താരജാഡകളില്ലാത്ത തമിഴകത്തെ താരരാജാവാണ് വിജയ് സേതുപതി എന്നതില്‍ തര്‍ക്കമൊന്നുമില്ല. നടപ്പിലും സംസാരത്തിലും ലാളിത്യം നിറഞ്ഞ ഭാവം. ആരാധകർക്ക് അവരുടെ സ്വന്തം വിജയ്. ആരാധകനെ ഏതവസരത്തിലും നെഞ്ചോടു ചേർത്ത് നിർത്താൻ മടി കാണിക്കാത്ത നടൻ. കഷ്ടപ്പാടുകളിൽനിന്നും മഹാ നടനായി വളർന്നതുകൊണ്ടാവാം സിനിമയിലെത്തിയിട്ടും വിജയ് അതിൽനിന്നും ഒട്ടും മാറാത്തത്.

സൗഹൃദ ദിനമായ ഇന്നും അതിനൊട്ടും മാറ്റം വരുത്താന്‍ സേതുപതി തയ്യാറല്ല. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ആരാധകര്‍ക്കപ്പമുളള ചിത്രമാണ് കൊളാഷായി അദ്ദേഹം ഫ്രണ്ട്ഷിപ് ഡേ സന്ദേശത്തോടൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത്. വിക്രം വേദയുടേയും മറ്റും ചിത്രീകരണത്തിനിടെ ആരാധകരോടൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. സേതുപതിയിലെ എളിമയും ലാളിത്യവും ഒന്നുകൂടെ പുറത്തുവരുന്നുവെന്നാണ് ഈ ചിത്രം പോസ്റ്റ് ചെയ്തതോടെ ആരാധകര്‍ ഒന്നടങ്കം പറയുന്നത്.

നേരത്തേ ഷൂട്ടിങ് സെറ്റിൽനിന്നും പുറത്തുവരുന്ന വിജയ് സേതുപതിയുടെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. വിജയ് സേതുപതിയുടെ ’96’ എന്ന സിനിമയുടെ സെറ്റിൽനിന്നുളള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. തറയിൽ വെറും സാധാരണക്കാരനെപ്പോലെ വിജയ് ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നിട്ടുളളത്. ഒറ്റനോട്ടത്തിൽ കണ്ടാൽ ഒരു നടനാണെന്നു പറയുക പോലുമില്ല. അത്രയ്ക്കും സിംപിളായ ഒരു മനുഷ്യൻ.

ഷൂട്ടിങ് സെറ്റിൽ ഒരാൾ കുട പിടിച്ച് കൊടുത്താൽ മാത്രം നടക്കുകയും കസേരയിൽ മാത്രം ഇരിക്കുകയും ചെയ്യുന്ന നടന്മാരെ കണ്ടിട്ടുളളവർക്ക് വിജയ് സേതുപതി ഇങ്ങനെയും നടനാവാം എന്നു കാണിച്ചുതരുന്നു.
ഷൂട്ടിങ് സെറ്റിൽ മാത്രമല്ല ആരാധകരോടുളള പെരുമാറ്റത്തിലും വിജയ് സേതുപതി പലപ്പോഴും ഞെട്ടിപ്പിക്കാറുണ്ട്. വിജയ് സേതുപതിയെ ഒരുപാട് സ്നേഹത്തോടെ ഉമ്മ വയ്ക്കുന്ന ഒരു ആരാധകന്റെ ഒരൊറ്റ ചിത്രം മാത്രം മതിയാകും ഇതിന്. ആരാധകരെ വെറും ആരാധകരായി മാത്രം കാണുന്ന നടന്മാരിൽനിന്നും തന്റെ സ്വന്തമെന്ന പോലെ കാണുന്ന നടനാണ് വിജയ് സേതുപതി.

വിജയ് സേതുപതിയുടെ പുതിയ ചിത്രമാണ് 96. തൃഷയാണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ മൂന്നു കാലഘട്ടത്തിലൂടെ കടന്നുപോകുന്ന മനുഷ്യനായാണ് വിജയ് എത്തുന്നതെന്നും 96 വയസ്സുകാരനായിട്ടും എത്തുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തുവന്നിട്ടുണ്ട്. വിജയ് സേതുപതിയും മാധവനും നായകന്മാരായ ‘വിക്രം വേദ’ മെഗാ വിജയം നേടി മുന്നേറുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook