അലസമായി പാറിപ്പറക്കുന്ന മുടിയിഴകൾ, ഉള്ളു നിറഞ്ഞ ചിരി, ഉള്ളിലെ പകയുടെ തീവ്രത അതിസൂക്ഷ്മമായി പകർത്തിയ ചിരി, സംഭാഷണങ്ങളെക്കാൾ തെളിഞ്ഞുനിൽക്കുന്ന ആത്മഭാഷണങ്ങൾ… ബാൽക്കിയെ പോലൊരു സംവിധായകൻ ദുൽഖർ സൽമാനു നൽകിയ വിശ്വാസത്തെ കുറിച്ചാണ് ‘ചുപ്’ കണ്ടപ്പോൾ ഓർത്തത്.
ദുൽഖർ അവതരിപ്പിക്കുന്ന സെബാസ്റ്റ്യൻ ഗോമസ് എന്ന കഥാപാത്രത്തിനു പല അടരുകളുണ്ട്. സംഘർഷങ്ങൾ നിറഞ്ഞ കൗമാരാവസാനം, പകയും പ്രതികാരവും നിറഞ്ഞ പിന്നീടുള്ള ജീവിതം, ഇതിനിടയിൽ അയാൾ പോലും അറിയാതെ കടന്നുവരുന്ന പ്രണയം, ആ പ്രണയത്തിൽ ഒതുങ്ങി ജീവിക്കാനുള്ള കൊതി തുടങ്ങി മനുഷ്യ വികാരങ്ങളുടെ വൈരുധ്യങ്ങളിലൂടെ സെബാസ്റ്റ്യൻ ഗോമസ് കടന്നുപോകുന്നുണ്ട്. ആ കഥാപാത്രമാണ് സിനിമയെ നയിക്കുന്നത് എന്നതിലുപരി ആ കഥാപാത്രത്തെ എങ്ങനെ വേണമെങ്കിലും അവതരിപ്പിക്കാമെന്നതാണ് ഒരു നടൻ നേരിടുന്ന വെല്ലുവിളി.
ശബ്ദം നിറച്ച്, ബഹളങ്ങളിലൂടെ, പ്രകടനപരതയിലൂടെ കഥാപാത്രത്തെ കാണികളിലേക്ക് എത്തിക്കാം. ഒട്ടും പ്രകടനപരത ഇല്ലാതെ വളരെ നിശബ്ദമായ ശരീരചലനങ്ങളിലൂടെ അയാളുടെ സംഘർഷങ്ങളെ അനുഭവവേദ്യമാക്കാം. ഏറെ വെല്ലുവിളി നിറഞ്ഞ രണ്ടാമത്തെ പാതയാണ് ദുൽഖർ തിരഞ്ഞെടുത്തത്. തിരക്കഥയിലെയും നിർമിതിയിലെയും അലസത ഒട്ടും ബാധിക്കാതെ പലയിടത്തും ‘ചുപി’നെ മുന്നോട്ടു കൊണ്ടുപോകുന്നത് ദുൽഖറിന്റെ ഈ ‘അണ്ടർപ്ലേ’ ആണ്.
‘ചുപ്പ്’ കാണികളിൽ ഉണ്ടാക്കുന്ന ആഘാതം ദുൽഖറിന്റെ പ്രകടനത്തിലൂടെ മാത്രമാണ് പ്രേക്ഷകരിലേക്കെത്തുന്നത്. സെബാസ്റ്റ്യൻ ഗോമസ് ആദ്യ സിനിമ പരാജയപ്പെട്ട സംവിധായകനാണ്. നിരാശ നിറഞ്ഞ സ്വന്തം ജീവിതത്തെ അയാൾ കുട്ടിക്കാലം മുതലേ തിരക്കഥാരൂപത്തിലാക്കുന്നു. വൈകാരിക-മാനസിക ആഘാതങ്ങൾ നിറഞ്ഞ കുട്ടിക്കാലത്തെ അയാൾ കുറെ കഷ്ടപ്പെട്ട് സ്‌ക്രീനിൽ എത്തിക്കുമ്പോൾ കാണികളും നിരൂപകരും ആ സിനിമയെ നിർദാക്ഷിണ്യം കൈ വിടുന്നു. ഇത് അയാളുടെ മാനസിക നില തെറ്റിക്കുന്നതും പിന്നെ നടക്കുന്ന സംഭവങ്ങളുമൊക്കെയാണ് സിനിമ.
യുക്തിരാഹിത്യവും അതിവാദവുമുള്ള ‘ചുപ്പി’നെ ശ്രദ്ധേയമാക്കുന്നത് ദുൽഖർ സൽമാനാണ്. ഒറ്റക്ക് ചായയുണ്ടാക്കി കുടിച്ച്, തന്റെ പൂന്തോട്ടത്തിലെ പൂക്കൾ ശ്രദ്ധയോടെ പറിച്ചു, ഭക്ഷണം കഴിക്കാൻ പോകുന്ന ദുൽഖറിന്റെ ‘ഇൻട്രോ’ രംഗമുണ്ട്… അത്ര ഉച്ചത്തിൽ പ്രകടനം കാഴ്ച വെക്കേണ്ടാത്ത, അതേ സമയം സൂക്ഷ്മമായ പെരുമാറ്റവും ചലനങ്ങളും ആവശ്യമുള്ള ഒന്നാണത്. അഭിനയം ഒരു സന്തോഷം നിറഞ്ഞ വേദനയാണെന്ന ഴാങ് പോൾ സാർത്രിന്റെ വാചകം അയാൾ ഓർമിപ്പിച്ചു.
തെലുങ്ക് ചിത്രം ‘സീതാരാമ’ത്തിന്റെ വൻ വിജയത്തിനൊപ്പമാണ് ‘ചുപ്പ്’ പോലെ ഒരു ബോളിവുഡ് സിനിമയിലേക്ക് ദുൽഖർ സൽമാൻ എത്തുന്നത്. ‘ചുപ്പ്’ തീയറ്ററുകളിൽ നിറഞ്ഞൊടുമ്പോൾ ആണ് ഈ വർഷത്തെ ഏറെ പ്രതീക്ഷയുള്ള നെറ്റ്ഫ്ലിക്സ് സീരിസ് ആയ ‘ഗൺസ് ആൻഡ് ഗുലാബി’യുടെ ട്രെയിലറിൽ ദുൽഖർ നിറഞ്ഞു നിൽക്കുന്നത്. തീർത്തും വ്യത്യസ്തമായ ഒരു കരിയറിന്റെ വളരെ രസകരമായ ഒരു തിരിവിൽ നിൽക്കുന്ന ദുൽഖറിനെ ഈ ഇടങ്ങളിലൊക്കെ കാണാം. നിശബ്ദമായി, ഒരു പതിറ്റാണ്ട് കൊണ്ട്, പതിഞ്ഞ താളത്തിൽ കൊട്ടിക്കയറി, അയാൾ വലിയ വിജയങ്ങളിലേക്ക് എത്തുകയാണ്.

‘കാരവാ,’ ‘സോയ ഫാക്ടർ’ തുടങ്ങിയ ഹിന്ദി ചിത്രങ്ങളിൽ ദുൽഖർ അവതരിപ്പിച്ച റൊമാന്റിക് ഈസി ഗോയിങ് ഹീറോകളുടെ യാതൊരു ഭാവവും ചലനവും ‘ചുപ്പി’ലെ സെബാസ്റ്റ്യൻ ഗോമസിനില്ല. അവിടെ നിന്ന് ‘ഗൺസ് ആൻഡ് ഗുലാബി’യിൽ എത്തുമ്പോൾ ഒരു ഗാങ്സ്റ്ററായും അയാൾ മാറുന്നു. ഒരു മലയാളി നായകൻ/ നടൻ ഇതര ഭാഷകളിൽ ഇങ്ങനെ കയ്യടി നേടിയ ചരിത്രം ഇത് വരെയില്ല.
ദുൽഖറിന്റെ ഇതരഭാഷ വിജയഗാഥയുടെ തുടക്കം ഒരുപക്ഷേ ‘ഓക്കേ കണ്മണി’യിലൂടെ ആണ്. റോം കോം നായകനായി താരതമ്യേന തുടക്കക്കാരനായ ദുൽഖറിനെ മണിരത്നം തെരഞ്ഞെടുത്തത്തിൽ അന്ന് പലരും അത്ഭുതപ്പെട്ടിരുന്നു. പക്ഷേ ആ അത്ഭുതത്തെ മറികടന്നു ദുൽഖറും നിത്യാമേനോനും തമ്മിലുള്ള കെമിസ്ട്രി കൊണ്ട് ആ പടം ശ്രദ്ധിക്കപ്പെട്ടു. പ്രണയത്തിന്റെ പല ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ആദി, ദുൽഖറിന്റെ കയ്യിൽ ഭദ്രമായിരുന്നു. പിന്നീട് പുറത്തിറങ്ങിയ ‘കണ്ണും കണ്ണും കൊള്ളയടിത്താലും’ ‘ഹേയ് സിനാമിക’യും ഒക്കെ ദുൽഖറിന്റെ ഈ റൊമാന്റിക് ഹീറോ ഇമേജിൽ തന്നെ ഉറച്ചു നിന്നു.
‘മഹാനടി’യിലൂടെയാണ് ദുൽഖർ തെലുങ്കിൽ ശ്രദ്ധിക്കപ്പെട്ടത്. വിവാദങ്ങളിലൂടെ, മറ്റു പലരെയും ദുൽഖറിന് വേണ്ടി ഒഴിവാക്കി എന്ന വാർത്തയോടെ ആയിരിന്നു തുടക്കം. മുൻകാല നായിക സാവിത്രിയുടെ ജീവിതകഥ പറഞ്ഞ ചിത്രത്തിൽ അവരുടെ കാമുകനും ഭർത്താവുമായിരുന്ന ജെമിനി ഗണേശനായാണ് ദുൽഖർ സൽമാൻ എത്തിയത്.
വിവാഹത്തിന് പുറത്തൊരു ബന്ധമാണ് ജെമിനിയ്ക്ക് സാവിത്രിയുമായുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അതിനു പല നിറഭേദങ്ങളും കല്പിക്കപെട്ടിരുന്നു. സാവിത്രി എന്ന പെൺകുട്ടിയെ തെന്നിന്ത്യയിലെ മികച്ച നടിയാക്കി മാറ്റുന്നതിൽ ജെമിനി ഗണേശന് വലിയ പങ്കുണ്ട് എന്നിരിക്കെ തന്നെ അവരുടെ സ്വകാര്യ ജീവിതം തുലച്ചവൻ എന്നും അവരെ മദ്യപാനശീലത്തിലേക്ക് എത്തിച്ചയാൾ എന്നുമൊക്കെ അയാൾ പഴി കേട്ടു. പതിറ്റാണ്ടുകൾ കൊണ്ട് ജെമിനി-സാവിത്രി സ്നേഹഗാഥയ്ക്ക് പല വേർഷനുകളും ഉണ്ടായി.
ചരിത്രം തന്നെ വിവിധ തരത്തിൽ രേഖപ്പെടുത്തിയ ‘വുമനൈസർ,’ അയാളുടെ കറുപ്പും വെളുപ്പുമല്ലാത്ത സ്നേഹ-നിരാസങ്ങളുടെ സങ്കീർണതകൾ ചുമലിലേറ്റേണ്ട ചുമതല ദുൽഖർ സൽമാന് ഏറ്റെടുക്കേണ്ടി വന്നു. അതിന്റെ ആവിഷ്ക്കാരത്തിൽ ദുൽഖർ എത്രത്തോളം വിജയിച്ചു എന്നത് മറ്റൊരു ‘ടോപിക്’ ആണ്, എങ്കിലും ദുൽഖർ വെറുപ്പിച്ചില്ല എന്നത് എടുത്തു പറയേണ്ടതാണ്. ജെമിനി ഗണേശൻ എന്ന ‘suave’ വ്യക്തിത്വത്തിനെ അനായാസം ദുൽഖർ ‘portray’ ചെയ്തു, കീർത്തിയുടെ സാവിത്രിയ്ക്കൊപ്പം തന്നെ.
പിന്നീട് വർഷങ്ങളുടെ ഇടവേളയെടുത്ത് ‘സീതാരാമ’ത്തിൽ എത്തി കരിയറിലെ ഏറ്റവും വലിയ വിജയത്തിന്റെ തിളക്കത്തിലാണ് ദുൽഖർ. സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ തമിഴിനെക്കാൾ കൂടുതൽ തെലുങ്കിൽ ശ്രദ്ധാലുവായിരുന്നു ദുൽഖർ എന്നും കാണാം.
‘കാർവാ’ പോലുള്ള റോഡ് മൂവിയിലൂടെയുള്ള ദുൽഖറിന്റെ ബോളിവുഡ് പ്രവേശം അപ്രതീക്ഷിതമായിരുന്നു. ചിത്രത്തെക്കാൾ കൂടുതൽ ദുൽഖറിന്റെ അവിനാശ് രാജ് പുരോഹിത് ശ്രദ്ധ നേടി. ‘സോയ ഫാക്റ്ററി’ലൂടെ അയാൾ വീണ്ടും ഹിന്ദിയിൽ എത്തി.
മലയാളത്തിൽ തുടങ്ങിയ കരിയറിന്റെ തുടക്കത്തിൽ തന്നെ ദുൽഖർ മറ്റു ഭാഷാ സംവിധായകരുടെ ശ്രദ്ധയിൽ പെട്ടത് യാദൃച്ഛികമായല്ല. വിവിധ ഭാഷകൾ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ്, കോസ്മോപൊളിറ്റൻ അപ്പീൽ ഉള്ള മുഖവും ശരീരവും, ആരെയും, പ്രത്യേകിച്ച് യുവാക്കളെ തന്നിലേക്ക് അടുപ്പിക്കുന്ന ‘disposition’ തുടങ്ങിയവ ദുൽഖറിന് മുതൽകൂട്ടായി. അതൊക്കെ എല്ലാ ഭാഷകളിലും നന്നായി തന്നെ ഉപയോഗിക്കപ്പെട്ടു. ‘സോയ ഫാക്ടറിലെ’ നിഖിൽ ഖോടാ ഈ ഗുണങ്ങളെയൊക്കെ പൂർണമായും ഉപയോഗിച്ച കഥാപാത്രമാണ്. സുന്ദരനായ, സൗമ്യനായ നാഗരികൻ ആയി കാണുന്ന പലർക്കും ആത്മാംശവും ആത്മബന്ധവും ഒക്കെ തോന്നുന്ന താരമായി അയാൾ എളുപ്പത്തിൽ മാറി.
ദുൽഖറിനോളം തന്നെ സ്റ്റൈലിഷായ, ഗ്രേസ് നിറഞ്ഞ, ‘charm’ ഉള്ള വേറെയും നായകന്മാരുണ്ടിവിടെ. എങ്കിലും അവർക്കാർക്കും കിട്ടാത്ത സമ്മതി ദുൽഖറിനു കിട്ടുന്നത് മേൽപ്പറഞ്ഞ എല്ലാറ്റിനും ഉപരി എന്തോ ഒന്ന് അയാളിൽ കാണുന്നത് കൊണ്ടാവും എന്നനുമാനിക്കേണ്ടി വരും. അങ്ങനെ നോക്കിയാൽ പാൻ ഇന്ത്യൻ പ്രെസെൻസ് ഉള്ള ഒരേയൊരു തെന്നിന്ത്യൻ ഹീറോ ദുൽഖറാണെന്നും പറയേണ്ടി വരും.
പാൻ ഇന്ത്യനാവുക എന്നത് വളരെയധികം സ്വഭാവികമായി സംഭവിച്ച ഒന്നാണ് ദുൽഖറിന്റെ കാര്യത്തിൽ. ചെന്നൈയിൽ, യുഎസ്ൽ ഒക്കെ പഠിച്ച, വിദേശ രാജ്യങ്ങളിൽ ജോലി ചെയ്ത ദുൽഖറിന് ടിപ്പിക്കൽ മലയാളി മാനറിസങ്ങൾ ഒരിക്കലും ഉണ്ടായിരുന്നില്ല. അത് ദോഷകരമായും ഗുണകരമായും ഒരാളെ ബാധിക്കാൻ സാധ്യതയുണ്ട്. പ്രാദേശികമായ ഐഡന്റിറ്റി ഇല്ലായ്മയെ ഏറ്റവും ഗുണകരമായി ഉപയോഗിച്ച സമകാലീന താരമായി ദുൽഖർ വളരുന്നു. താരം എന്ന നിലയിൽ തന്റെ ഇടം സുരക്ഷിതമാക്കുന്നതിൽ ഇത് അയാളെ വല്ലാതെ സഹായിച്ചു.
ഒരു അഭിനേതാവിനെ, അയാളുടെ രൂപവും പശ്ചാത്തലവും ഒക്കെ വച്ച് ചില പ്രത്യേക തരം വേഷങ്ങളിലേക്ക് ചുരുക്കപ്പെടുന്നത് അഥവാ അയാൾക്ക് ടാഗ് ലൈനുകൾ നൽകുന്ന അവസ്ഥ ഏറ്റവുമധികം അനുഭവിച്ച താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. ‘ഉസ്താദ് ഹോട്ടൽ’ എന്ന ചിത്രത്തിലെ ഫൈസി അന്നത്തെ ദുൽഖറിന്റെ ‘പെർസോണ’യിൽ നിന്നും വലിയ വ്യത്യാസമില്ലാത്ത കഥാപാത്രമാണ്. അത് ആ കഥാപാത്രത്തിന്റെ വിജയത്തെ വലിയ അളവിൽ സഹായിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ അങ്ങനെ തന്റെ പേഴ്സണാലിറ്റിയുടെ തന്നെ എക്സ്ടെൻഷനായ കഥാപാത്രങ്ങളിലേക്ക് ഒരു അഭിനേതാവ് ചുരുക്കപ്പെടുന്നത്, കരിയറിനെ സംബന്ധിച്ച് എത്രത്തോളം വിജയിച്ചത് ആണെങ്കിലും, അയാളുടെ വളർച്ചയ്ക്ക് സഹായകരമാവില്ല. അത് തിരിച്ചറിയുക എന്നതാണ് അതിനെ മറികടക്കുന്നതിലെ ആദ്യ കടമ്പ. കരിയറിന്റെ തുടക്കത്തിൽ ഇത് വളരെയധികം അനുഭവിച്ചിരുന്നു ദുൽഖർ. ‘എ ബി സി ഡി’ യും ‘ഉസ്താദ് ഹോട്ടലും’ അയാൾക്ക് എൻ ആർ ഐ ഹീറോ എന്ന പേര് പതിച്ചു നൽകി. ഇത് മൂലം നിരന്തരം ട്രോൾ ചെയ്യപ്പെട്ടു. സോഷ്യൽ മീഡിയയിൽ ഹാഷ്ടാഗുകൾ വന്നു കൊണ്ടേ ഇരുന്നു. ബുദ്ധിപൂർവം റോം കോമുകളും ആക്ഷൻ ത്രില്ലറുകളും തെരഞ്ഞെടുത്തു അയാൾ അതിനെ വളരെ പെട്ടന്ന് മറികടന്നു.
ഇപ്പോൾ വീണ്ടും അത്തരം ഒരു ഭാരം കൊണ്ട് താൻ ബുദ്ധിമുട്ടുന്നതായി ദുൽഖർ പറയുന്നു. ആദ്യകാലത്ത് ‘എൻ ആർ ഐ ഹീറോ’ എന്ന ലേബലും ഇപ്പോൾ കിട്ടുന്ന റൊമാന്റിക് ഹീറോ പരിവേഷവും ഒക്കെ ഭാരമാണ് എന്നയാൾ തിരിച്ചറിയുന്നുമുണ്ട്. ‘കിങ് ഓഫ് കൊത്ത,’ ‘വിലാസിനി മെമ്മോറിയൽ,’ ‘ഓതിരം കടകം’ തുടങ്ങി വരാനിരിക്കുന്ന സിനിമകളിലൂടെ ആ ടാഗ്‌ലൈൻ മായ്ച്ചു കളയാനുള്ള ശ്രമത്തിലുമാണ് അയാൾ. കൃത്യമായ ഇടവേളകളിൽ ഉള്ള ആ ബുദ്ധിപരമായ മായ്ച്ചു കളയലുകൾ കൂടിയാണ് ദുൽഖറിന്റെ വളർച്ചയിലെ ഒരാണിക്കല്ല്.
എല്ലാ താരമക്കൾക്കും സെലിബ്രിറ്റി മാതാപിതാക്കളുടെ സർനെയിം ഉണ്ട് – ദുൽഖർ സൽമാനൊഴികെ. തന്റെ നിഴൽ മകന്റെ വഴിയിൽ വീഴരുത് എന്ന് നിർബന്ധമുള്ള ഒരച്ഛനെയും, അച്ഛന്റെ വഴിയിൽ ഒരിക്കലും നിഴൽ വീഴ്ത്തരുത് എന്ന് നിർബന്ധമുള്ള ഒരു മകനെയും അവിടെ കാണാം. ദുൽഖറും മമ്മൂട്ടിയും ഒന്നിച്ചുള്ള ഫോട്ടോ പോലും കിട്ടാക്കനി ആണെന്ന് പരാതിപ്പെടുന്ന നിരവധി മാധ്യമപ്രവർത്തകരുണ്ട്.
നെപ്പോറ്റിസം ഇന്ത്യൻ സിനിമകളിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. കരിയറിന്റെ തുടക്കത്തിൽ ഇത് ദുൽഖറിനെ സഹായിച്ചോ എന്നറിയില്ല. പക്ഷേ ദുൽഖറിന്റെ അഭിനയം, രൂപം ഒക്കെ നിരന്തര താരതമ്യത്തിലൂടെ ട്രോൾ ചെയ്യപ്പെട്ടിരുന്നു. താരാരാധകർക്കിടയിൽ നടക്കുന്ന ഫാൻ ഫൈറ്റുകളുടെ ഒരുകാലത്തെ വലിയ ആയുധം ദുൽഖറിന്റെ ഫോട്ടോഷോപ്പ് ചെയ്ത് വികൃതമാക്കപ്പെട്ട ഫോട്ടോകളായിരുന്നു.
ദുൽഖറിന്റെ വളർച്ചയെ നമ്മൾ പൊതുവേ ലളിതവത്കരിക്കാറുണ്ട്. മമ്മൂട്ടിയുടെ മകൻ, ലുക്ക് തുടങ്ങിയ കാരണങ്ങളാൽ തുടങ്ങും ആ ലളിതവത്കരണം. തന്റെ ആദ്യ ചിത്രമായ ‘സെക്കന്റ് ഷോ’യുടെ ഷൂട്ടിനിടയിൽ നടന്ന ഒരു സംഭവത്തെ ദുൽഖർ ഓർക്കുന്നത് കണ്ടിട്ടുണ്ട്, കുറേ തെറിവിളികൾ കൊണ്ടും സീൻ അഭിനയിച്ചു കാണിക്കാൻ പറഞ്ഞും ആൾക്കൂട്ടം തന്നെ കൂവി വിളിച്ചതായിരുന്നു അത്.
അത്തരം കൂക്കിവിളികൾ തന്റെ കരിയറിന്റെ തുടക്കത്തിൽ നിരന്തരം ഉണ്ടായിരുന്നു എന്ന് ദുൽഖർ പറയുന്നു. മമ്മൂട്ടിയുടെ മകൻ എന്നത് പൊതുമധ്യത്തിൽ സഹായിച്ചില്ല എന്ന് മാത്രമല്ല, മമ്മൂട്ടി എന്ന അളവുകോല്‍ മുന്നിൽ കുത്തിവയ്ക്കുകയും ചെയ്തു. ആ തിരിച്ചറിവോടെയാണ് അയാൾ സിനിമയിലെ ഓരോ ചുവടും വയ്ക്കുന്നത് എന്ന് ദുൽഖറിന്റെ സിനിമാ ജീവിതം പിന്തുടരുന്ന ആർക്കും മനസ്സിലാവും.
പിന്നാലെ നടക്കാൻ അല്ലാതെ ഒപ്പം നടക്കാൻ ഇഷ്ടമുള്ള ‘ജൻഡർ ന്യൂട്രൽ’ റോളുകൾ ദുൽഖർ സൽമാൻ ആവർത്തിക്കാറുണ്ട്. ലൗഡ്, മാസ്ക്കുലിൻ റോളുകളിൽ മനഃപൂർവം കൂട്ടിച്ചേർത്ത ഒരു ശാന്തത അയാൾ എന്നും പിന്തുടർന്നിരുന്നു. ഇത് സിനിമയിൽ വളരെ വിരളമായി കാണുന്ന കാഴ്ചയാണ്. ഇതുണ്ടാക്കുന്ന വ്യത്യസ്തത അയാളുടെ താര പദവിയിലും ഇമേജ് ബിൽഡിങ്ങിലും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ഒരു നടൻ എന്ന നിലയിൽ ഇപ്പോഴും അയാളെ വെല്ലുവിളിക്കുന്ന റോളുകൾ വരാനിരിക്കുന്നതേ ഉള്ളൂ. അയാൾ ഇനിയും തെളിയിക്കാൻ ബാക്കിയുണ്ട്. പക്ഷേ താരമെന്ന നിലയിൽ അയാളുടെ ഇടം അയാൾ ഉറപ്പിച്ചിട്ടുണ്ട്. ആ ഉറപ്പിച്ച വഴികൾ വ്യത്യസ്തവും ബുദ്ധിമുട്ടേറിയതുമാണ്. വളരെയധികം പഠനങ്ങളും ശ്രമങ്ങളും അയാളുടെ ഓരോ റോളുകളിലും തെരഞ്ഞെടുപ്പുകളിലും തെളിഞ്ഞു കാണാം. ആ തെളിച്ചമാണ് ദുൽഖറിന്റെ ഇതുവരെയുള്ള കരിയറിന്റെ സൗന്ദര്യം.