കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തിയ ബോളിവുഡ് നടികളായ ഐശ്വര്യയുടെയും ദീപികയുടയും സോനം കപൂറിന്റെയും വസ്ത്രധാരണത്തെക്കുറിച്ചാണ് എല്ലാവരും ചർച്ച ചെയ്തത്. എന്നാൽ ഇവരെക്കാളൊക്കെ വേറിട്ടുനിന്ന ഒരു ഇന്ത്യൻ വനിതയുണ്ട്, പായൽ കപാഡിയ. കാനിൽ പ്രദർശിപ്പിക്കാൻ ഇന്ത്യയിൽനിന്നും തിരഞ്ഞെടുത്ത ഒരേയൊരു ഷോർട്ഫിലിം പായലിന്റേതാണ്.

വിവിധ രാജ്യങ്ങളിൽനിന്നുളള ഫിലിം സ്കൂളുകളിൽ നിന്നെത്തിയ 2,600 ചിത്രങ്ങളിൽനിന്നും 16 എണ്ണാണ് സിനിഫൊണ്ടേഷൻ വിഭാഗത്തിൽ പ്രദർശനത്തിന് തിരഞ്ഞെടുത്തത്. ഇതിലെ ഒരേയൊരു ഇന്ത്യൻ സാന്നിധ്യമാണ് പായലിന്റെ ‘ആഫ്‌റ്റർ നൂൺ ക്ളൗഡ്സ്’. ഇന്ത്യക്കാർക്ക് ഒന്നടങ്കം അഭിമാനിക്കാവുന്ന നിമിഷമാണിത്.

രണ്ട് സ്‌ത്രീകളുടെ ജീവിതം പറയുന്ന ഷോർട്ട് ഫിലിമിന് 13 മിനിറ്റാണ് ദൈർഘ്യം. അറുപത് വയസുകാരിയായ കാക്കിയെയും അവരുടെ വീട്ടിലെ നേപ്പാളിയായ ജോലിക്കാരിയെയും കേന്ദ്രീകരിച്ചുളളതാണ് ചിത്രം. ഒരു ഉച്ചയ്‌ക്ക് ശേഷം ഇവർ താമസിക്കുന്ന വീട്ടിൽ നടക്കുന്ന സംഭവങ്ങളെ ആസ്‌പദമാക്കിയാണ് ചിത്രം മുന്നോട്ട് പോവുന്നത്.

പുണെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനിയാണ് പായൽ കപാഡിയ. ചുറ്റുമുളള സ്‌ത്രീകളുടെ അനുഭവങ്ങളാണ് ഈ ചിത്രം ചെയ്യാൻ പായലിന് പ്രചോദനമായത്. ഇന്ത്യൻ ആർട്ടിസ്റ്റ് അർപ്പിത സിങ്ങിന്റെ പെയിന്റിങ്ങുകളും പായലിന് സിനിമ ചെയ്യാൻ പ്രചോദനമായതായി സ്‌കൂപ്‌വൂപ്പ് റിപ്പോർട്ട് ചെയ്യുന്നു. ഡിജിറ്റലിലല്ലാതെ ഫിലിമിലാണ് പായൽ തന്റെ ഷോർട്ട് ഫിലിം ചിത്രീകരിച്ചിരിക്കുന്നത്. ഭാവിയിൽ ഇനിയും നല്ല ചിത്രങ്ങൾ ഒരുക്കാം എന്ന പ്രതീക്ഷയിലാണ് പായൽ കപാഡിയ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ