അഹമ്മദാബാദ് : “എത്രകാലമാണ് ഇത് തുടരുക ? നിയമത്തെ കൈയിലെടുത്തുകൊണ്ട് ഞങ്ങളുടെ അഭിപ്രായ സ്വതന്ത്ര്യത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും നിരന്തരമായി ആക്രമിക്കാന്‍ ആരാണ് അവര്‍ക്ക് അനുമതി കൊടുക്കുന്നത് ? ഇത് ഉടനടി തന്നെ അവസാനിപ്പിക്കുകയും നടപടി സ്വീകരിക്കുകയും വേണം ” കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോടു ദീപികാ പദുകോണ്‍ നടത്തിയ അഭ്യര്‍ത്ഥനയാണിത്‌.

സൂറത്തില്‍ നടന്ന ഒരു സംഭവമാണ് ദീപികയെ അലട്ടിയിരിക്കുന്നത്. ദീപികയും രണ്‍വീര്‍ സിങ്ങും മുഖ്യകഥാപാത്രങ്ങളായി എത്തുന്ന സഞ്ജയ്‌ ബന്‍സാലി ചിത്രമായ പത്മാവതിയിലെ ഒരു രംഗം വരച്ച കലാകാരന്‍റെ കലയ്ക് നേരെ നടന്ന ആക്രമമാണ് ദീപികയെ പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത്.

ഒക്ടോബര്‍ പതിനാലിനാണ് കലാകാരനായ കരണ്‍ സൂറത്തിലെ ഒരു മാളില്‍ പത്മാവതിയിലെ ഒരു രംഗം വരയ്ക്കുന്നത്. കരണിന്‍റെ സൃഷ്ടി വാര്‍ത്തകളില്‍ നിറഞ്ഞതിനു പിന്നാലെ തന്നെ പ്രതിഷേധവുമായി വലതുപക്ഷ സംഘടനകള്‍ രംഗത്തു വരികയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ തന്നെ അവര്‍ കരണിനേയും തേടിയെത്തി. മാളിലെ നിലത്ത് തീര്‍ത്ത കരണിന്‍റെ സൃഷ്ടി മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ മായ്ച്ചുകളയുന്ന രംഗവും അക്രമികള്‍ തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഇതിനിയും തുടര്‍ന്നുകൂടാ എന്ന് പറഞ്ഞുകൊണ്ടാണ് ദീപികയുടെ പ്രതികരണം. ട്വിറ്ററിലൂടെയാണ് താരം കേന്ദ്രമന്ത്രിയെ അഭ്യര്‍ത്ഥന അറിയിക്കുന്നത്.

പ്രഖ്യാപനം വന്നത് മുതല്‍ വാര്‍ത്തകളില്‍ ഏറെ നിറഞ്ഞു നിന്ന ചലച്ചിത്രമാണ് സഞ്ജയ്‌ ലീലാ ബന്‍സാലിയുടെ പത്മാവതി. രണ്‍വീര്‍ സിങ് നായകകഥാപാത്രമായ അലാവുദ്ദീന്‍ ഖില്‍ജിയും ദീപികാ പദുകോണ്‍ നായികയുമാവുന്ന ചിത്രത്തിനെതിരെ തുടക്കം മുതല്‍ തന്നെ വലതുപക്ഷ സംഘടനകള്‍ രംഗത്ത് വന്നിരുന്നു.

പ്രണയത്തിന്‍റെയും ത്യാഗത്തിന്‍റെയും കഥ പറയുന്നതാണ് ചിത്രമെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കിയപ്പോഴും. സഞ്ജയ്‌ ലീലാ ബന്‍സാലിയെ ചെരുപ്പുകൊണ്ടടിക്കുവാനാണ് മധ്യപ്രദേശില്‍ നിന്നുമുള്ള ബിജെപിയുടെ ഒരു നേതാവ് ആഹ്വാനം ചെയ്തത്. ചിലര്‍ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് തടസ്സപ്പെടുത്തിയതായും നേരത്തെ പരാതിയായി ഉയര്‍ന്നിരുന്നു.

READ MORE : പത്മാവതി മിഥ്യയും സത്യവും

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ