ഇന്ത്യൻ സിനിമയിൽ ഒരൊറ്റ അമിതാഭ് ബച്ചനെയുള്ളൂ, സിനിമയിലെയും ജീവിതത്തിലേയും ആ തലപ്പൊക്കത്തിനും വ്യക്തിപ്രഭാവത്തിനും മുന്നിൽ മറ്റാരെയും പകരം വയ്ക്കാനാവില്ല. എന്നാൽ അഞ്ചര പതിറ്റാണ്ടിലേറെയായി നീളുന്ന കരിയറിനിടെ വ്യക്തിജീവിതത്തിൽ ബച്ചൻ അതിജീവിച്ച അപകടങ്ങൾക്കും രോഗങ്ങൾക്കും കയ്യും കണക്കുമില്ല. വീണു പോയെന്ന് കരുതിയിടത്തുനിന്നും പൂർവാധികം കരുത്തനായി ഉയർത്തെഴുന്നേറ്റ് വന്ന എത്രയോ ജീവിതാനുഭവങ്ങളുടെ കഥ പറയാനുണ്ട് ബോളിവുഡിന്റെ സ്വന്തം ബിഗ് ബിയ്ക്ക്. പ്രായം എൺപതിൽ എത്തി നിൽക്കുമ്പോഴും ഊർജ്ജസ്വലതയോടെ സിനിമയിലും ടെലിവിഷനിലും നിറഞ്ഞു നില്‍ക്കുകയാണ് അമിതാഭ് ബച്ചൻ. സിനിമയോടുള്ള പാഷന്റെയും കഠിനാധ്വാനത്തിന്റെയും കാര്യത്തിൽ ഇപ്പോഴും ഏതു തുടക്കക്കാരനെയും തോൽപ്പിച്ചുകളയും ബച്ചൻ.
പുതിയ ചിത്രം പ്രോജക്ട് കെയുടെ ഷൂട്ടിനിടെ വാരിയെല്ലിന് പരുക്കുപറ്റി വിശ്രമത്തിലാണ് ബച്ചൻ ഇപ്പോൾ. ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് താരത്തിന് പരുക്കേറ്റത്. വാരിയെല്ലിലെ തരുണാസ്ഥി പൊട്ടിയതിനൊപ്പം പേശികൾക്കും ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. “ശ്വസിക്കാനും ചലിക്കാനുമെല്ലാം വേദനയുണ്ട്. വേദനസംഹാരികൾ കഴിക്കുന്നുണ്ട്. എല്ലാം സാധാരണമാവാൻ കുറച്ച് ആഴ്‌ചകൾ എടുക്കും,” രോഗാവസ്ഥയെ കുറിച്ച് ആരാധകരെ അറിയിച്ചുകൊണ്ടുള്ള കുറിപ്പിൽ ബച്ചൻ പറയുന്നു.
80 വയസ്സിലെത്തി നിൽക്കുന്ന ഒരാൾക്ക് ഗുരുതരമായ പരുക്കുകളെ അതിജീവിക്കാനാവുമോ? അസാധ്യമെന്നാവും മിക്കവരും ആ ചോദ്യത്തിന് ഉത്തരമേകുക. എന്നാൽ, ഇവിടെ ആ പോരാളി അമിതാഭ് ബച്ചനാണ്. എൺപതിന്റെ നിറവിൽ നിൽക്കുമ്പോഴും അപ്രതീക്ഷിതമായി ഏറ്റ പരുക്കിനെ ആത്മവിശ്വാസത്തോടെ നേരിടുകയാണ് ബച്ചൻ. പരുക്കുകളെ അതിജീവിച്ച് നിർത്തിവച്ച ചിത്രങ്ങളുടെ ലൊക്കേഷനിലേക്ക് കൂടുതൽ കരുത്തോടെ താൻ തിരിച്ചെത്തുമെന്ന് ബച്ചൻ പറയുന്നു. കൃത്യമായ വ്യായാമവും ആരോഗ്യകരമായ ദിനചര്യയും ജീവിതവ്രതമാക്കി, ഊർജ്ജസ്വലതയോടെയും ഗ്രേസ്ഫുളായും എങ്ങനെ പ്രായത്തിനൊപ്പം നടക്കാമെന്ന് കാണിച്ചു തന്ന ബച്ചനു അതിനു സാധിക്കുമെന്ന് ആരാധകരും വിശ്വസിക്കുന്നു.

മരണത്തെ മുഖാമുഖം കണ്ട് കോമയിൽ
1982 ജൂലൈ 27നാണ് അമിതാഭ് ബച്ചന്റെ ജീവിതത്തെ അപ്പാടെ പ്രതിസന്ധിയിലാക്കിയ അപകടമുണ്ടാവുന്നത്. ‘കൂലി’ എന്ന ചിത്രത്തിലെ ഒരു സംഘട്ടന രംഗമായിരുന്നു ചിത്രീകരിക്കാന്‍ ഉണ്ടായിരുന്നത്. പുനീത് ഇസ്സാര്‍ എന്ന വില്ലനും അമിതാഭ് ബച്ചനും തമ്മിലാണ് സംഘട്ടനം നടക്കുന്നത്. പുനീത് വയറ്റില്‍ ഇടിക്കുമ്പോള്‍ ബച്ചന്‍ മറിഞ്ഞു അടുത്ത് കിടക്കുന്ന സ്റ്റീല്‍ മേശയിലേക്ക് വീഴണം. അതായിരുന്നു സ്റ്റണ്ട് സീക്വന്‍സ്. സംവിധായകരായ മന്‍മോഹന്‍ ദേശായി, പ്രയാഗ് രാജ് എന്നിവര്‍ ഇതിനായി ബച്ചന്റെ ബോഡി ഡബിള്‍ ഉപയോഗിക്കാം എന്ന് നിര്‍ദ്ദേശിച്ചെങ്കിലും താന്‍ തന്നെ ചെയ്യും എന്ന് അമിതാഭ് ബച്ചന്‍ വാശി പിടിക്കുകയായിരുന്നു.
ക്യാമറ ഓണ്‍ ആയി. പുനീത് ഇടിച്ചു, പക്ഷേ ഇടി കഴിഞ്ഞു ബച്ചന്‍ സ്റ്റീല്‍ മേശയിലേക്ക് വീഴുമ്പോള്‍ അദ്ദേഹത്തിന്റെ വയര്‍ മേശയുടെ വശത്ത് ശക്തമായി തട്ടി. അമിതാഭ് ബച്ചന്‍ മറിഞ്ഞു താഴെ വീണു. ഷോട്ട് ഓകെ ആയി, കട്ട് പറഞ്ഞു. ബച്ചന്‍ വീണയിടത്ത് നിന്നും എഴുന്നേറ്റു രണ്ടടി നടന്നു, പിന്നെ താഴെ വീണു. ഇടിച്ചയിടത്ത് വേദന തോന്നുന്നു എന്ന് പറഞ്ഞ അദ്ദേഹത്തെ അന്നത്തെ ഷൂട്ടിങ് മതിയാക്കി ഹോട്ടല്‍ റൂമിലേക്ക് പറഞ്ഞയച്ചു. രാത്രി വൈകി ബച്ചന്റെ നില വഷളായി. ബാംഗ്ലൂരിലെ ആശുപത്രിയില്‍ ഉടന്‍ തന്നെ ശസ്ത്രക്രിയയും നടത്തി. എന്നിട്ടും അദ്ദേഹത്തിന്റെ നിലയില്‍ മാറ്റമുണ്ടായില്ല എന്ന് മാത്രമല്ല, വീണ്ടും വഷളായി. രാജ്യത്തിന്റെ അഭിമാന താരമായിരുന്ന ബച്ചനെ ചാർട്ടേഡ് വിമാനത്തില്‍ വിദഗ്‌ധ ചികിത്സക്കായി മുംബൈയിലേക്ക് കൊണ്ട് പോയി.
1982 ഓഗസ്റ്റ് 2-ാം തീയതി. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സങ്കീര്‍ണ്ണമായ ഒരു ശസ്ത്രക്രിയ നടത്തി അമിതാഭ് ബച്ചനെ ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞു മണിക്കൂറുകള്‍ കഴിഞ്ഞിട്ടും രോഗി കോമയില്‍ നിന്നും തിരിച്ചു വന്നില്ല. അവയവങ്ങള്‍ ഓരോന്നായി തോറ്റ് തുടങ്ങിയ ശരീരം. ലക്ഷകണക്കിന് ആരാധകരാണ് താരത്തിന്റെ തിരിച്ചുവരവിനായി പ്രാർത്ഥനകളുമായി ആ ദിവസങ്ങൾ കഴിഞ്ഞുകൂടിയത്. പ്രതീക്ഷ നഷ്ടപ്പെട്ട ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ വിളിച്ചു വിവരമറിയിച്ചു. അവരെ രോഗിയുടെ അടുത്തേക്ക് കൊണ്ട് പോയി. സങ്കടത്തിന്റെ നിശബ്ദതയില്‍ നില്‍ക്കുമ്പോഴും അദ്ദേഹത്തിന്റെ ഭാര്യ ജയ മാത്രം ആ വിട വാങ്ങല്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. മുപ്പത്തിയൊമ്പത് വയസ്സായിരുന്നു അമിതാഭ് ബച്ചന്, അവര്‍ക്ക് മുപ്പത്തിനാലും. എട്ടും ആറും വയസ്സുള്ള രണ്ടു കുഞ്ഞുങ്ങള്‍. അവരെ ഒറ്റയ്ക്കാക്കി അദ്ദേഹം പോവില്ല എന്ന് ജയയ്ക്ക് മാത്രം ഉറപ്പുണ്ടായിരുന്നു. അങ്ങനെ ആ ശരീരത്തില്‍ നോക്കി നില്‍ക്കുമ്പോള്‍ അവര്‍ കണ്ടു. കാലിന്റെ പെരുവിരലിന്റെ ചെറു അനക്കം. അവര്‍ ഡോക്ടര്‍മാരോട് പറഞ്ഞു, ‘കാല്‍ അനങ്ങി, ഞാന്‍ കണ്ടു’. ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ ജീവന്‍ തിരിച്ചു പിടിക്കാനുള്ള തീവ്ര പരിചരണം തുടങ്ങി. അങ്ങനെ അമിതാഭ് ബച്ചന്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നു.
സ്നേഹിക്കുന്ന ആളുകളുടെ പ്രാര്‍ത്ഥനകളാണ് തന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത് എന്നാണ് പിന്നീട് അമിതാഭ് ബച്ചൻ അതിനെ കുറിച്ച് പറഞ്ഞത്. അന്നു മുതൽ അമിതാഭ് ബച്ചൻ വീട്ടിലുള്ള ദിവസങ്ങളിൽ എല്ലാ ഞായറാഴ്ചയും മുംബൈയിലെ അദ്ദേഹത്തിന്റെ വസതികളായ ‘പ്രതീക്ഷ’, ‘ജല്‍സ’ എന്നിവയുടെ പൂമുഖത്ത് പ്രത്യക്ഷപ്പെടാനും ആരാധകരെ അഭിവാദ്യം ചെയ്യാനും തുടങ്ങി. വർഷങ്ങളായി ആ പതിവ് താരം തുടരുകയാണ്. ജനങ്ങളില്‍ നിന്നും തനിക്കു കിട്ടിയ സ്നേഹം ഒരു വായ്പയാണ് എന്നും അത് ഗഡുക്കളായി തിരിച്ചു നല്‍കുകയാണെന്നുമാണ് ബച്ചൻ വിശ്വസിക്കുന്നത്.
രക്തദാതാവിൽ നിന്നും പകർന്ന അസുഖം
‘കൂലി’ അപകടം നടന്ന് ചികിത്സയിൽ കഴിയുന്ന സ്ഥാനത്ത് നിരവധി പേർ താരത്തിന് രക്തം നൽകാനായി മുന്നോട്ട് വന്നു. കൂട്ടത്തിൽ രക്തം നൽകിയ ഒരു ദാതാവ് ഹെപ്പറ്റിറ്റിസ് ബി വൈറസ് ബാധിതനായിരുന്നു. അതോടെ ബച്ചനും ഹെപ്പറ്റിറ്റിസ് ബി വൈറസ് ബാധിതനായി. ലിവർ സിറോസിസ് ബാധിച്ചതോടെ അദ്ദേഹത്തിന്റെ കരളിന്റെ പ്രവർത്തനത്തിന്റെ 75 ശതമാനത്തോളം തകരാറിലായതായി ഡോക്ടർമാർ ബച്ചനെ അറിയിച്ചു. മദ്യപാനികൾക്കിടയിലാണ് സാധാരണയായി ലിവർ സിറോസിസ് കണ്ടുവരാറുള്ളത് എന്നാൽ താൻ ഒരിക്കലും മദ്യം കഴിച്ചിട്ടില്ലെന്ന വസ്തുത ബച്ചൻ തുറന്നു പറഞ്ഞു.
ആകസ്മികമായി തന്നിലേക്ക് എത്തിയ ആ രോഗത്തെയും മനസാന്നിധ്യത്തോടെയാണ് ബച്ചൻ നേരിട്ടത്. ഹെപ്പറ്റൈറ്റിസ് ബി ബാധിതരോട് വിവേചനം കാണിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബച്ചൻ ആഗ്രഹിച്ചു. “എന്റെ കരളിന്റെ 25 ശതമാനം കൊണ്ട് എനിക്ക് അതിജീവിക്കാൻ കഴിയുമെങ്കിൽ, 12 ശതമാനം കൊണ്ട് പോലും അതിജീവിക്കുന്ന മറ്റുള്ളവരുണ്ട്,” ഹെപ്പറ്റൈറ്റിസ് രോഗികളുടെ അതിജീവനത്തെ അഭിനന്ദിച്ചുകൊണ്ട് ബച്ചൻ അന്നു പറഞ്ഞ വാക്കുകളിങ്ങനെ.

മൈസ്തീനിയ
1984ൽ അമിതാഭ് ബച്ചന് ന്യൂറോ മസ്കുലാർ രോഗമായ മൈസ്തീനിയ ഗ്രാവിസ് ആണെന്ന് സ്ഥിരീകരിച്ചു. ഒരു ഓട്ടോ ഇമ്യൂൺ അസുഖമാണിത്. ശരീരം തന്നെ ഉല്പാദിപ്പിക്കുന്ന ആന്റി ബോഡികൾ തന്നെ നമ്മുടെ രോഗപ്രതിരോധശേഷി ഇല്ലാതാക്കുന്ന അവസ്ഥയാണിത്. ശരീരത്തിലെ പേശികളുടെ ശക്തിക്കുറയുന്നതാണ് പ്രധാന ലക്ഷണം. പേശികളുടെ ശക്തി കുറയുന്നതിന്റെ ഭാഗമായി കണ്ണും കഴുത്തും ശരീരവുമൊക്കെ ശരിയായി ചലിപ്പിക്കാനാവാത്ത സ്ഥിതിയുണ്ടാകാം. ശക്തിക്കുറവുമൂലം ശ്വാസമെടുക്കാൻ പറ്റാത്ത സ്ഥിതിയുമുണ്ടാകുന്നതോടെ ഈ രോഗം ഗുരുതരാവസ്ഥയിലെത്തും.
ക്ഷയരോഗം പിടിമുറുക്കിയപ്പോൾ
2000ൽ ബച്ചന്റെ ആരോഗ്യം വീണ്ടും പ്രതിസന്ധിയിലായി. നട്ടെല്ല് ക്ഷയിക്കുന്ന അസുഖമാണെന്ന് (സ്പൈനൽ ട്യൂബർകുലോസിസ്) കണ്ടെത്തി. വർഷങ്ങളോളം ശക്തമായ നടുവേദന അനുഭവപ്പെട്ടിരുന്നുവെങ്കിലും രോഗം കണ്ടെത്താൻ വൈകുകയായിരുന്നു. സാധാരണ നടുവേദന ആണെന്നോർത്ത് ചികിത്സയെടുത്ത നാലഞ്ചു വർഷം കഴിഞ്ഞാണ് നട്ടെല്ലിന് ക്ഷയരോഗമാണെന്ന് കണ്ടെത്തിയത്. ഒരു വർഷത്തോളം കഠിനമായ ചികിത്സയ്ക്ക് വിധേയനായതിനു ശേഷമാണ് ബച്ചൻ രോഗവിമുക്തനായത്. കോൻ ബനേഗാ കോർപതിയുടെ ചിത്രീകരണകാലത്ത് പത്തോളം വേദനസംഹാരി ഗുളികകൾ കഴിച്ചാണ് താൻ ഓരോ ദിവസവും ചിത്രീകരണം പൂർത്തിയാക്കിയതെന്ന് ബച്ചൻ തുറന്നു പറഞ്ഞിരുന്നു.
മലാശയരോഗവും കുടൽ വീക്കവും
2005 നവംബറിൽ കഠിനമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബച്ചനിൽ ഡൈവെർട്ടികുലൈറ്റിസ് കണ്ടെത്തി. സാധാരണ വൻകുടലിനെ ബാധിക്കുന്ന ഡൈവെർട്ടികുലൈറ്റിസ് ബച്ചനിൽ കണ്ടെത്തിയത് ചെറുകുടലിലാണ്. ഇത് കാര്യങ്ങളെ സങ്കീർണ്ണമാക്കി. കുടൽ വീക്കവും ചെറുകുടലിൽ സുഷിരവും കണ്ടെത്തിയതിനെ തുടർന്ന് താരത്തെ മേജർ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
കോവിഡ് പോരാട്ടം
2020ൽ ലോകമെമ്പാടും കൊറോണ ഭീതിയിലായിരിക്കെ അമിതാഭ് ബച്ചനെയും കോവിഡ് ബാധിച്ചു. എന്നാൽ പ്രായാധിക്യത്തിനിടിയിലും കോവിഡിനെ അതിജീവിച്ച് ബച്ചൻ ജീവിതത്തിലേക്കു തിരിച്ചെത്തി. രോഗാവസ്ഥയ്ക്കിടയിലും കോവിഡിനെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനായി തന്റെ സമൂഹമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കുകയാണ് താരം ചെയ്തത്.