മൂന്നര പതിറ്റാണ്ടിലേറെയായി മലയാളികളുടെ മനസ്സിൽ അതിസുന്ദരമായൊരു വേനൽമഴ പോലെ പെയ്യുകയാണ് ജി.വേണുഗോപാൽ എന്ന ഗായകന്റെ മധുരസ്വരം. സംഗീത പ്രേമികളുടെ മനസ്സില്‍ തന്റെ മധുരഗാനങ്ങളാല്‍ മായാത്ത മുദ്ര പതിപ്പിക്കാൻ വേണുഗോപാലിന് സാധിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് ഗാനങ്ങൾക്ക് ആത്മാവ് നൽകിയ ജി വേണുഗോപാൽ മകനോടൊപ്പം പാടുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
‘സ്വാഗതം’ എന്ന ചിത്രത്തിൽ ജി വേണുഗോപാൽ തന്നെ പാടിയ ‘മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ’ എന്ന ഗാനമാണ് മകൻ അരവിന്ദിനൊപ്പം വേണുഗോപാൽ പാടുന്നത്. അച്ഛന്റെ അതേ ശബ്‌ദമാണ് മകന് ലഭിച്ചിരിക്കുന്നത് എന്നാണ് ആരാധകർ വീഡിയോക്ക് കമന്റ് ചെയ്യുന്നത്.
അച്ഛനെ പോലെ തന്നെ മികച്ച ഗായകനാണ് അരവിന്ദ് വേണുഗോപാലും. 2011ല്‍ ട്രെയിൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പിന്നണി ഗാനരംഗത്തേക്ക് അരവിന്ദും എത്തിയിരുന്നു. ഒരുപിടി സിനിമകളിൽ അരവിന്ദ് പാടിയിട്ടുണ്ട്.
നത്തോലി ചെറിയ മീനല്ല, പാര്‍ട്‍ണര്‍ ഏഞ്ചല്‍സ്, സണ്‍ഡേ ഹോളിഡേ, ഒരു നക്ഷത്രമുള്ള ആകാശം, ലൂക്കാ തുടങ്ങിയ സിനിമകളിൽ അരവിന്ദ് ഗാനമാലപിച്ചിട്ടുണ്ട്. അഞ്‍ജലി മേനോൻ സംവിധാനം ചെയ്‍ത കൂടെ എന്ന ചിത്രത്തില്‍ അസിസ്റ്റ് ഡയറക്ടറായും. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ അതിഥി താരവുമായി സ്ക്രീനിലും അരവിന്ദ് വേണുഗോപാല്‍ എത്തിയിരുന്നു.
Also Read: ജീവിച്ചിരിക്കുമ്പോൾ ശ്മശാനത്തിലെ ആദ്യ പിറന്നാൾ ആഘോഷം; വീഡിയോ പങ്കിട്ട് സുരഭി ലക്ഷ്മി
1984ൽ പുറത്തിറങ്ങിയ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിലെ ഒരു ഹിന്ദി ഗാനത്തിന്റെ ഏതാനും ഭാഗങ്ങൾ പാടിക്കൊണ്ടാണ് വേണുഗോപാൽ ചലച്ചിത്ര പിന്നണിഗാനരംഗത്തേക്ക് എത്തിയത്. രഘുനാഥ് പലേരിയുടെ ‘ഒന്നു മുതല്‍ പൂജ്യം വരെ‘ എന്ന ചിത്രത്തിലെ ‘പൊന്നിന്‍ തിങ്കള്‍ പോറ്റും മാനേ” “രാരി രാരിരം രാരോ” എന്ന പാട്ടുകളിലൂടെയാണ് വേണുഗോപാൽ ശ്രദ്ധ നേടി തുടങ്ങിയത്. മൂന്നാം പക്കത്തിലെ ‘ഉണരുമീ ഗാനം’, സസ്നേഹത്തിലെ ‘താനേ പൂവിട്ട മോഹം’ എന്നിവ വേണുഗോപാലിനെ കേരള സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണിഗായകനുള്ള പുരസ്കാരത്തിന് അർഹനാക്കി.
ചലച്ചിത്ര ഗാനങ്ങൾ മാത്രമല്ല നിരവധി നാടകഗാനങ്ങളും വേണുഗോപാൽ ആലപിച്ചിട്ടുണ്ട്. ഒപ്പം നിരവധി കവിതകൾക്കും അദ്ദേഹം ശബ്ദം നൽകി. ഒ.എന്‍.വി.കുറുപ്പ്, സുഗതകുമാരി, സച്ചിദാനന്ദന്‍, കടമ്മനിട്ട രാമകൃഷ്ണന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, വി.മധുസൂദനന്‍ നായര്‍, എന്‍.എന്‍.കക്കാട്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഡി.വിനയചന്ദ്രന്‍ തുടങ്ങിയ കവികളുടെയെല്ലാം കവിതകൾ വേണുഗോപാലിന്റെ മാധുര്യമേറിയ ശബ്ദത്തിൽ മലയാളികൾ കേട്ടു.
ഒന്നാം രാഗം പാടി, ചന്ദന മണിവാതില്‍ പാതി ചാരി, താനേ പൂവിട്ട മോഹം, കൈ നിറയെ വെണ്ണ തരാം, പൂത്താലം വലം കൈയ്യില്‍ തുടങ്ങിയ വന്‍ ഹിറ്റുകള്‍ ഉള്‍പ്പെടെ മുന്നൂറോളം ചലച്ചിത്ര ഗാനങ്ങളും 250 ലേറെ കാസറ്റുകളും ഇദ്ദേഹത്തിനു സ്വന്തമാണ്.