മലയാളി പ്രേക്ഷകര്‍ക്കും ഇന്ത്യന്‍ സിനിമയ്ക്കും ഏറെ പരിചിതനാണ് അന്തരിച്ച ബ്രിട്ടീഷ് വംശജനായ ഗാവിന്‍ പക്കാര്‍ഡ് . ശ്വാസതടസ്സത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അദ്ദേഹം 2012ലാണ് മരിച്ചത്. എന്നാല്‍ 2012 മാര്‍ച്ച് 18ന് അദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു വാഹനം ഇടിച്ച് അപകടം ഉണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുംബൈയിലെ കല്ല്യാണ്‍ മേല്‍പ്പാലത്തില്‍ വെച്ച് നടന്ന അപകടത്തില്‍ അദ്ദേഹത്തിന് ഗുരുതരമായി പരുക്കേറ്റാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും വിവരം പുറത്തുവന്നു.

അമിതമായി മദ്യപിച്ചായിരുന്നു അദ്ദേഹം വണ്ടി ഓടിച്ചത് കൊണ്ട് തന്നെ അപകടവിവരം പുറത്തുപറയാതിരുന്നതെന്നാണ് വിവരം. അപകടം നടന്നതിന് പിന്നാലെ അദ്ദേഹത്തെ ഉപേക്ഷിച്ച് ഭാര്യ ഫ്രാന്‍സിലേക്ക് തിരികെ പോയി. ആശുപത്രിക്കിടക്കയിലുണ്ടായിരുന്ന അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ പോലും സിനിമാ ലോകത്ത് നിന്നും ആരും ഉണ്ടായിരുന്നില്ല.

പിന്നാലെ രണ്ട് മാസങ്ങള്‍ക്ക് ശേഷം മെയ് 18ന് അദ്ദേഹം മരണപ്പെട്ടപ്പോഴും സ്ഥിതി മറ്റൊന്നായിരുന്നില്ല. അദ്ദേഹത്തിന്റെ ശവസംസ്കാരത്തില്‍ വെറും 200ഓളം പേര് മാത്രമാണ് പങ്കെടുത്തത്. എന്നാല്‍ ബോളിവുഡ് അടക്കമുളള ഇന്‍ഡസ്ട്രിയില്‍ നിന്നും ആരും തന്നെ പങ്കെടുത്തില്ല.

ബോഡിബില്‍ഡിംഗ് പരിശീലകനും വിവിധ ആയോധന കലകളില്‍ നിപുണനുമായ അദ്ദേഹം ബോളിവുഡിലും മോളിവുഡിലും നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും അവസാനനാളുകളില്‍ ആരും ഈ അവിസ്മരണീയ വില്ലനെ ഓര്‍ത്തില്ല. പത്മരാജന്റെ സീസണ്‍ എന്ന ചിത്രത്തില്‍ വളരെ ശ്രദ്ധേയമായ വേഷത്തിലാണ് ഗാവിന്‍ പ്രത്യക്ഷപ്പെട്ടത്. മോഹന്‍ലാലുമൊത്തുള്ള മുഴുനീളവേഷമെന്നു പറയാം. അവര്‍ ഒരുമിച്ച് ജയില്‍ ചാടുന്നതും പരസ്പരം ഏറ്റുമുട്ടുന്നതും സിനിമയുടെ പ്രസക്തമായ ഭാഗമാണ്.

ജി. എസ്. വിജയന്റെ ആനവാല്‍ മോതിരത്തിലെ മയക്കുമരുന്നു കടത്തുന്ന ആളുടെ വേഷത്തിലാണ് ഗാവിന്‍ എത്തുന്നത്. കമലിന്റെ ആയുഷ്‌ക്കാലം, പ്രിയദര്‍ശന്റെ ആര്യന്‍ എന്നീ ചിത്രങ്ങളിലും ഗാവിനെ വില്ലന്‍ വേഷത്തില്‍ കാണാം. ബോളിവുഡില്‍ ത്രിദേവ്, സദക്, മൊഹ്‌റ, കരണ്‍ അര്‍ജ്ജുന്‍ എന്നീ ചിത്രങ്ങളിലും ഗാവിന്‍ ശ്രദ്ധിക്കപ്പെടുന്ന വിധം നിറഞ്ഞു നിന്നിരുന്നു. മുംബൈയില്‍ സ്ഥിര താമസമാക്കിയ ഗാവിന്‍ സഞ്ജയ് ദത്ത് , സുനില്‍ ഷെട്ടി എന്നിവരുടെ ബോഡിബില്‍ഡിംഗ് പരിശീലകനായ് പ്രവര്‍ത്തിച്ചിരുന്നു. സല്‍മാന്‍ ഖാന്റെ സുരക്ഷ അംഗം ഷെരയുടെ പരിശീലകന്‍ കൂടിയായിരുന്നു ഗാവിന്‍.

നല്ല കായിക ക്ഷമതയാര്‍ന്ന ശരീരവും വില്ലന് മാതൃകയായ മുഖവുമായ് പ്രതിനായക വേഷത്തില്‍ നിറഞ്ഞു നിന്ന ഗാവിന്‍ പക്കാര്‍ഡ് മലയാളിക്കു മറക്കാനാവാത്ത മുഖമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook