വിഖ്യാത ടെലിവിഷന്‍ സീരിസ് ‘ഗെയിം ഓഫ് ത്രോണ്‍സിന്റെ’ (GoT) അവസാന എപ്പിസോഡ് കഴിഞ്ഞ ഞായറാഴ്ച പ്രക്ഷേപണം ചെയ്തതോടെ ഐതിഹാസികമായ ഒരു ടെലിവിഷന്‍ പരമ്പരയ്ക്ക് തിരശീല വീണു. തങ്ങളുടെ പ്രിയപ്പെട്ട പരമ്പര കഴിഞ്ഞു പോകുന്നതിന്റെ സങ്കടത്തിലായിരുന്നു കഴിഞ്ഞ കുറച്ചു നാളുകളായി ലോകമെമ്പാടും ഉള്ള സിനിമാ ടെലിവിഷന്‍ പ്രേമികള്‍. അതിനു ആക്കം കൂട്ടുന്ന തരത്തില്‍ അവരെ തീര്‍ത്തും അസന്തുഷ്ടരാക്കുന്ന തരത്തിലായിരുന്നു അവസാന എപ്പിസോഡും. ഏഴ് രാജ്യങ്ങളുടെ (Seven Kingdoms) ആധിപത്യം കൈയ്ക്കലാക്കുന്നതാരാകും എന്ന പരമ്പരയുടെ ക്ലൈമാക്സ് എല്ലാവരെയും നടുക്കുന്ന തരത്തിലാണ് അണിയറപ്രവര്‍ത്തകര്‍ വിഭാവന ചെയ്തത്. ‘ഗെയിം ഓഫ് ത്രോണ്‍സ്’ ഇല്ലാത്ത ആദ്യ വാരം പിന്നിടുമ്പോള്‍ പ്രിയകഥാപാത്രങ്ങളുടെ ദുർദ്ദശയിൽ വിലപിക്കുകയാണ് ഫാന്‍ ലോകം ഒന്നടങ്കം.

‘ഗെയിം ഓഫ് ത്രോൺസ്’ കൂട്ടായ്മകൾക്കും വിട
പ്രേക്ഷകലക്ഷങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധ നേടിയ ‘ഗെയിം ഓഫ് ത്രോൺസ്’ എട്ടാം സീസണ് (Game of Thrones Season 8) അവസാനിച്ച വേളയില്‍ വിട പറയുന്നത് ഈ സ്നേഹവും സംഭാഷണങ്ങളും ഒന്നിച്ച അനവധി ‘ഗെയിം ഓഫ് ത്രോൺസ്’ കൂട്ടായ്മകൾക്കും കൂടിയാണ്. ഫേസ്ബുക്കിലും വാട്സാപ്പിലും അങ്ങനെ ആളുകള്‍ ഒത്തു കൂടുന്ന എല്ലായിടത്തും ‘ഗെയിം ഓഫ് ത്രോൺസ്’ കൂട്ടായ്മകള്‍ രൂപപ്പെട്ടിട്ടുണ്ട്.
വിസ്മയങ്ങളുടെ കവാടം തുറന്ന സംഭവപരമ്പരയുടെ അവസാന അധ്യായത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതില്‍ പലയിടങ്ങളിലും ഇപ്പോഴും തുടരുകയാണ് എങ്കിലും വൈകാതെ ഈ കൂട്ടായ്മകൾക്ക് അവസാനമാകും എന്ന സങ്കടവുമുണ്ട് എല്ലായിടത്തും. എട്ടാം സീസണിന്റെ അവസാന എപ്പിസോഡ് കാത്തിരിക്കുന്ന അവസരത്തിൽ തന്നെ പ്രേക്ഷകസമൂഹം അവസാന സീസണ് വീണ്ടും റീമേക്ക് ചെയ്യണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. Change.org എന്ന വെബ്സൈറ്റിലെ പെറ്റീഷനില്‍, സീസണ് അവസാനിക്കും മുന്‍പ് തന്നെ പത്ത് ലക്ഷത്തിലേറെ പേര് ഒപ്പിട്ടു കഴിഞ്ഞിരുന്നു.
Read More: Game of Thrones, Season 8: അയൺ ത്രോണിന്റെ അവകാശിയാര്?
എന്തിനാണ് ‘ഗെയിം ഓഫ് ത്രോണ്‍സ്’ റീമേക്ക് ആവശ്യപ്പെടുന്നത് ?
പരമ്പര എട്ടാം സീസണില്‍ എത്തിയപ്പോള്‍ ഇതെങ്ങനെയെങ്കിലും ഒന്ന് തീർക്കാൻ ബദ്ധപ്പെട്ടോടുകയായിരുന്ന പ്രതീതി ആയിരുന്നു ഉടനീളം. ആറു എപ്പിസോഡിൽ കഥാപാത്രങ്ങളുടെ വ്യക്തിത്വ പുരോഗതി കൈവരിക്കാൻ GoT പരാജയപ്പെട്ടു. ദുർഭരണങ്ങൾക്കും ക്രൂര രാജഭരണരീതികൾക്കും അധ:പതനം കുറിച്ച് ഒരു പുതിയ ലോകം നിർവ്വചനം ചെയ്താണ് സംഭവപരമ്പര അവസാനിച്ചിരിക്കുന്നത്.
എട്ടാം സീസണിലെ അവസാന മൂന്ന് എപ്പിസോഡുകള്‍ക്ക് തിരക്കഥയും ആറാം എപ്പിസോഡിന് സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ഡേവിഡ് ബെനിയോഫ്, ഡി ബി വെയ്സ് (D&D) എന്നിവവരാണ്. അവസാന സീസണിലെ യുദ്ധ രംഗങ്ങളും, തിരക്കഥയും GoT നിലവാരത്തില്‍ എത്തിയില്ലെന്നുള്ള പ്രേക്ഷകരുടെ നിലപാടാണ് ഈ പരാതിയുടെ അടിസ്ഥാനം. ‘സോര്‍സ് മെറ്റീരിയല്‍’ (സീസണ് അഞ്ചില്‍ ജോണ്‍ സ്നോ മരിക്കുന്നത് വരെയാണ് ജോര്‍ജ് ആര് ആര് മാര്‍ട്ടിന്റെ നോവല്‍ പരമ്പര സീരിസിനായി ഉപയോഗിച്ചിരുന്നുള്ളൂ) ഇല്ലാത്തതിനാല്‍ അവസാന ഭാഗത്ത് തിരക്കഥാകൃത്തുക്കൾക്ക് തങ്ങളുടെ രചന മികവ് കാണിക്കാന്‍ സാധിച്ചില്ലെന്നതാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം. മികച്ച എഴുത്തുകാരെ വച്ച് GoT എട്ടാം സീസണ് റീമേക്ക് ചെയ്യാനാണ് പ്രേക്ഷകര്‍ ഷോയുടെ നിര്‍മ്മാതാക്കളായ എച്ച്ബിഒയോട് ആവശ്യപ്പെടുന്നത്.
Game of Thrones, Season 8, Episode 5
‘ദി ബെല്‍സ്’ എന്ന അഞ്ചാം എപ്പിസോഡിൽ ഡാനിയുടെ അപ്രതീക്ഷിതമായ ‘മാഡ് ക്വീന്‍’ പരിവർത്തനം പ്രേക്ഷകർക്ക് ഒന്നടങ്കം അംഗീകരിക്കാൻ കഴിഞ്ഞില്ല. ‘ബ്രേക്കര്‍ ഓഫ് ചെയിന്‍സ്’ ആയ ഡാനി ഡ്രോഗോണിനെ ഉപയോഗിച്ച് നിർദോഷികളായ വെസ്റ്ററോസ് ജനതയെ ചുട്ടെരിക്കുന്ന രംഗം ഡാനിയുടെ ഇതു വരെയുള്ള തത്വങ്ങളെ കാറ്റിൽ പറത്തി. മിസാണ്ടെയുടെ മരണവും തന്റെ പൂർവികരോട് ചെയ്ത അതിക്രമങ്ങൾക്കുമുള്ള പ്രതികാരമാണ് ഡാനി നിർവഹിച്ചത് എന്ന് വാദിക്കാമെങ്കിലും അവിചാരിതമായി രണ്ട് എപ്പിസോഡുകൾക്കുള്ളില്‍ വന്ന ഈ ഭാവമാറ്റം അപ്രതീക്ഷിതമായിരുന്നു. ലോകമെമ്പാടുമുള്ള ജനതയുടെ സ്വാതന്ത്ര്യം ഉറപ്പു വരുത്താൻ ഇറങ്ങിത്തിരിച്ച ഡാനി അധികാരമൂർച്ഛയിൽ അധിനിവേശ (colonial) ശക്തിയായി മാറുകയാണ് ചെയ്തത്.
ആര്യയും, ടിറിയനും, ജോണും നിസ്സഹായരായി ഡാനിയുടെ ക്രൂരതയ്ക്ക് സാക്ഷിയായി. ജെയ്മിയുടെയും സർസിയുടേയും മരണം വൈകാരികമായി ചിത്രീകരിച്ചത് GoT ആദർശങ്ങൾക്ക് വിരുദ്ധമായി കാണപ്പെട്ടു. സർസിയെ നൈറ്റ് കിംഗിനെക്കാൾ വലിയ കരുത്തായി ചിത്രീകരിച്ച് സഹാനുഭൂതി ഉളവാക്കുന്ന മരണം നൽകി കഥാപാത്രത്തെ ചുരുക്കി. മൗണ്ടനും സാൻഡോർ ക്ലെഗേനുമായുള്ള യുദ്ധം നൈറ്റ് കിംങ്ങിനെ ആര്യ ഉന്മൂലനം ചെയ്യുന്നതിനേക്കാൾ സങ്കീർണമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്. ഡ്രോഗോൺ ‘അയണ്‍ ഫ്ലീറ്റും ഗോള്‍ഡന്‍ കമ്പനിയും സ്കോർപിയൺ ആയുധങ്ങളും തകർക്കുന്ന രംഗങ്ങൾ അതിശയിപ്പിച്ചു.

Game of Thrones, Season 8, Episode 5
എട്ടാം സീസണിലെ ആറാം എപ്പിസോഡ് (The Iron Throne) പ്രേക്ഷകരെ വളരെയേറെ നിരാശപ്പെടുത്തി. നന്ദി രേഖപ്പെടുത്തുന്ന സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായെങ്കിലും ശാന്തമായ അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് അവസാനിച്ചെങ്കിലും ഏറെ പ്രതീക്ഷയോടെ കാത്തിരിരുന്ന അന്ത്യത്തിന്റെ കുറവുകൾ ചർച്ചകളിൽ ബാക്കിയായി. ഡാനിയുടെ നിഷ്ഠൂരശാസനയുടെ ആരംഭം കാണുന്ന ടിരിയൻ ഹാൻഡ് പദവി ഉപേക്ഷിക്കുന്നതും ജോണിനെ ‘ബ്രേക്ക് ദി വീലിന്’ വേണ്ടി പ്രേരിപ്പിക്കുന്നതും പ്രതീക്ഷ നൽകിയ സന്ദർഭങ്ങളാണ്.
ടിരിയൻ ജെയമിയെയും സർസിയെയും ഇഷ്ടികകൾക്കിടയിൽ നിന്ന് കണ്ടെത്തുന്നത് വൈകാരിമായ ഒരു മുഹൂര്‍ത്തം സമ്മാനിച്ചു. ഡാനി കിംഗ്സ് ലാൻഡിങ് കീഴടക്കിയ ശേഷം ദോത്റാക്കി, അണ്സള്ളീഡ് എന്നിവരെ അഭിമുഖീകരിക്കുന്ന രംഗം കാണികളെ പിടിച്ചു കുലുക്കി. ജോൺ സ്നോ ഡാനിയെ കൊല്ലുന്നത് പ്രേക്ഷകര്‍ പ്രതീക്ഷിച്ചതാണ്. എന്നാല്‍ ഡ്രോഗോൺ അയൺ ത്രോൺ ഡ്രാഗൺ ഫയർ ഉപയോഗിച്ച് നശിപ്പിക്കുന്നത് അപ്രതീക്ഷിതമായിരുന്നു. അധികാരത്തിന്റെയും ഭയത്തിന്റെയും കീഴടക്കലിന്റെയും പ്രതീകമായ ഇരുമ്പ് ചങ്ങലയാണ് ഡ്രോഗോൺ നശിപ്പിക്കുന്നത്. ഡ്രോഗോൺ ജോൺ സ്നോയെ ഉപദ്രവിക്കാതെ വിടുന്ന രംഗം ജോൺ ഒരു ടാർഗേറിയൻ ആണ് എന്ന സത്യം വിളിച്ചു പറയുകയും ചെയ്തു.
ആര്യ, ആധുനിക യുഗത്തിലെ, ചട്ടക്കൂടിൽ തറച്ചിടാൻ കഴിയാത്ത സ്ത്രീത്വത്തെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രമായി വെസ്റ്റിലേക്ക് സാഹസിക യാത്രയ്ക്കായി പുറപ്പെടുന്നു. സാൻസ നോർത്തിനെ ആധിപത്യത്തിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ട് സ്വതന്ത്രമായി വിഹരിക്കാൻ തീരുമാനിക്കുന്നത് രോമാഞ്ചം ജനിപ്പിക്കുന്നതാണ്. ബ്രാനിനെ അടുത്ത അവകാശിയായി നിയമിക്കുമ്പോൾ ഇതെല്ലാം ബ്രാനിന്റെ മാസ്റ്റർ പ്ലാൻ ആയിരുന്നോ സംശയം ഉയരും. ‘ത്രീ ഐഡ് രവെന്’ ആയ ബ്രാൻ ഇതെല്ലാം മുൻകൂട്ടി കണ്ടതാവാം. ഇത് ബ്രാനിന്റെ പ്രതികാരമായും വായിക്കാവുന്നതാണ്. ബ്രാൻ ടിരിയനോട് പറയുന്ന വാക്കുകൾ (Why do you think I came all this way?) അതിനു തെളിവാണ്. പാരമ്പര്യാവകാശ വ്യവസ്ഥ മാറ്റിയെഴുതി അവകാശികളെ തിരഞ്ഞെടുക്കുന്ന നിയമവ്യവസ്ഥ കൊണ്ടു വരുന്നത് ഒരു പുതിയ ലോകം സൃഷ്ടിക്കാനാണ്. ബ്രയൻ ജെയ്മിയെ ആദരിച്ച് കൊണ്ട് ‘ബുക്ക് ഓഫ് ബ്രദര്‍സിൽ ചേർക്കുന്ന വരികൾ മനോഹരമാണ്.
പ്രേക്ഷകരെ ഏറ്റവും നിരാശരാക്കിയത് ജോണിനുണ്ടായ വിധിയാണ്. നന്മയുടെയും ന്വായത്തിന്റെയും പ്രതീകമായ ജോൺ നൈറ്സ് വാച്ച് അംഗമാകാൻ കൽപ്പിക്കുന്നു. ജോൺ സ്നോയെ ഒരു ഗ്രീക്ക് ട്രാജിക് ഹീറോ ആയി ഉപമിക്കാവുന്നതാണ്. വിശ്വസ്തതയും ആദർശങ്ങളും ആണ് ജോണിന്റെ ‘Tragic Flaw.’
അഭിനയമികവ് കൊണ്ടും കഥാപാത്ര രൂപീകരണം കൊണ്ടും എന്നും പ്രേക്ഷകരെ സംതൃപ്തിപ്പെടുത്തിയ ഈ അൽഭുത ഇതിഹാസം തീരുമ്പോള്‍ ബാക്കിയാക്കുന്ന ചിന്ത മനുഷ്യരേയും കഥകളേയും കുറിച്ചാണ്. ചില കഥകള്‍ മനുഷ്യരെ ഒന്നിപ്പിക്കും. ‘ഗെയിം ഓഫ് ത്രോണ്‍സും’ അത്തരത്തില്‍ ഒരു കഥയാണ്. കഥ പറച്ചിലിന്റെ പ്രഭാവത്തില്‍, അത് ബാക്കിയാക്കുന്ന ചിന്തകളില്‍, വലിയൊരു ആരാധക സമൂഹം മനോഹരമായ ഒരു മഴ നനയുന്ന പ്രതീതിയില്‍ എത്തി നില്ക്കുന്നു. മഴ കൊണ്ട് വന്ന തണുപ്പും അനുഭൂതിയും ബാക്കിയാവുന്നു. ഇതേ മഴ ഒരിക്കല്‍ കൂടി നനയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു.
Also Read: Winter is gone: What we learnt from Game of Thrones