‘എനിക്ക് റോക്‌സ്റ്റാര്‍ ആവേണ്ട, എനിക്ക് ഇതിഹാസമാകണം.’ ഗുജറാത്തിലെ പാഴ്‌സി കുടുംബത്തില്‍ ജനിച്ച ഫാറൂഖ് ബുള്‍സാറ എന്ന ഫ്രെഡി മെര്‍ക്കുറി പറയുകയുണ്ടായി. റോക്ക് സംഗീതത്തിലെ എക്കാലത്തേയും മികച്ച ഗായകരില്‍ ഒരാളായാണ് ഫ്രെഡി മെര്‍ക്കുറി അറിയപ്പെടുന്നത്.

ബ്രിട്ടീഷ് റോക്ക് ബാന്‍ഡായ ക്വീനിന്റെ ഗായകനും പിയാനോയിസ്റ്റും ആയി തിളങ്ങിയ ഫ്രെഡി മെര്‍ക്കുറിയുടെ ജീവിതവും പാട്ടുപോലെ സംഭവബഹുലമായിരുന്നു. ക്വീനിന്റെ ഫെയ്സ്ബുക്ക് പേജ് ആണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്. ലോകത്തെ ഏറ്റവും മികച്ച ഗായകരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഫ്രെഡി മെര്‍ക്കുറി അനശ്വരമാക്കിയ ‘ബൊഹേമിയന്‍ റഫ്സോഡി’ എന്ന പാട്ടിന്റെ പേര് തന്നെയാണ് സിനിമയ്ക്കും നല്‍കിയിരിക്കുന്നത്.

സാമ്പ്രദായികമായ സംഗീത-വിനോദ വ്യവസായത്തെയും പാട്ടെഴുത്തിനെയും പൊളിച്ചെഴുതിയപ്പോള്‍ ഫ്രെഡി മെര്‍ക്കുറിയുടെ വ്യക്തി ജീവിതവും ഏറെ വിവാദമായി നിന്നു. താന്‍ സ്വവര്‍ഗാനുരാഗിയാണ് എന്ന് തുറന്നു പറഞ്ഞിട്ടുള്ളയാളാണ് ഫ്രെഡി മെര്‍ക്കുറി. ലൈവ് പെര്‍ഫോമന്‍സില്‍ പെണ്‍ വേഷം കെട്ടിയും ജെണ്ടര്‍ ബൈനറികളെ കളിയാക്കിയും ഫ്രെഡി പ്രത്യക്ഷപ്പെട്ടു.

എയിഡ്സ് രോഗം മൂലം മരിക്കുന്ന ആദ്യ റോക്സ്റ്റാര്‍ കൂടിയാണ് ഫ്രെഡി മെര്‍ക്കുറി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ