനാകുന്ന ‘ഗെയിം ഓഫ് ത്രോൺസ്’ തീരുമ്പോള്‍ ഇനി എന്ത്? പ്രീക്വല്‍ വരും എന്ന് കേള്‍ക്കുന്നു, എങ്കിലും ഈ പരമ്പര സമ്മാനിച്ച ദൃശ്യാനുഭവത്തോളം അതെത്തുമോ എന്ന് കാത്തിരുന്നു കാണണം.

ഏപ്രിൽ 19, 2011 മുതൽ എച്ച് ബി ഓയില്‍ സംപ്രക്ഷേപണം ആരംഭിച്ച ‘ഗെയിം ഓഫ് ത്രോൺസ്’ മെയ് 19, 2019 ന് സീസൺ ഫിനാലെയോടു കൂടി അവസാനിക്കും.

 

Read More: HBO looks beyond Game of Thrones, maybe back to a prequel

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍
ഇംഗ്ലീഷില്‍ പി എച്ച് ഡി ഗവേഷക വിദ്യാര്‍ത്ഥിനിയാണ് ലേഖിക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook