Friendship Day 2020: A M Arif MP on his friendship with Mammootty: കണിച്ചുകുളങ്ങരയിലെ മമ്മൂട്ടിയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക്, വര്‍ഷങ്ങള്‍ക്ക് മുന്‍പ് എസ്.എന്‍.കോളജിലെ അന്നത്തെ മാഗസിന്‍ എഡിറ്റര്‍, കോളേജ് മാഗസിനു വേണ്ടിയുള്ള പിരിവിനെത്തിയപ്പോള്‍ അദ്ദേഹം നൂറു രൂപ നല്‍കി. മമ്മൂട്ടിയോട് നന്ദി അറിയിച്ച് മാഗസിന്‍ എഡിറ്ററും കൂട്ടുകാരും മടങ്ങി. കഴിഞ്ഞ ഏപ്രില്‍ 19ന് ആ മാഗസിന്‍ എഡിറ്റര്‍ എഴുതിയ പുസ്തകത്തിന് അവതാരിക എഴുതി, പുസത്കം പ്രകാശനം ചെയ്തത് അന്നത്തെ നൂറു രൂപയുടെ സ്പോണ്‍സറായ മമ്മൂട്ടി തന്നെ. ഒരു സൗഹൃദദിനത്തില്‍ വളരെ വിലപ്പെട്ട ചില നിമിഷങ്ങളോര്‍ത്തെടുക്കാന്‍ തക്കവണ്ണം മമ്മൂട്ടിയും ആ മാഗസിന്‍ എഡിറ്ററും തമ്മിലുള്ള ബന്ധം വളര്‍ന്നത് കാലത്തിന്‍റെ മാജിക്ക്.
എ. എം. ആരിഫ് ആദ്യമായ് നിയമസഭയിലേക്ക് മല്‍സരിക്കുന്നത് 2006ലാണ്. അരൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു ജനവിധി തേടിയത്. കെ. ആര്‍. ഗൗരിയമ്മ ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.
“അരൂര്‍ മണ്ഡലത്തിലുള്‍പ്പെട്ട ചന്തിരൂരാണ്, മമ്മൂക്കയുടെ അമ്മയുടെ വീട്. ആ കുടുംബാംഗങ്ങളുടെ വോട്ട് വാങ്ങിച്ചു തരണമെന്ന് പറയാനാണ് ആദ്യമായി ഞാന്‍ മമ്മൂക്കയെ ഫോണില്‍ വിളിക്കുന്നത്. പക്ഷേ, അദ്ദേഹമെന്നെ ശ്രദ്ധിച്ചത് ജയിച്ച് എം.എല്‍.എ ആയതിനു ശേഷമാണ്,” ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് ആരിഫ് ഓര്‍മകള്‍ പങ്കു വെച്ചു.

തൊട്ടടുത്ത വര്‍ഷം, തന്‍റെ മണ്ഡലത്തിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ആരിഫ് നടപ്പിലാക്കിയ ‘സ്മാര്‍ട്ട് ക്ലാസ് റൂം’ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയത് മമ്മൂട്ടിയാണ്. പിന്നീട് ആ സൗഹൃദം വളര്‍ന്നു. മമ്മൂട്ടി സിനിമകളുടെ ലൊക്കേഷന്‍ അടുത്തുണ്ടെങ്കില്‍ ആരിഫ് അവിടെ ചെന്ന് കണ്ട് സംസാരിച്ചിരിക്കും ഒരുമിച്ച് പള്ളിയില്‍ പോകും, അങ്ങനെ ഔപചാരികതകളൊക്കെ അലിഞ്ഞ്, പുറമേ ഗൗരവക്കാരനെന്ന് തോന്നിപ്പിക്കുന്ന മമ്മൂട്ടിയും നാട്ടുകാരുടെ പ്രിയപ്പെട്ട നേതാവുമായ ആരിഫുമായുള്ള ചങ്ങാത്തം വളര്‍ന്നു.
നൂറു വര്‍ഷം പൂര്‍ത്തിയാക്കിയ ചന്തിരൂര്‍ സ്കൂളിന്‍റെ വാര്‍ഷികത്തിനും ‘സ്മാര്‍ട്ട് സ്കൂള്‍’ ഉദ്ഘാടനത്തിനും അഗ്രോഫെസ്റ്റിനും പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിനുമൊക്കെ സൂപ്പര്‍സ്റ്റാര്‍ മമ്മൂക്ക എത്തി. ഇത്രയധികം പൊതുപരിപാടികളില്‍ മമ്മൂട്ടി പങ്കെടുത്തിട്ടുള്ളത് തന്‍റെ മണ്ഡലത്തില്‍ മാത്രമായിരിക്കുമെന്നും ആരിഫ് ഓര്‍ത്തെടുക്കുന്നു.
ഏറ്റവുമൊടുവില്‍ കഴിഞ്ഞ ഏപ്രില്‍ 19ന്, ‘എന്‍റെ തിരഞ്ഞെടുത്ത നിയമസഭാ പ്രസംഗങ്ങളും മാധ്യമ ഇടപെടലുകളും’ എന്ന പേരില്‍ ആരിഫിന്‍റെ പുസ്തകം ‘മാതൃഭൂമി ബുക്ക്സ്’ പുറത്തിറക്കിയപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചതും മമ്മൂട്ടിയായിരുന്നു.
പുസ്തകപ്രകാശനച്ചടങ്ങ് നടത്തിയതോ മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ വീട്ടില്‍ വച്ചും. മമ്മൂട്ടി അവതാരിക എഴുതിയ ആ പുസ്തകം, അദ്ദേഹത്തിന്‍റെ അധ്യാപകനായ പ്രൊഫസര്‍ എം. കെ. സാനുവിന് നല്‍കിയാണ് പ്രകാശനം ചെയ്തത്. ചടങ്ങിനെത്തിയവര്‍ക്ക് ചായയും പലഹാരങ്ങളും നല്‍കിയതും മമ്മൂട്ടി തന്നെ.

മമ്മൂട്ടി സിനിമകളെല്ലാം തന്നെ തീയേറ്ററില്‍ പോയ് കണ്ട് ആരിഫ് അഭിപ്രായം പറയാറുണ്ട്. ജന്മദിനത്തില്‍ മറക്കാതെ ആശംസകള്‍ നേരും.
“മമ്മൂക്കയുടെ ഗ്ലാമറിന്‍റെ ഏഴയലത്ത് എത്തില്ലെങ്കിലും മണ്ഡലത്തിലുളളവര്‍, ഞങ്ങളുടെ സ്ഥാനാര്‍ത്ഥി മമ്മൂട്ടിയാണെന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമാണ്. ഇ. പി. ജയരാജനെപ്പോലെ പാര്‍ട്ടിയില്‍ ചിലര്‍ മമ്മൂട്ടിയെന്ന് വിളിക്കുന്നത് കേള്‍ക്കുന്നതും ഒരു സുഖമാണ്,” തിരഞ്ഞെടുപ്പ് കാലങ്ങളിലെ അനുഭവങ്ങളും പങ്കുവെച്ചു കൊണ്ട് ആരിഫ് പറയുന്നു.
‘ആരിഫ് രാഷ്ട്രീയത്തിലല്ല, സിനിമയില്‍ വരേണ്ടയാളാണെന്നൊക്കെ’ ആരിഫിന്‍റെ ഭാര്യയോട് മമ്മൂട്ടി പറഞ്ഞിട്ടുണ്ടെങ്കിലും സിനിമയില്‍ വരുന്നതൊക്കെ ശ്രദ്ധിച്ച് മതിയെന്ന് ഉപദേശരൂപേണ മുന്നറിയിപ്പു കൊടുത്തിട്ടുണ്ട്. ആ ഉപദേശം കേട്ടിട്ടാകണം സിനിമയിലേക്കില്ലെന്ന് പറഞ്ഞ്, പല ക്ഷണങ്ങളും ആരിഫ് സ്നേഹപൂര്‍വം നിരസിച്ചത്.
തിരിച്ച് രാഷ്ട്രീയത്തിലേക്ക് മമ്മൂട്ടിയെന്ന ചില വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍, ‘മമ്മൂക്കയൊക്കെ വന്നാല്‍ ഞങ്ങളെപ്പോലുള്ളവരുടെ കാര്യമൊക്കെ കഷ്ടത്തിലാകുമെന്ന്’ ആരിഫും തമാശയായ് പറയാറുണ്ട്. ആ തമാശ മമ്മൂക്കയും ഗൗരവത്തിലെടുക്കാതിരിക്കില്ല. കാരണം പറയുന്നത് അത്ര വേണ്ടപ്പെട്ട ഒരു സുഹൃത്താണല്ലോ?