scorecardresearch

ജോലിയെക്കുറിച്ച് രാത്രിയിലെ പാര്‍ട്ടിയിലല്ല, ഓഫീസുകളില്‍ വച്ച് സംസാരിക്കാം: മികച്ച നടിയുടെ പ്രസംഗത്തിന് എഴുന്നേറ്റു നിന്നു കൈയ്യടിച്ച് ഓസ്കര്‍ വേദി

ഞങ്ങള്‍ക്കെല്ലാവര്‍ക്കും കഥകള്‍ പറയാനുണ്ട്. സാമ്പത്തികം ആവശ്യമുള്ള പ്രൊജക്ടുകളും ഉണ്ട്. ഇന്ന് രാത്രിയിലെ പാര്‍ട്ടിയില്‍ ഞങ്ങളോട് അത് സംസാരിക്കാന്‍ വരണ്ട, ഞങ്ങളെ നിങ്ങളുടെ ഓഫീസിലേക്ക് ക്ഷണിക്കൂ, അല്ലെങ്കില്‍ ഞങ്ങളുടെ ഓഫീസിലേക്ക് വരാം നിങ്ങള്‍ക്കും. സൗകര്യം പോലെ…

Frances McDormand

തൊണ്ണൂറാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടിയത് ‘ത്രീ ബില്‍ബോര്‍ഡ്സ് ഔട്ട്‌സൈഡ് എബ്ബിങ്, മിസൗറി’ എന്ന ചിത്രത്തിലെ നായിക ഫ്രാന്‍സെസ് മക്ഡോര്‍മാന്‍ഡ്‌ ആണ്. വര്‍ഷങ്ങള്‍ നീണ്ട തന്‍റെ അഭിനയജീവിതത്തിലെ ആദ്യ ഓസ്കര്‍ പുരസ്കാരം ഇക്കൊല്ലം നോമിനേഷന്‍ ലഭിച്ച എല്ലാ സ്ത്രീകള്‍ക്കും സമര്‍പ്പിച്ചു കൊണ്ട് മക്ഡോര്‍മാന്‍ഡ്‌ ഇക്കൊല്ലം ഡോള്‍ബി തിയേറ്റര്‍ (ഓസ്കര്‍ പുരസ്കാര വേദി) കണ്ട ഏറ്റവും ശക്തമായ പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു.

“ഫെമിനിസ്റ്റുകളായ അമ്മമാരാല്‍ വളര്‍ത്തപ്പെട്ടവരാണ് എന്‍റെ ഭര്‍ത്താവ് ജോയെലും, മകന്‍ പെദ്രോയും. അവരുടേയും അവരുടെ ചുറ്റിലുമുളളവരുടെയും വിലയറിയുന്നവര്‍. നിങ്ങള്‍ക്കിത് അഭിമാനനിമിഷമാണെന്ന് എനിക്കറിയാം. അണമുറിയാത്ത സന്തോഷം കൊണ്ട് വരുന്നുണ്ട് അതെനിക്ക്.”

വായിക്കാം: ഓസ്കാര്‍ 2018, അവാര്‍ഡ്‌ വിവരങ്ങള്‍

ഓസ്കര്‍ പുരസ്കാരം താഴെ വച്ച് കൊണ്ട് അവര്‍ തുടര്‍ന്നതിങ്ങനെ. “ഇനി കാര്യങ്ങളെക്കുറിച്ചുള്ള എന്‍റെ കാഴ്ചപ്പാടിലേക്ക് കടക്കാം. ഓസ്കര്‍ നോമിനേഷനുകള്‍ ലഭിച്ച് ഇപ്പോള്‍ ഇവിടെ സന്നിഹിതരായിരിക്കുന്ന എല്ലാ സ്ത്രീകളേയും ഈ വേദിയിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. മെറില്‍ (സ്ട്രീപ്), നിങ്ങള്‍ വന്നാല്‍ എല്ലാവരും വരും. നടികള്‍, സംവിധായികമാര്‍, നിര്‍മാതാക്കള്‍, എഴുത്തുകാരികള്‍, ചായാഗ്രാഹക, ഗാനരചയിതാക്കള്‍, സംഗീത സംവിധായികമാര്‍, ഡിസൈനര്‍മാര്‍, എല്ലാരും വായോ…”

[jwplayer Z02hW8AF]

സ്ത്രീകള്‍ എല്ലാവരും എഴുന്നേറ്റു നിന്നപ്പോള്‍ ഫ്രാന്‍സെസ് മക്ഡോര്‍മാന്‍ഡ്‌ എല്ലാവരോടുമായി പറഞ്ഞു:

“ഇനി എല്ലാവരും ഒന്നും ചുറ്റിലും നോക്കൂ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും കഥകള്‍ പറയാനുണ്ട്. സാമ്പത്തികം ആവശ്യമുള്ള പ്രൊജക്ടുകളും ഉണ്ട്. ഇന്ന് രാത്രിയിലെ പാര്‍ട്ടിയില്‍ ഞങ്ങളോട് അത് സംസാരിക്കാന്‍ വരണ്ട, ഞങ്ങളെ നിങ്ങളുടെ ഓഫീസിലേക്ക് ക്ഷണിക്കൂ, അല്ലെങ്കില്‍ ഞങ്ങളുടെ ഓഫീസിലേക്ക് വരാം നിങ്ങള്‍ക്കും. സൗകര്യം പോലെ. അപ്പോള്‍ പ്രൊജക്ടുകളുടെ വിശദാംശങ്ങള്‍ പറയാം. രണ്ടു വാക്കുകള്‍ കൂടി പറഞ്ഞു അവസാനിപ്പിക്കാം. Inclusion Rider.”

താഴെ വച്ച പുരസ്കാരം കൈയ്യിലെടുത്ത്, ഫ്രാന്‍സെസ് മക്ഡോര്‍മാന്‍ഡ്‌ വേദി വിട്ടിറങ്ങി.

എന്താണ് ‘Inclusion Rider’?

ഒരു സിനിമയിലെ അഭിനേതാക്കളേയും സാങ്കേതികപ്രവര്‍ത്തകരേയും തീരുമാനിക്കുന്നതില്‍ ലിംഗപരമായും അല്ലാതെയുമുള്ള വൈവിധ്യത നിര്‍ബന്ധമായും പുലര്‍ത്തണം എന്ന് ഒരു അഭിനേതാവിന് നിഷ്കർഷിക്കാനുള്ള, കോൺട്രാക്റ്റിൽ ഉള്‍പ്പടെ അത് എഴുതിചേര്‍ക്കാനുള്ള വ്യവസ്ഥ/സാധ്യതയെയാണ് ‘Inclusion Rider’ എന്ന് പറയുന്നത്.

വായിക്കാം: ഓസ്കാര്‍ പുരസ്കാരങ്ങള്‍ നേടിയ ചിത്രങ്ങള്‍ കേരളത്തില്‍

2016ല്‍ സ്റ്റേസി സ്മിത്ത് നടത്തിയ ടെഡ് ടോക്കിലാണ് ഈ ആശയത്തിന്‍റെ സാധ്യതകള്‍ ആദ്യം ചര്‍ച്ച ചെയ്യപ്പെട്ടത്. അമേരിക്കന്‍ സിനിമകളുലെ ലിംഗ-ദേശ വൈവിധ്യങ്ങളുടെ ഡാറ്റ പരിശോധിച്ച് അഭിനയ മേഖലയില്‍ അത് അപര്യാപ്തമാണ് എന്ന് കണ്ടെത്തിയ അവര്‍ മുന്നോട്ടു വച്ച ഒരു നിര്‍ദ്ദേശമാണ് ‘Equity Clause’ അല്ലെങ്കില്‍ ‘Inclusion Rider’.

“സാധാരണയായി ഒരു സിനിമയില്‍ 40-45 ആളുകള്‍ ഡയലോഗ് പറഞ്ഞു അഭിനയിക്കും. ഇതില്‍ ഒരു പത്തു പേര്‍ മാത്രമായിരിക്കും ആ കഥയില്‍ പ്രധാനപ്പെട്ടവര്‍. ബാക്കി വരുന്നവര്‍, ഏകദേശം മുപ്പതോളം പേര്‍, ചെറിയ ചെറിയ കഥാപാത്രങ്ങള്‍ ചെയ്യുന്നവര്‍, ആ കഥ നടക്കുന്ന ദേശത്തിന്‍റെ വൈവിധ്യങ്ങളെ പ്രതിഫലിപ്പിക്കുന്നവര്‍ ആകേണ്ടതുണ്ട്. പ്രധാന നടീ നടന്മാരുടെ കോണ്ട്രാക്റ്റില്‍ ഇങ്ങനെ ഒരു  നിബന്ധന എഴുതി ചേര്‍ത്ത്, ഇങ്ങനെയൊരു മാറ്റത്തിന് വേണ്ടി അവരും മുന്‍കൈയ്യെടുക്കണം,” സ്റ്റേസി സ്മിത്ത് അന്ന് പറഞ്ഞത് ഇങ്ങനെ.

ഇതാണ് ഫ്രാന്‍സെസ് മക്ഡോര്‍മാന്‍ഡ്‌ ഇന്നു വേദിയില്‍ ആവശ്യപ്പെട്ടത്:,  ‘എ-ലിസ്റ്റ്’ നടീനടന്മാരുടെ കോണ്ട്രാക്റ്റില്‍ ‘Inclusion Rider’ ഉള്‍പെടുത്തണം എന്ന്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Frances mcdormand oscar acceptance speech inclusion rider