ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ചിത്രം ‘പത്മാവതി’യുടെ പ്രദര്‍ശനം ആറംഗ സമിതിക്കു മുന്നില്‍. സിനിമയില്‍ ചരിത്രസംഭവങ്ങളെയും ഭാഗികമായി അവലംബിച്ചിട്ടുണ്ടെന്ന നിര്‍മാതാക്കളുടെ പ്രസ്താവനയെത്തുടര്‍ന്നു ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡാണു വിദഗ്ധ സമിതിയെ നിയമിച്ചത്. മുന്‍ രാജകുടുംബാംഗങ്ങളും ചരിത്രകാരന്മാരുമാണു സമിതിയില്‍.

നിര്‍മ്മാതാക്കള്‍ ആവശ്യമില്ലാതെ വിഷയങ്ങളെ സങ്കീര്‍ണമാക്കുകയാണെന്ന് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞതായി വാര്‍ത്താ എജന്‍സി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സര്‍ട്ടിഫിക്കേഷനുള്ള അപേക്ഷയുടെ ഒരു ഭാഗം പൂരിപ്പിച്ചില്ലെന്നുകാട്ടി ബോര്‍ഡ് അതു തിരിച്ചയച്ചിരുന്നു. സിനിമയുടെ പ്രമേയം പൂര്‍ണമായും ഭാവനയാണോ ചരിത്രവസ്തുതകളെ ആധാരമാക്കിയാണോ എന്നു വ്യക്തമാക്കേണ്ട ഭാഗത്തു നിര്‍മാതാക്കള്‍ ഒന്നും എഴുതിയിരുന്നില്ല. ചരിത്രസംഭവങ്ങളെയും ഭാഗികമായി അവലംബിച്ചിട്ടുണ്ടെന്നു പിന്നീടാണു വ്യക്തമാക്കിയത്.

ഹിന്ദു മതവിഭാഗത്തെയും റാണി പത്മാവതിയേയും അധിക്ഷേപിക്കുന്നതാണ് സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രം എന്നാരോപിച്ച് രാജ്യത്തെമ്പാടും കര്‍ണിസേനയുള്ളവര്‍ പ്രതിഷേധം നടത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook