“മേം ചമാരോ കീ ഗലി തക് ലേ ചലൂംഗാ ആപ്കോ,
ആയിയേ മെഹ്സൂസ് കീജിയേ സിന്ദഗി കേ താപ് കോ”

(വരൂ, ഞാന്‍ നിങ്ങളെ ദലിതര്‍ താമസിക്കുന്ന ഇടത്തേക്ക് കൊണ്ട് പോകാം
അറിയൂ അവരുടെ ജീവിതമാകുന്ന സങ്കടത്തിന്റെ ആഴങ്ങള്‍)

കവി ആദം ഗോണ്ട്വി എഴുതിയ ഈ വരികള്‍ വായിക്കുമ്പോള്‍ പവന്‍ ശ്രീവാസ്‌തവയ്‌ക്ക് പ്രായം പതിനാറ്. ഒരു ദലിത് സ്ത്രീയുടെ ജീവിതാവസ്ഥയും അവരുടെ പോരാട്ടങ്ങളും, അടിച്ചമര്‍ത്തപ്പെടലും, അവര്‍ നേരിടുന്ന നീതിരാഹിത്യവുമെല്ലാം ആറ്റിക്കുറുക്കിയ വരികള്‍. ഉയര്‍ന്ന ജാതിയിലും സാമ്പത്തികാവസ്ഥയിലും പെട്ട ആ യുവാവിനെ ഗോണ്ട്വി എഴുതിയ വരികളില്‍ അടങ്ങിയ മൗലികമായ ദര്‍ശനം വല്ലാതെ പിടിച്ചുലച്ചു. അവിടം മുതല്‍ തന്റെ ചുറ്റിലുമുള്ള ലോകത്തെ സൂക്ഷ്‌മമായി നിരീക്ഷിക്കാനുള്ള ശ്രമം അയാള്‍ തുടങ്ങി.

Read this story in English: From the Margins

“വരികളുടെ തീവ്രത, അതിലടങ്ങിയ ക്ഷോഭം, ഒന്നും എന്നെ വിട്ടുപോയില്ല.”, 34 വയസ്സുള്ള ശ്രീവാസ്‌തവ വെളിപ്പെടുത്തി. ഏതാണ്ട് അതേ സമയത്താണ് (1999ല്‍) ബിഹാറിലെ ജഹാനാബാദില്‍ (ശങ്കര്‍ ബീഘാ എന്ന ഗ്രാമത്തില്‍) ഇരുപത്തിരണ്ടോളം വരുന്ന ദലിത് പുരുഷന്മാരേയും സ്ത്രീകളെയും കുട്ടികളേയും റണ്‍വീര്‍ സേന എന്ന അപ്പര്‍ ക്ലാസ്സ്‌ മിലിടന്റ് ഗ്രൂപ്പ്‌ കൊന്നൊടുക്കിയ വാര്‍ത്തയും കേള്‍ക്കുന്നത്. നക്‌സല്‍ അനുഭാവികള്‍ എന്നാരോപിച്ചാണ് അവരെ കൊല്ലുന്നത്.

“എന്തിനാണ് അവരെ ഇങ്ങനെ ക്രൂരമായി കൊന്നത് എന്ന് ഒരു പാട് കാലം ആലോചിച്ചു. ഒന്നും മാറിയിട്ടില്ല എന്ന നിഗമനത്തില്‍ എത്തി.”, ശ്രീവാസ്‌തവ പറയുന്നു.

രണ്ടു വർഷം മുന്‍പാണ് ദലിതയുടെ ഇന്നത്തെ അവസ്ഥ വരച്ചു കാട്ടുന്ന ‘Life of an Outcast’ എന്ന സിനിമ ചെയ്യാന്‍ അദ്ദേഹം തീരുമാനിക്കുന്നത്. ദരിദ്രനായ ഒരു ദലിത് കര്‍ഷകന്റെയും, വിദ്യാഭ്യാസം നേടി, സ്കൂളിലെ കണക്ക് അധ്യാപകനായ അയാളുടെ മകനേയും ചുറ്റിപറ്റിയാണ് കഥ വികസിക്കുന്നത്. സ്കൂളില്‍ ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ ബ്ലാക്ക്‌ബോര്‍ഡില്‍ ‘ഓം’ എന്നെഴുതിക്കൊണ്ട് തുടങ്ങണം എന്ന അനുശാസനം അയാള്‍ അനുസരിച്ചില്ല എന്ന കാരണത്താല്‍ മകന്‍ അറസ്റ്റ് ചെയ്യപ്പെടുന്നു. മകന്‍ കണക്കു പഠിപ്പിക്കുന്ന അധ്യാപകനാണ്, അല്ലാതെ മതനേതാവല്ല എന്ന് വിശ്വസിക്കുന്ന അച്‌ഛന്‍.

ദലിതനായത് കൊണ്ട് ഗ്രാമത്തില്‍ നിന്ന് പുറത്താക്കപ്പെടുന്ന ആ അച്‌ഛന്‍ നഗരത്തില്‍ പോയി 500 രൂപ ദിവസക്കൂലിയ്‌ക്ക് പണിയെടുത്ത് മകനെ ജാമ്യത്തില്‍ ഇറക്കാനുള്ള പണം സ്വരൂപിക്കുകയാണ്. പൊലീസ് സ്റ്റേഷനില്‍ മകന്‍ ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചും അംബേദ്‌കറിനെക്കുറിച്ചും സംസാരിക്കുമ്പോള്‍ അച്‌ഛന്‍ സംസാരിക്കുന്നത് കഠിനാദ്ധ്വാനത്തിന്റെ ഭാഷയാണ്‌. ദരിദ്രര്‍ക്ക് ജാതിയില്ല എന്നും പണത്തിന് മാത്രമാണ് അവരെ രക്ഷിക്കാനാവുക എന്നും അദ്ദേഹം വിശ്വസിക്കുന്നു.

“നമ്മുടെ വികസന പോളിസികളില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് തുടങ്ങി, മുഖ്യാധാരാ സാമൂഹിക രാഷ്ട്രീയ മേഖകളില്‍ നിന്നെല്ലാം അരികുകളിലേക്ക് തള്ളപ്പെടുകയാണ് ദലിതര്‍. എന്റെ സിനിമയുടെ കഥ ആലോചിച്ചപ്പോള്‍ ഇവിടെ ദിനം പ്രതി കൂടി വരുന്ന ദലിത് വിരുദ്ധ നിലപാടുകളും അവര്‍ക്കെതിരെയുള്ള അക്രമങ്ങളുമാണ് മനസ്സിലേക്ക് എത്തുയത്. ഈ അച്‌ഛനിലെക്കും മകനിലേക്കും എത്തിയതും അങ്ങനെയാണ്”, ശ്രീവാസ്‌തവ വിവരിച്ചു.

സോഷ്യല്‍ മീഡിയയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ഒരു കഥാപാത്രവുമുണ്ട് ചിത്രത്തില്‍ – ഒരു ചായ് വാല. ഡോണള്‍ഡ്‌ ട്രംപിനെക്കുറിച്ചും മോഡല്‍ ആയ തന്റെ ഭാര്യയെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുമെല്ലാം അയാള്‍ തന്റെ ചായക്കടയില്‍ ഇരുന്നു സംസാരിക്കും. അവിടെ എത്തുന്നവരുടെ കഥകളും പോരാട്ടങ്ങളും അയാള്‍ കാണുന്നതേയില്ല.

“ഫേക്ക് ന്യൂസിനെക്കുറിച്ചുള്ള എന്റെ കാഴ്‌ചപ്പാടാണത്. പ്രൊപ്പഗാന്‍ഡയുടെ ഒരു ലോകം നമുക്ക് ചുറ്റും അവര്‍ ഉണ്ടാക്കിവച്ചിട്ടുണ്ട്. ഈ ചായക്കടക്കാരന്‍ അതിന്റെ പ്രതിരൂപമാണ്.”, ക്രൗഡ് ഫണ്ട്‌ കൊണ്ട് നിര്‍മ്മിക്കപ്പെട്ട തന്റെ ചിത്രത്തെക്കുറിച്ച് ശ്രീവാസ്‌തവ പറയുന്നു. ബോളിവുഡ് ചലച്ചിത്രകാരന്‍ ഒനിറിനോടാണ് ശ്രീവാസ്‌തവ ഉപദേശം ചോദിച്ചു ചെന്നത്. “അദ്ദേഹത്തിന്റെ ‘ഐ ആം’ എന്ന സിനിമയും ക്രൗഡ് ഫണ്ട്‌ സമാഹരിച്ച് ചെയ്‌തിട്ടുള്ളതാണ്. അത് കൊണ്ടാണ് അദ്ദേഹത്തെ സമീപിച്ചത്.”

pawan-shivastava

പവന്‍ ശ്രീവാസ്‌തവ

പുതിയ ചലച്ചിത്രകാരന്മാരുടെ കഥകള്‍ പലതും നാഗരികതയെ കേന്ദ്രീകരിച്ചാണ് എന്നും ശ്രീവാസ്‌തവ അഭിപ്രായപ്പെടുന്നു.

“റൂറൽ ഇന്ത്യ അവരുടെ പരിഭാഷ്യങ്ങള്‍ക്ക് പുറത്താണ് ഇപ്പോഴും. ദലിരുടെ ജീവിതങ്ങള്‍ പറയപ്പെടുന്നേയില്ല. ‘സൈരാത്’, ‘ഫാണ്ട്രി’ എന്നീ ചിത്രങ്ങള്‍ മാത്രമാണ് അങ്ങനെ എടുത്തു കാണിക്കാന്‍ ഉള്ളത്. ആയിരം സിനിമകളുടെ കൂട്ടത്തില്‍ നിന്നും രണ്ടു ചിത്രങ്ങള്‍. വലിയ നിര്‍മ്മാണക്കമ്പനികള്‍ മള്‍ടിപ്ലെക്‌സ് ഓഡിയന്‍സിനെ ലക്ഷ്യം വച്ചാണ് സിനിമകള്‍ നിര്‍മ്മിക്കുനത്. അതുകൊണ്ട് തന്നെ മുഖ്യധാരയില്‍ അധികം പ്രതിപാദിക്കപ്പെടാത്ത വിഷയത്തെക്കുറിച്ച് സിനിമ ചെയ്യണം എന്നുണ്ടായിരുന്നു. ഇങ്ങനെ ഒരു ലോകം ഉണ്ടെന്ന അറിവില്ലാത്തത്‌ കൊണ്ട് തന്നെ ആ ലോകത്ത് വസിക്കുന്നവരോട് നമുക്ക് സഹാനുഭൂതിയും ഇല്ല. ജന്തര്‍ മന്തറില്‍ കര്‍ഷകര്‍ പ്രതിഷേധിച്ചപ്പോള്‍ എത്ര പേര്‍ അറിഞ്ഞു അത്?’, ശ്രീവാസ്‌തവ ചോദിക്കുന്നു.

ഗുരു ദത്തിന്റെ ചിത്രങ്ങള്‍ കണ്ടു വളര്‍ന്ന ബാല്യമാണ് ശ്രീവാസ്‌തവയുടെത്. സിനിമയാണ് തന്റെ മേഖല എന്ന് ചെറുപ്പത്തില്‍ തന്നെ അച്‌ഛനോട് പറഞ്ഞിരുന്നു എന്നും അദ്ദേഹം ഓര്‍ക്കുന്നു.

“ഒരു മരത്തണലില്‍ ആളുകള്‍ കൂട്ടം കൂടിയിരുന്ന് സംസാരിക്കുന്നതോ, ഭക്ഷണം കഴിക്കുന്നതോ തുടങ്ങിയ ഗ്രാമീണ ജീവിത കാഴ്‌ചകള്‍ കാണുമ്പോള്‍ അത് ഫിലിമില്‍ പകര്‍ത്തി അത് കണ്ടിട്ടില്ലാത്തവരെ കാണിക്കണം എന്ന് പണ്ട് മുതലേ തോന്നുമായിരുന്നു.”, കംപ്യൂട്ടര്‍ സയന്‍സ് ബിരുദം നേടിയ ശ്രീവാസ്‌തവ പറയുന്നു.

2014ല്‍ ‘നയാ പതാ’ എന്ന ഭോജ്പുരി സിനിമ സംവിധാനം ചെയ്‌തു. ആ ചിത്രം പിവിആര്‍ ആണ് റിലീസ് ചെയ്‌തത്. പഞ്ചാര വ്യവസായത്തിന്റെ പശ്ചാത്തലത്തില്‍ കുടിയേറ്റത്തെക്കുറിച്ച് സംസാരിക്കുന്നതായിരുന്നു ആ ചിത്രം. 12 ലക്ഷം രൂപയുടെ ക്രൗഡ് ഫണ്ട് ഉപയോഗിച്ച് ചെയ്‌തതായിരുന്നു ആ ചിത്രവും.

“തിയേറ്ററില്‍ ആ ചിത്രം കാണാന്‍ പോയപ്പോള്‍, ‘ഗുണ്ടേ’ എന്ന വലിയ മുതല്‍മുടക്കുള്ള ഒരു ചിത്രത്തിന്റെ അടുത്ത് എന്റെ സിനിമയുടെ പോസ്റ്റര്‍ വച്ചിരിക്കുന്നതാണ് കണ്ടത്. വലിയ ബജറ്റ് ഒന്നുമില്ലെങ്കിലും നല്ല സിനിമയാണെങ്കില്‍ അത് എങ്ങനെയെങ്കിലും തിയേറ്ററില്‍ എത്തും എന്ന ഒരു വിശ്വാസം അതോടു കൂടി ഉണ്ടായി.”, ഇരുനൂറോളം തെരുവുനാടകങ്ങള്‍ സംവിധാനം ചെയ്‌തിട്ടുള്ള ശ്രീവാസ്‌തവ പറഞ്ഞു നിര്‍ത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ