സുഹൃത്തുക്കള്‍ എങ്ങനെയാകണം എന്നതിനെക്കാള്‍ എങ്ങനെയാകരുത് എന്നു പറയുന്നതാകും നല്ലത്. കഴിഞ്ഞദിവസം മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ അംബോളി ഘട്ടില്‍ 2000 അടി താഴ്ചയിലേക്ക് വീണ രണ്ട് യുവാക്കള്‍ മരിച്ചതിന്റെ ദൃശ്യങ്ങള്‍ നമ്മള്‍ കണ്ടതാണ്. കൂടെയുണ്ടായിരുന്നവര്‍ അതിന്റെ ദൃശ്യങ്ങള്‍ എടുത്ത് രസിക്കുന്നതിനിടയില്‍ നഷ്ടപ്പെട്ടത് രണ്ടു ജീവിതങ്ങളാണ്. അത്തരം സൗഹൃദങ്ങളില്‍ എനിക്ക് വിശ്വാസമില്ല. ജീവിതം എടുക്കുന്നിടത്തല്ല, അത് കൊടുക്കുന്നിടത്താണ് ഒരു സുഹൃത്തിന്റെ വിജയം.

പല സൗഹൃദങ്ങളും കാണുമ്പോള്‍ തോന്നിയിട്ടുണ്ട് അതിന്റെ ഏക ഉദ്ദേശം മദ്യപാനം മാത്രമാണെന്ന്. അത്തരക്കാര്‍ കൂടെയുണ്ടാകുന്നത് നല്ല കാലത്ത് മാത്രമാണ്. പക്ഷെ, കഷ്ടകാലത്ത് കൈപിടിക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്. അത്തരം സൗഹൃദങ്ങളും ഇന്നു കുറവാണെന്നു തോന്നുന്നു. വാട്‌സ് ആപ്പിനും ഫെയ്‌സ്ബുക്കിനും അപ്പുറത്തേക്ക് സൗഹൃദങ്ങള്‍ വളരാത്ത ദുഃഖകരമായ ഒരവസ്ഥയാണ് ഇന്നുള്ളത്. സൗഹൃദം എന്ന വാക്കിന് ഞാന്‍ കൊടുക്കുന്ന ഡെഫിനിഷന്‍ സത്യസന്ധത എന്നാണ്. സുഹൃത്തുക്കള്‍ സത്യസന്ധരായാല്‍ മാത്രം മതി. ബാക്കിയെല്ലാം പുറകെ വന്നോളും.

പണ്ടു സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഞങ്ങള്‍ ഒരു കൂട്ടം സുഹൃത്തുക്കളുണ്ടായിരുന്നു. ഒരിക്കല്‍ കൂട്ടത്തില്‍ ഒരാളുടെ തലയില്‍ ഉദിച്ച ഒരാശയമാണ്, എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് ഓരോരുത്തരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിക്കുക. അപ്പോള്‍ വീട്ടുകാരെ പരിചയപ്പെടാനും സാധിക്കും സൗഹൃദം കുറച്ചുകൂടി ദൃഢമാകുകയും ചെയ്യും. അങ്ങനെ ഓരോ വെള്ളിയാഴ്ചയും ഞങ്ങള്‍ ഓരോരുത്തരുടെ വീട്ടില്‍ പോയി തുടങ്ങി. എന്നാല്‍ കൂട്ടത്തില്‍ ഒരാള്‍ മാത്രം ഞങ്ങളെ വീട്ടിലേക്ക് വിളിക്കുന്നില്ല. ഞങ്ങള്‍ അങ്ങോട്ടു ചോദിച്ചിട്ടും അവന്‍ വലിയ താത്പര്യം കാണിച്ചില്ല. ഒടുവില്‍ എല്ലാവരുടെ വീടും കഴിഞ്ഞു. ഇനി അവന്റെ ഊഴമാണ്. അവസാനം തെല്ലൊരു ഇഷ്ടക്കേടോടെ അവന്‍ പറഞ്ഞു ‘ങ്ഹാ, വാ’ എന്ന്. അങ്ങനെ ഞങ്ങള്‍ പോയി. കുറേ നടക്കാനുണ്ടായിരുന്നു അവന്റെ വീട്ടിലേക്ക്. നടത്തത്തിനിടയില്‍ ഞാനവനോട് ചോദിച്ചൊരു കാര്യം എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്:

‘എടാ നിന്റെ വീട് കോഴിക്കോട് തന്നെയല്ലേ?’ അവനൊന്നും മിണ്ടിയില്ല. പിന്നെയും ഞങ്ങള്‍ നടന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും ഞാന്‍ ചോദിച്ചു:

‘എടാ നിന്റെ വീട് കേരളത്തില്‍ തന്നെയാണോ?’ ആ ചോദ്യത്തിനും അവന്‍ മറുപടിയൊന്നും പറഞ്ഞില്ല. നടത്തം തുടര്‍ന്നു. ഞങ്ങള്‍ അവനെ അനുഗമിച്ചു. സഹികെട്ട് ഒന്നുകൂടി ഞാന്‍ ചോദിച്ചു

‘എടാ നിന്റെ വീടെന്താ ഇന്ത്യയില്‍ അല്ലേ?’ മറുപടിയില്ല. നടത്തത്തിനൊടുവില്‍ ഞങ്ങളെത്തി. ആ വീടിന്റെ അവസ്ഥ കണ്ടപ്പോളാണ് അവന്‍ എന്തുകൊണ്ടാണ് അത്രയും ദിവസമായിട്ട് ഞങ്ങളെ വീട്ടിലേക്ക് വിളിക്കാതിരുന്നത് എന്ന് മനസിലായി. വളരെ ഉള്‍പ്രദേശത്ത് അത്രയും ചെറിയൊരു വീട്. വല്ലാത്തൊരു അടി കിട്ടിയ അവസ്ഥായിരുന്നു. അവനെക്കുറിച്ച് ഞങ്ങള്‍ക്കാര്‍ക്കും ഒന്നും അറിയില്ലായിരുന്നെന്ന് അപ്പോളാണ് മനസിലായത്. അവനാരോടും ഒന്നും പറഞ്ഞിട്ടും ഇല്ലായിരുന്നു. എന്നാല്‍ അവന്റെ സംസാരത്തില്‍ നിന്നും വേഷത്തില്‍ നിന്നുമൊന്നും അവന്റെ അവസ്ഥ വായിച്ചെടുക്കാനും കഴിഞ്ഞിട്ടില്ല. വില കൂടിയ വസ്ത്രങ്ങള്‍ ധരിച്ചു സ്‌കൂളില്‍ വന്നിരുന്ന ആ കൂട്ടുകാരന്‍ വലിയ പണക്കാരനാണെന്നു തോന്നിക്കുംവിധമാണ് ഞങ്ങളോട് സംസാരിച്ചിരുന്നത്. പക്ഷെ ഒന്നു പറയാതിരിക്കാന്‍ കഴിയില്ല, എല്ലാ വീടുകളില്‍ നിന്നും കിട്ടിയതിനെക്കാള്‍ സ്‌നേഹം ഞങ്ങള്‍ക്ക് അവന്റെ വീട്ടില്‍ നിന്നും കിട്ടി. അച്ഛന്‍ മരിച്ചു പോയ അവനെ നോക്കാനും വളര്‍ത്താനും അമ്മ ഒരുപാട് കഷ്ടപ്പെടുന്നുണ്ടായിരുന്നു.

ആ സംഭവം എന്നെ ഒരുപാട് ചിന്തിപ്പിച്ചു. കൂട്ടുകാരോടു പോലും പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ആരോടാണ് നമ്മള്‍ ദുഃഖങ്ങള്‍ പങ്കവെയ്ക്കുക? അവന് ഞങ്ങളോട് പറയാമായിരുന്നില്ലേ.. സുഹൃത്തുക്കള്‍ പരസ്പരം എല്ലാം പങ്കവെയ്ക്കണം. അത് ആ സൗഹൃദത്തെ ദൃഢപ്പെടുത്തുകയേ ഉള്ളൂ. ഇനിയിപ്പോള്‍ അതോടെ നഷ്ടപ്പെട്ടു പോയാല്‍ പോട്ടെ എന്നു വിചാരിക്കണം.

എന്റെ ജീവിതത്തില്‍ എന്നെ സഹായിച്ചിട്ടുള്ള ഒരുപാട് സുഹൃത്തുക്കളുണ്ട്. നവംബര്‍ 15നാണ് എന്റെ പുതിയ സിനിമ ഉരുക്ക് സതീശന്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ പാട്ടുകളൊക്കെ യൂടൂബിൽ റിലീസ് ആയിക്കഴിഞ്ഞു. ആ സിനിമ ഉള്‍പ്പെടെ എന്റെ എല്ലാ സിനിമകള്‍ക്കും ലൊക്കേഷന്‍ കണ്ടുപിടിക്കാനും മറ്റാവശ്യങ്ങള്‍ക്കുമൊക്കെ സഹായിച്ചിട്ടുള്ളത് ആ സുഹൃത്തുക്കളാണ്. എന്റെ മിക്ക സുഹൃത്തുക്കളും സിനിമക്കു പുറത്തുള്ളവര്‍ തന്നെയാണ്. സൗഹൃദമാണ് ശക്തി.

-സന്തോഷ് പണ്ഡിറ്റ്

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ