ഏഴു വർഷത്തെ പ്രണയം സഫലമായതിന്റെ സന്തോഷത്തിലാണ് വിഘ്നേഷ് ശിവനും നയൻതാരയും. 2015ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്, തീർത്തും പ്രൊഫഷണലായ ആ കണ്ടുമുട്ടലും പരിചയപ്പെടലും പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഏഴുവർഷത്തെ പ്രണയം ഇപ്പോൾ വിവാഹത്തിലെത്തിയിരിക്കുകയാണ്.
കടന്നുവന്ന പ്രണയകാലത്തെ ഓർമ്മപ്പെടുത്തുന്നൊരു കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുകയാണ് വിഘ്നേഷ് ശിവൻ ഇപ്പോൾ.
“നയന മാഡത്തിൽ നിന്നും കാദംബരിയിലേക്ക്… അവിടുന്ന് തങ്കമേ.. മൈ ബേബി, എന്റെ ഉയിർ…എന്റെ കൺമണി, ഇപ്പോൾ എന്റെ ഭാര്യ,” വിഘ്നേഷ് കുറിച്ചതിങ്ങനെ.
“പ്രിയപ്പെട്ട തങ്കമേ, എന്റെ ജീവിതത്തിലെ ശക്തിയുടെ നെടുംതൂണായതിന് നന്ദി! നിങ്ങൾ എനിക്ക് നൽകുന്ന പ്രോത്സാഹനം, നിങ്ങൾ എന്നെയെത്രത്തോളം കരുതുന്നുവെന്ന് അതിലുണ്ട്. ഓരോ തവണയും ജീവിതത്തിൽ ഞാനിടറുമ്പോൾ എന്തു ചെയ്യണമെന്ന് വ്യക്തത ഇല്ലാതാവുമ്പോൾ, നിങ്ങൾ എന്നോടൊപ്പം നിന്ന രീതി, തീരുമാനങ്ങൾ എടുക്കാൻ എന്നെ പ്രേരിപ്പിച്ച രീതി… ഒരു കൂട്ടാളി എന്ന നിലയിൽ നിങ്ങൾ എനിക്കൊപ്പം കരുത്തായി നിന്നു. ഇതെല്ലാം എന്നെയും ഈ സിനിമയെയും പൂർണ്ണമാക്കുന്നു! നിങ്ങളാണ് ഈ സിനിമ. നിങ്ങളാണ് എന്റെ വിജയം!!! ഇതെല്ലാം നീ കാരണമാണ് എന്റെ കൺമണി,” എന്നാണ് ‘കാട്ടുവാക്കല രണ്ടു കാതൽ’ എന്ന പുതിയ ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ നയൻതാരയെ പ്രശംസിച്ചുകൊണ്ട് വിഘ്നേഷ് കുറിച്ചത്.
നയൻതാരയെന്ന ഭാഗ്യനക്ഷത്രം
വിഘ്നേഷ് ശിവനെ സംബന്ധിച്ച് ഒരു ഭാഗ്യനക്ഷത്രമാണ് നയൻതാര. 2015ൽ പുറത്തിറങ്ങിയ നാനും റൗഡി താന്റെ സെറ്റിൽ വച്ചാണ് ആ പ്രണയം മൊട്ടിട്ടത്. നയൻതാരയും വിജയ് സേതുപതിയും പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രം വിഘ്നേഷിന് ഏറെ നിരൂപകപ്രശംസ നേടികൊടുത്തതിനൊപ്പം വാണിജ്യപരമായും വിജയമായിരുന്നു. നയൻതാര വിഘ്നേഷിന്റെ ഭാഗ്യനക്ഷത്രമാണെന്ന് തെളിയിക്കുന്നതായിരുന്നു ചിത്രത്തിന്റെ വിജയം! അവിടുന്നങ്ങോട്ട് വിഘ്നേഷിന് തിരികെ നോക്കേണ്ടി വന്നിട്ടില്ല.
ജീവിതത്തിൽ ആദ്യകാലത്ത് നേരിട്ട ചില ദുരനുഭവങ്ങൾ മൂലമാവാം വളരെ പ്രിയപ്പെട്ടൊരു സ്വകാര്യത പോലെയാണ് നയൻതാര വിഘ്നേഷുമായുള്ള പ്രണയത്തെ ആദ്യകാലങ്ങളിൽ ഡീൽ ചെയ്തത്. ഇരുവർക്കുമിടയിലെ പ്രണയം മറ്റുള്ളവർ ശ്രദ്ധിച്ചു തുടങ്ങിയ ഒരു അവസരം, സൈമ അവാർഡിൽ ഇരുവരും ഒന്നിച്ച് പങ്കെടുത്തപ്പോഴാണ്. നയൻതാരയും വിഘ്നേഷും ഒരുമിച്ചിരുന്നാണ് ആ അവാർഡ് നിശ ആസ്വദിച്ചത്. ചടങ്ങിൽ ഇരുവരും പുരസ്കാരങ്ങളും നേടി.
നാനും റൗഡി താനും എന്ന ചിത്രത്തിനുള്ള അവാർഡ് വിഘ്നേഷിൽ നിന്നും ഏറ്റുവാങ്ങാനാണ് നയൻതാര ആഗ്രഹിച്ചത്, വേദിയിലിരിക്കുന്ന അതിഥികളോടും അവതാരകരോടും വിഘ്നേഷിനെ സ്റ്റേജിലേക്ക് വിളിക്കാൻ അനുവദിക്കണമെന്ന് നയൻതാര അഭ്യർത്ഥിച്ചു. അന്ന് ആ വീഡിയോ ഏറെ വൈറലായിരുന്നു. പ്രസംഗത്തിനിടെ, തന്നിൽ വിശ്വസിച്ചതിന് നയൻതാര വിഘ്നേഷിന് നന്ദി പറയുകയും ചെയ്തു. അതേസമയം ജീവിതത്തിൽ താൻ കണ്ട ഏറ്റവും മികച്ച വ്യക്തിയാണ് നയൻതാരയെന്നായിരുന്നു വിഘ്നേഷ് മറുപടി പ്രസംഗത്തിൽ പറഞ്ഞത്.
വർഷങ്ങൾക്ക് ശേഷം, നാനും റൗഡി താനിന്റെ നാലാം വാർഷികത്തിൽ വിഘ്നേഷ് പങ്കുവച്ച കുറിപ്പും ഇരുവർക്കുമിടയിലെ അടുപ്പത്തിനും പ്രണയത്തിനും അടിവരയിടുന്നതായിരുന്നു. “നന്ദി തങ്കമേ. നിങ്ങളെ കണ്ടുമുട്ടിയതിന് ശേഷമുള്ള ജീവിതം മധുര നിമിഷങ്ങൾ കൊണ്ട് മാത്രം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു! ഈ ദിവസത്തിന് നന്ദി! ഈ സിനിമ ചെയ്യാൻ സമ്മതിച്ചതിന് നന്ദി.. അങ്ങനെ എനിക്ക് നല്ലൊരു ജീവിതം ആസ്വദിക്കാനുള്ള അവസരം തന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, അകത്തും പുറത്തും ഈ സുന്ദരിയായി നിങ്ങൾ എപ്പോഴും നിലനിൽക്കട്ടെ – എന്നേക്കും! നിറയെ സ്നേഹം,” ഇൻസ്റ്റാഗ്രാം കുറിപ്പിൽ വിഘ്നേഷ് കുറിച്ചു.
ഒരു പ്രണയിനി എന്നതിനപ്പുറം നയൻതാരയെന്ന അഭിനേത്രിയോട് വലിയ ആദരവ് മനസ്സിൽ സൂക്ഷിക്കുന്ന വ്യക്തിയാണ് താനെന്ന് പലപ്പോഴും വിഘ്നേഷ് വ്യക്തമാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്ത നയൻതാരയ്ക്ക് വേണ്ടി പലപ്പോഴും വിശേഷങ്ങൾ അവരുടെ ആരാധകരുമായി പങ്കുവയ്ക്കുന്നതും വിഘ്നേഷ് ആണ്.ഇരുവരും ഒന്നിച്ചുള്ള യാത്രകൾ, ആഘോഷദിനങ്ങൾ, ജന്മദിനാഘോഷങ്ങൾ, ഉത്സവങ്ങൾ, ക്ഷേത്ര സന്ദർശനങ്ങൾ എന്നിവയുടെ വിശേഷങ്ങളും വിഘ്നേഷിലൂടെയാണ് ആരാധകർ അറിയുന്നത്.