എന്നെക്കുറിച്ചുള്ള ട്രോളുകൾ ഞാൻ സഹിക്കും, എന്നാൽ മകളെ കളിയാക്കി കൊണ്ടുള്ള ട്രോളുകൾ സഹിക്കില്ലെന്ന് അഭിഷേക് ബച്ചൻ. തന്റെ പുതിയ ചിത്രമായ ‘ബോബ് ബിസ്വാസു’മായി ബന്ധപ്പെട്ട് ബോളിവുഡ് ലൈഫിനു നൽകിയ അഭിമുഖത്തിലാണ് ആരാധ്യയെക്കുറിച്ചുള്ള ട്രോളുകളോടുള്ള അഭിഷേകിന്റെ പ്രതികരണം.
”ഇത് തികച്ചും അസ്വീകാര്യവും സഹിക്കാനാവാത്തതുമാണ്. ഞാനൊരു പബ്ലിക് ഫിഗറാണ്, അത് സമ്മതിക്കാം. പക്ഷേ, എന്റെ മകൾ അങ്ങനെയല്ല. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ വന്നെന്റെ മുഖത്തു നോക്കി പറയാം,” അഭിഷേക് പറഞ്ഞു. അടുത്തിടെയാണ് അഭിഷേകും ഐശ്വര്യയും ചേർന്ന് മകളുടെ 10-ാം ജന്മദിനം മാലിദ്വീപിൽ ആഘോഷിച്ചത്.
അഭിമുഖത്തിൽ, പ്രേക്ഷകർ തന്റെ അഭിനയത്തിൽ തെറ്റ് കണ്ടെത്തിയാൽ അത് മെച്ചപ്പെടുത്താൻ താൻ ബാധ്യസ്ഥനാണെന്നും അഭിഷേക് പറഞ്ഞു. തന്റെ പ്രശസ്തനായ അച്ഛൻ അമിതാഭ് ബച്ചൻ ഇല്ലായിരുന്നുവെങ്കിൽ താൻ സിനിമയിൽ ഉണ്ടാകില്ലെന്ന് പറയുന്ന ട്രോളുകളോട് താൻ യോജിക്കുന്നുവെന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. “എന്റെ മാതാപിതാക്കൾ ഇല്ലായിരുന്നുവെങ്കിൽ, ഞാൻ ജനിക്കില്ലായിരുന്നു, ജീവശാസ്ത്രം ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
അഭിഷേക് ബച്ചൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ബോബ് ബിസ്വാസ്’ ക്രൈം ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രമാണ്. നവാഗതയായ ദിയ അന്നപൂര്‍ണ്ണ ഘോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രാംഗദ സിംഗ്, പരന് ബന്ദോപാധ്യായ്, രജാതവ ദത്ത എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Read More: ഞങ്ങളുടെ മാലാഖ; ആരാധ്യയുടെ ജന്മദിനം ആഘോഷമാക്കി ഐശ്വര്യയും അഭിഷേകും