scorecardresearch

മമ്മൂട്ടിയുടെ ഷർട്ട് റാംജി റാവുവിന്റെ കയ്യിലെത്തിയ കഥ

‘റാംജി റാവ് സ്പീക്കിങ്ങിലെ’ വിജയരാഘവന്റെ ഷർട്ടിനു പിന്നിൽ രസകരമായൊരു കഥയുണ്ട്

‘റാംജി റാവ് സ്പീക്കിങ്ങിലെ’ വിജയരാഘവന്റെ ഷർട്ടിനു പിന്നിൽ രസകരമായൊരു കഥയുണ്ട്

author-image
Entertainment Desk
New Update
Poovinu Puthiya Poonthennal| Ramji Rao Speaking| Mammootty | Siddique Lal

മമ്മൂട്ടിയുടെ ഷർട്ട് ലാൽ വഴി റാംജി റാവുവിൽ എത്തിയ കഥ

ചിലപ്പോഴൊക്കെ സിനിമയിൽ നമ്മൾ കാണുന്നതിലും രസകരമായ കഥകൾ സിനിമകളുടെ അണിയറയിൽ സംഭവിക്കാറുണ്ട്. വർഷങ്ങൾക്കിപ്പുറം ഓർത്തെടുക്കുമ്പോൾ അതെല്ലാം കൗതുകം സമ്മാനിക്കുന്ന ഓർമകളാണ്. അത്തരമൊരു രസകരമായ സംഭവം പറയാം, 1986ൽ‘പൂവിന് പുതിയ പൂന്തെന്നൽ’എന്ന ചിത്രത്തിൽ മമ്മൂട്ടി ധരിച്ച ഒരു ഷർട്ടാണ് നാലു വർഷങ്ങൾക്കിപ്പുറം പുറത്തിറങ്ങിയ ‘റാംജി റാവ് സ്പീക്കിങ്ങി’ൽ വില്ലൻ റാംജി റാവുവിന്റെ ഷർട്ടായി മാറിയത്!

Advertisment

മലയാള സിനിമയിലെ ഏറ്റവും സ്റ്റൈലിഷ് ആയ താരങ്ങളിലൊരാളാണ് മമ്മൂട്ടി. ഏതു വസ്ത്രം ധരിച്ചാലും അതിൽ തിളങ്ങുന്ന താരം. അതുകൊണ്ടു തന്നെ, സിനിമകളിൽ മമ്മൂട്ടി ധരിക്കുന്ന വസ്ത്രങ്ങളും പല കാലങ്ങളിലായി ഫാഷൻ പ്രേമികളുടെ ഇഷ്ടം കവർന്നിട്ടുണ്ട്.

ഫാസിൽ സംവിധാനം ‘പൂവിന് പുതിയ പൂന്തെന്നൽ’ എന്ന ചിത്രത്തിൽ റസ്റ്റ് ബ്രൗൺ നിറത്തിൽ ഡബിൾ പോക്കറ്റുള്ള ആ ഷർട്ട് മമ്മൂട്ടി അണിയുന്നുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനിൽ തന്നെ ആ ഷർട്ടും അതണിഞ്ഞ മമ്മൂട്ടിയുടെ സൗന്ദര്യവും ആരാധനയോടെ നോക്കി നിന്ന നിരവധി പേരുണ്ടായിരുന്നു. അക്കൂട്ടത്തിൽ ഒരാളായിരുന്നു, അന്ന് ഫാസിലിന്റെ അസിസ്റ്റൻസായി ജോലി ചെയ്തിരുന്ന സിദ്ധീഖ് ലാൽമാരിലെ ലാൽ. സെറ്റിലെ എല്ലാവരും നോട്ടമിട്ട ആ ഷർട്ട് സ്വന്തമാക്കാൻ ലാൽ ആഗ്രഹിച്ചു. ഷൂട്ട് കഴിഞ്ഞപ്പോൾ, തന്റെ ആഗ്രഹം ലാൽ മമ്മൂട്ടിയോട് അവതരിപ്പിച്ചു. സന്തോഷത്തോടെ മമ്മൂട്ടി ആ ഷർട്ട് ലാലിന് സമ്മാനിക്കുകയും ചെയ്തു.

ആഗ്രഹിച്ചു സ്വന്തമാക്കിയ ആ ഷർട്ട് ഏറെ നാൾ ലാൽ കൊതിയോടെ കൊണ്ടുനടന്നിരുന്നു എന്നു ഓർക്കുകയാണ് ഫാസിൽ, സിദ്ധിഖ്-ലാൽ എന്നിവരുടെ അടുത്ത സുഹൃത്തും പ്രൊഡക്ഷൻ കൺട്രോളറുമായ ബാബു ഷാഹിർ. "ആ ഷർട്ട് അണിഞ്ഞ് പല പരിപാടികളിലും ലാൽ പങ്കെടുത്തിരുന്നു." പൂവിന് പുതിയ പൂന്തെന്നൽ എന്ന ചിത്രത്തിൽ ബാബു ഷാഹിറും പ്രവർത്തിച്ചിരുന്നു.

Advertisment

അധികം വൈകാതെ തന്റെ അസിസ്റ്റന്റുമാരായി ജോലി ചെയ്യുന്ന സിദ്ദിഖ്-ലാൽമാരെ സ്വതന്ത്രസംവിധായകരാക്കാൻ ഫാസിൽ തീരുമാനിച്ചു, അവരുടെ ആദ്യചിത്രം താൻ നിർമ്മിക്കുമെന്നും. അതിന്റെ പ്രൊഡക്ഷൻ കാര്യങ്ങൾ നോക്കാനായി തന്റെ വിശ്വസ്തനായ ബാബു ഷാഹിറിനെ ഫാസിൽ ചുമതലപ്പെടുത്തി. അങ്ങനെ ‘റാംജി റാവു സ്പീക്കിംഗി’ന്റെ പ്ലാനിംഗ് തുടങ്ങി.

ചിത്രത്തിന്റെ കോസ്റ്റ്യൂം ചർച്ചകളൊക്കെ തകൃതിയായി നടക്കുകയാണ്. കോസ്റ്റ്യൂമിന്റെ മുഴുവൻ ഉത്തരവാദിത്വവും ലാലായിരുന്നു ഏറ്റെടുത്തത്. റാംജി റാവു എന്ന സ്റ്റൈലൻ പേരിനൊപ്പം ലുക്കിലും വില്ലൻ അൽപ്പം വേറിട്ടിരിക്കണം, സ്റ്റൈലാവണം എന്നായിരുന്നു എന്നായിരുന്നു സിദ്ധിഖ്-ലാൽമാരുടെ തീരുമാനം. കാഴ്ചയിൽ തന്നെ ശ്രദ്ധ നേടുന്ന ഷർട്ട് വേണം തങ്ങളുടെ റാംജി റാവുവിന് എന്ന് സിദ്ധിഖ് ലാൽമാർ ആഗ്രഹിച്ചു.

അപ്പോഴാണ്, തന്നെയും ഒരു സെറ്റിലുള്ള മുഴുവൻ ആളുകളെയും ആകർഷിച്ച ‘പൂവിന് പുതിയ പൂന്തെന്നൽ’എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ആ പഴയ ഷർട്ടിന്റെ ഓർമ വന്നത്. അതു മതിയെന്ന് സിദ്ദിഖും ശരി വച്ചതോടെ പിന്നെ മറ്റൊന്നും ആലോചിക്കാനില്ലായിരുന്നു. മമ്മൂട്ടിയുടെ ഡ്രസ്സ് റഫറൻസായി വച്ച്, അതേ നിറത്തിൽ, അതേ മെറ്റീരിയലിൽ റാംജി റാവുവിനുള്ള വസ്ത്രവും കോസ്റ്റ്യൂം ഡിപ്പാർട്ട്മെന്റ് തയ്‌ച്ചെടുത്തു. ഹാഫ് സ്ലീവ് ഷർട്ടായിരുന്നു ‘പൂവിന് പുതിയ പൂന്തെന്ന'ലിൽ മമ്മൂട്ടി അണിഞ്ഞതെങ്കിൽ ‘റാംജി റാവ് സ്പീക്കിങ്ങി'ൽ അത് ഫുൾ സ്ലീവായാണ് പുനരാവിഷ്കരിച്ചത് എന്ന വ്യത്യാസം മാത്രം.

എന്തായാലും അതോടെ, റാംജി റാവു റസ്റ്റ് ബ്രൗൺ നിറത്തിലുള്ള ഷർട്ടുമണിഞ്ഞ് സ്റ്റൈലിഷ് വില്ലനായി മലയാള സിനിമയിലേക്ക് കയറി വന്നു.

Siddique Lal Mammootty Vijayaraghavan Fazil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: