ഗോഡ്‌ഫാദർ സിനിമയ്ക്ക് നാല്‍പത്തിയഞ്ചു വയസ്സ്. ഹോളിവൂഡിലെ എക്കാലത്തേയും മഹത്തായതും സ്വാധീനമേറിയതുമായി കണക്കാക്കുന്ന സിനിമകളില്‍ ഒന്നിനാണ് നാല്‍പത്തഞ്ചു വയസ്സ് തികഞ്ഞിരിക്കുന്നത്. സിനിമയുടെ നാല്‍പത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി സിനിമയുടെ പിന്നണിപ്രവര്‍ത്തകരും അഭിനേതാക്കളും ഒത്തുകൂടി. ന്യൂ യോര്‍ക്കിലെ റേഡിയോ സിറ്റി മ്യൂസിക് ഹാളിലാണ് ശനിയാഴ്ച്ച ഈ ഒത്തുചേരല്‍ നടന്നത്.

സംവിധായകന്‍ ഫ്രാന്‍സിസ് ഫോഡ് കപ്പോള തന്നെ എങ്ങനെയാണ് കാസ്റ്റ് ചെയ്തു എന്ന അനുഭവം പങ്കുവേച്ചുകൊണ്ടുള്ള അല്‍ പാചിനോയുടെ പ്രതികരണം രസകരമായിരുന്നു. ” അല്‍പം ‘ഭ്രാന്തന്‍’എന്ന് ഞാന്‍ ധരിച്ചുവെച്ച ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പൊള ഒഴികെ മറ്റാര്‍ക്കും തന്നെ ഞാന്‍ ആ റോള്‍ ചെയ്യുന്നതില്‍ താത്പര്യമോ ഒട്ടും പ്രതീക്ഷയോ ഉണ്ടായിരുന്നില്ല. എന്താണ് ഫ്രാന്‍സിസിന്‍റെ ഉദ്ദേശ്യം എന്നതായിരുന്നു എല്ലാവരുടെയും ചോദ്യം. നിര്‍മാതാക്കളായ വാര്‍ണര്‍ ബ്രദര്‍സും ചോദിച്ചത് “ആരാണ് ആ പയ്യന്‍. അയാളില്‍ നിങ്ങളെന്താണ്‌ കാണുന്നത് ? ” എന്നായിരുന്നു”- അല്‍ പാചിനോ പറഞ്ഞു.

READ ABOUT : ഗോഡ്‌ഫാദർ നിറഞ്ഞുനില്‍ക്കുന്ന ഇന്ത്യന്‍ സിനിമകള്‍

ചെറുപ്പക്കാരനായ ഒരു മയക്കുമാരുന്നടിമയെ അരങ്ങില്‍ അവതരിപ്പിക്കുന്ന തന്നെ കണ്ടിട്ടാണ് കൊപ്പൊള ഗോഡ്‌ഫാദറില്‍ അഭിനയിക്കാന്‍ തന്നെ വിളിച്ചത് എന്ന് അദ്ദേഹം ഓര്‍ത്തു.
“അതെന്‍റെ ഭാഗ്യമാണ് എന്ന് പറയണം. ആരും എന്നെ എടുക്കുന്നതില്‍ തത്പരരല്ല എന്നറിഞ്ഞിട്ടും പ്രഗത്ഭനായ കൊപോള എന്നിക്കുവേണ്ടി നിര്‍ബന്ധം പിടിക്കുകയായിരുന്നു. അതോടെ കൊപോളയുടെ ജോലി തീര്‍ന്നു എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. ” അല്‍ പാചിനോ പറഞ്ഞു.

ഇറ്റാലിയന്‍ അമേരിക്കന്‍ എഴുത്തുകാരനായ മരിയോ പുസോയുടെ അതേ പേരിലുള്ള പുസ്തകത്തെ ആധാരമാക്കിയാണ് ഫ്രാന്‍സിസ് കപ്പോള ദി ഗോഡ്‌ഫാദർ സംവിധാനം ചെയ്യുന്നത്. ഗോഡ്‌ഫാദറിന്‍റെ മൂന്ന് അദ്ധ്യായങ്ങള്‍ ഇതുവരെ ഇറങ്ങിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ