scorecardresearch

ആക്രമിക്കപ്പെട്ട നടി അടക്കം നാലു നടിമാർ അമ്മ സംഘടനയിൽനിന്നും രാജിവച്ചു

രമ്യ നമ്പീശൻ, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ എന്നിവരാണ് ആക്രമിക്കപ്പെട്ട നടിക്കൊപ്പം രാജിവച്ച മറ്റു മൂന്നുപേർ

ആക്രമിക്കപ്പെട്ട നടി അടക്കം നാലു നടിമാർ അമ്മ സംഘടനയിൽനിന്നും രാജിവച്ചു

കൊച്ചി: മലയാള സിനിമയിലെ നടീ നടന്മാരുടെ സംഘടനയായ അമ്മയിൽനിന്നും ആക്രമിക്കപ്പെട്ട നടി അടക്കം നാലുപേർ രാജിവച്ചു. രമ്യ നമ്പീശൻ, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ എന്നിവരാണ് ആക്രമിക്കപ്പെട്ട നടിക്കൊപ്പം രാജിവച്ച മറ്റു മൂന്നുപേർ. വുമൺ ഇൻ സിനിമാ കളക്‌ടീവിന്റെ ഫെയ്‌ബുക്ക് പേജിലൂടെയാണ് ഇവർ രാജിക്കാര്യം അറിയിച്ചത്. അതേസമയം, വുമൺ ഇൻ സിനിമാ കളക്‌ടീവിലെ അംഗങ്ങളായ മഞ്ജു വാര്യർ, രേവതി, പത്മപ്രിയ, പാർവ്വതി എന്നിവർ അമ്മയിൽനിന്നും രാജിവച്ചിട്ടില്ല.

തനിക്ക് നേരെ നടന്ന ആക്രമണത്തിൽ കുറ്റാരോപിതനായ നടനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല രാജി എന്നാണ് ആക്രമിക്കപ്പെട്ട നടി പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. ഇതിനു മുന്പ് ഈ നടൻ തന്റെ അഭിനയ അവസരങ്ങൾ തട്ടിമാറ്റിയിട്ടുണ്ടെന്നും അന്ന് പരാതിപ്പെട്ടപ്പോൾ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ലെന്നും നടി പറയുന്നു. ഇത്രയും മോശപ്പെട്ട അനുഭവം തന്റെ ജീവിതത്തിൽ ഉണ്ടായപ്പോൾ താൻ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതൽ ശ്രമിച്ചതെന്നും ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതിൽ അർത്ഥമില്ല എന്ന് മനസ്സിലാക്കി ഞാൻ രാജി വയ്‌ക്കുകയാണെന്നും ആക്രമിക്കപ്പെട്ട നടി ഫെയ്സ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

രമ്യാ നമ്പീശൻ

1995 മുതൽ മലയാള സിനിമാരംഗത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് അമ്മ. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും അംഗീകാരങ്ങൾ നേടി തരുന്ന മലയാള സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു. പക്ഷേ, സ്ത്രീ സൗഹാർദ്ദപരമായ തൊഴിലിടമായി മലയാള സിനിമാ വ്യവസായത്തെ മാറ്റാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ല ഈ സംഘടന എന്നു ഞങ്ങൾ ഓർമ്മിപ്പിക്കുന്നു.

Read More: ‘അമ്മ’ വിടാത്തവര്‍: മഞ്ജു വാര്യര്‍, പത്മപ്രിയ, പാര്‍വ്വതി, രേവതി

ഒട്ടേറേ സ്ത്രീകൾ അംഗങ്ങളായുള്ള സംഘടനയാണിതെന്ന് ഓർക്കണം. മാത്രമല്ല വിമൻ ഇൻ സിനിമാ കളക്‌ടീവ് അതിനായി നടത്തിയ ശ്രമങ്ങളെ, ഫാൻസ് അസോസിയേഷനുകളുടെ മസിൽ പവറിലൂടേയും തരം താണ ആക്ഷേപഹാസ്യത്തിലൂടെയും പരിഹസിക്കുകയാണ് ചെയ്‌തിട്ടുള്ളത്.
അമ്മയുടെ അംഗമായ ഞങ്ങളുടെ സഹപ്രവർത്തകക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ അമ്മ അംഗവും കുറ്റാരോപിതനുമായ നടനെ പിന്തുണക്കുന്ന നിലപാടാണ് ‘അമ്മ’ സ്വീകരിച്ചത്. കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാൻ തീരുമാനിക്കുക വഴി, തങ്ങൾ ആരുടെ പക്ഷത്താണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അമ്മയുടെ ജനറൽ ബോഡിയിൽ അജണ്ടയിൽ ഇല്ലാതിരുന്ന ഈ വിഷയം ചർച്ചയ്‌ക്കെടുത്ത് നാടകീയമായി തിരിച്ചെടുക്കാൻ തീരുമാനിച്ചത് ഞെട്ടലോടെയാണ് മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞത്. ഞങ്ങൾക്ക് ഈ മീറ്റിങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല എന്നത് ഈ പ്രവൃത്തിയെ സാധൂകരിക്കുന്നില്ല. ഈ തീരുമാനമെടുക്കുമ്പോൾ, ആക്രമണത്തെ അതിജീവിച്ച അംഗത്തെ നിങ്ങൾ ഓർത്തില്ല!

അമ്മയുടെ ഈ തീരുമാനത്തിനൊപ്പം നിൽക്കാൻ ഞങ്ങൾക്കാവില്ല. ഞങ്ങൾ അവളുടെ പോരാട്ടത്തിന് കൂടുതൽ ശക്തമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ”അമ്മ’യിൽ നിന്നും രാജി വയ്‌ക്കാനുള്ള അവളുടെ തീരുമാനത്തോട് ഐക്യപ്പെട്ടു കൊണ്ട് ഞങ്ങളിൽ കുറച്ചു പേർ രാജി വയ്‌ക്കുകയാണ്. ഇത് അമ്മയുടെ ഇപ്പോഴെടുത്ത തീരുമാനം തിരുത്തുന്നതിന് കാരണമാകട്ടെ എന്ന് ആശിക്കുന്നു.

”അമ്മ’ യിൽ നിന്നും രാജി വയ്‌ക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യങ്ങളോടുള്ള അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടിൽ പ്രതിഷേധിച്ചാണ് എന്റെ രാജി. ഹീനമായ ആക്രമണം നേരിട്ട, ഞങ്ങളുടെ സഹപ്രവർത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണ് സംഘടന സ്വീകരിച്ചത്. ഞാൻ പ്രാഥമികമായി മനുഷ്യനായിരിക്കുന്നതിൽ വിശ്വസിക്കുന്നു. നീതി പുലരട്ടെ.

ഗീതു മോഹൻ ദാസ്

”അമ്മ’യിൽ നിന്ന് ഞാൻ രാജി വയ്‌ക്കുകയാണ്. വളരെ നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നു ഇത്‌. അമ്മയ്‌ക്കകത്തു നിന്നു കൊണ്ട് അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് ഏറെ പ്രയാസമാണ് എന്ന് മുൻ നിർവ്വാഹക സമിതി അംഗം എന്ന നിലയിൽ ഞാൻ മനസ്സിലാക്കിയിട്ടുള്ളതാണ്. നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന അംഗങ്ങളെയാണ് ഈ സംഘടനയ്‌ക്ക് വേണ്ടത്. ഞങ്ങളുടെയെല്ലാം ശബ്‌ദം അവിടെ മുങ്ങിപ്പോകുകയാണ്. ഇനിയും അതനുവദിക്കാൻ കഴിയില്ല. എന്റെ കൂട്ടുകാരിക്കൊപ്പം നിന്നുകൊണ്ട് അമ്മ എന്ന സംഘടനയുടെ തീർത്തും ഉത്തരവാദിത്വമില്ലാത്ത ഇത്തരം നിലപാടുകൾക്കെതിരെ ഞാൻ പുറത്തു നിന്നു പോരാടും.

റീമ കല്ലിങ്കൽ

ഇപ്പോൾ സംഭവിച്ചത് ഒരാളിലോ ഒരു സംഘടനയിലോ ഒതുങ്ങുന്ന ഒരു പ്രശ്‌നമാണെന്ന് ഞാൻ കരുതുന്നില്ല. ഈ ഒരൊറ്റ പ്രശ്‌നത്തിന്റെ പേരിലല്ല ഞാൻ ‘അമ്മ’ വിടുന്നത്. അടുത്ത തലമുറയ്‌ക്ക് സ്വന്തം തൊഴിലിടത്തിൽ ഒത്തുതീർപ്പുകളില്ലാതെ, ആത്മാഭിനത്തോടെ തുടരാനുള്ള കരുത്തുണ്ടാവണമെന്ന ആഗ്രഹം കൊണ്ട് കൂടിയാണ്.

 

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Four actress resigned form amma association