Forensic, Veyilmarangal, Bhoomiyile Manohara Swakaryam Review and Rating at a Glance: ടോവിനോ തോമസ്‌-മമ്ത മോഹന്‍ദാസ്‌ ടീമിന്റെ ‘ഫോറന്‍സിക്,’ ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായി എത്തുന്ന ‘വെയില്‍മരങ്ങള്‍,’ ദീപക് പരമ്പോല്‍-പ്രയാഗ മാര്‍ട്ടിന്‍ എന്നിവരുടെ പ്രണയ ചിത്രം ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്നിവയാണ് ഈയാഴ്ച റിലീസിനെത്തിയ പ്രധാന മലയാള ചിത്രങ്ങള്‍.  കെട്ടുറപ്പുള്ള തിരക്കഥയും ഉദ്വോഗ ജനകമായ നിരവധി മുഹൂർത്തങ്ങളുമായി ‘ഫോറന്‍സിക്’ എന്ന ത്രില്ലര്‍ പ്രേക്ഷകരുടെ കൈയ്യടി നേടുമ്പോള്‍, സിനിമ പറയുന്ന വിഷയത്തിന്റെ ഗൗരവം, ഇന്ദ്രന്‍സിന്റെ അഭിനയം, ലോകസിനിമാ നിലവാരത്തിലുള്ള ട്രീറ്റ്മെന്‍റ് എന്നിവ കൊണ്ട് ഡോ ബിജു സംവിധാനം ചെയ്ത ‘വെയില്‍മരങ്ങള്‍’ ശ്രദ്ധേയമായി.  മതത്തിനതീതമായ ചിലതെങ്കിലും ഉണ്ട് ഈ ലോകത്ത്, അത് പ്രണയമാണ് എന്നുറക്കെ വിളിച്ചു പറയുന്ന, ഷൈജു അന്തിക്കാട് എന്ന സംവിധായകനെ അടയാളപ്പെടുന്നുന്ന ചിത്രമാണ് ‘ഭൂമിയിലെ മനോഹര സ്വകാര്യം.’ മൂന്നു ചിത്രങ്ങളുടെയും റിവ്യൂ ഒറ്റനോട്ടത്തില്‍.

Forensic Review & Rating

“ഹോളിവുഡ് സിനിമകളിൽ മാത്രം കണ്ടു ശീലിച്ച സൈക്കോ ത്രില്ലർ സ്വഭാവത്തിലേക്കാണ് ‘ഫോറൻസിക്’ പ്രേക്ഷകനെ കൊണ്ടു പോകുന്നത്. മലയാള സിനിമയിൽ സാധാരണ കാണാത്ത ശാസ്ത്രീയ അന്വേഷണ രീതികളെ സമഗ്രമായി സമന്വയിപ്പിക്കുക വഴി അതിനൂതനമായ സാങ്കേതിക വിദ്യകളെക്കൂടി ഉൾപ്പെടുത്തി വ്യത്യസ്തമായ ഒരു അനുഭവം നിർമ്മിക്കാൻ സംവിധായകര്‍ക്ക് കഴിഞ്ഞിരിക്കുന്നു. തിരുവനന്തപുരം നഗരത്തെ കേന്ദ്രീകരിച്ച് നടക്കുന്ന സീരിയൽ കൊലപാതകങ്ങൾ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥയും അവരുടെ സംഘത്തിൽ പെട്ട മറ്റുദ്യോഗസ്ഥരും അവരുടെ തന്നെ വ്യക്തി ജീവിതവും ഒക്കെയായി വ്യത്യസ്തമായ രീതിയിൽ ബന്ധപ്പെട്ടു കിടക്കുകയാണ് കഥയും കഥാപാത്രങ്ങളും.

പ്രേക്ഷകനെ ഇരുത്തി ചിന്തിപ്പിക്കുന്ന സിനിമയാണ് ‘ഫോറൻസിക്.’ അതിസൂക്ഷ്മമായ നിരീക്ഷണ ബുദ്ധി എങ്ങനെയാണ് കുറ്റകൃത്യങ്ങളെ കണ്ടെത്താൻ സഹായിക്കുന്നതെന്ന് ഒരു മനുഷ്യന്റെ സാധ്യതകൾ മുൻനിർത്തി പറഞ്ഞു പോകുന്നുണ്ട് സിനിമ. കെട്ടുറപ്പുള്ള തിരക്കഥ സിനിമക്ക് ഉദ്യോഗ ജനകമായ നിരവധി മുഹൂർത്തങ്ങൾ സമ്മാനിക്കുന്നുണ്ട്,” ‘ഫോറന്‍സിക്കിനെ’ക്കുറിച്ച് ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം റിവ്യൂയില്‍ അഖില്‍ മുരളീധരന്‍ എഴുതിയത് ഇങ്ങനെ.

റിവ്യൂ പൂര്‍ണ്ണമായി വായിക്കാം:

Veyilmarangal Review and Rating

“അരികുവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിത പരിസരങ്ങളും, നിശബ്ദമായ ചെറുത്ത്നിൽപ്പുമെല്ലാം കാല്പനികതയുടെ മറയില്ലാതെ, പ്രേക്ഷകരെ കൊണ്ട് ഇരുത്തി ചിന്തിപ്പിക്കുന്ന രീതിയിലാണ് ഡോ. ബിജു ചിത്രം ഒരുക്കിയിരിക്കുന്നത്. ബ്രാഹ്മണിക്കൽ ജാതിവ്യവസ്ഥയുടെ അനീതിയുടെയും ചൂഷണത്തിന്റെയും ഭാരം പേരുന്നവരുടെ ജീവിതങ്ങളും, പരിസരങ്ങളും, മാനസിക സംഘര്‍ഷങ്ങളുമെല്ലാം സൂക്ഷ്മതയോടെ കൊണ്ട് വരാൻ തന്റെ മുൻ ചിത്രങ്ങളിലേതു പോലെ ‘വെയില്‍മരങ്ങളിലും’ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. സംവിധായകന്‍റെ രാഷ്ട്രീയ-കാഴ്ച ബോധ്യങ്ങളെ മനോഹരമായ ദൃശ്യങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന എം ജെ രാധാകൃഷ്ണൻ എന്ന ഛായാഗ്രാഹകന്റെ മികവും ചിത്രത്തിൽ ഉടനീളം അനുഭവപ്പെടും. മനുഷ്യന്റെ ഒറ്റപെടലുകളും, അസ്തിത്വ വ്യഥകളും പ്രകൃതിയുടെ ഭാവങ്ങളുമായി ഇഴകി ചേർക്കുന്ന എം ജെ യുടെ പാടവം ‘വെയില്‍മരങ്ങളിലും’ പ്രകടമായി കാണാം. സംഹാരം കഴിഞ്ഞ നിർവൃതിയുടെ നിസ്സംഗതയെന്നോണം കനത്തു നിൽക്കുന്ന ഇരുണ്ട ആകാശത്തിനു താഴെ, പ്രളയമായി മാറിയ കായലിന്റെ ആഴങ്ങളിൽ അപ്രത്യക്ഷമായ തന്റെ വീടിനു മുകളിൽ, ഒരു വഞ്ചിയില്‍ പ്രതീക്ഷകളറ്റു ഇരിക്കുന്ന ഇന്ദ്രൻസ് ചെയ്ത കഥാപാത്രത്തിന്റെ കാഴ്ചയും, അനന്തമായ മലനിരകൾക്കിടയിൽ ചെറുതുരുത്തുകളാവുന്ന മനുഷ്യരുടെ കാഴ്ചയുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്. മലയാള സിനിമയിൽ നികത്താനാവാത്ത ഒരു വേർപാട് തന്നെയാകും എം ജെ രാധാകൃഷ്ണന്റേതെന്നു വീണ്ടും തെളിയിക്കുന്നതാണ് ‘വെയില്‍മരങ്ങളിലെ’ ദൃശ്യങ്ങൾ.

ജീർണിച്ച ജാതി വ്യവസ്ഥിതിയുടെ ബാധ്യത ചുമക്കേണ്ടി വരുന്ന മനുഷ്യനായിയുള്ള ഇന്ദ്രൻസ് എന്ന നടന്റെ പകർന്നാട്ടം അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ തന്നെ പ്രതിഫലനമായി മാറുന്നുണ്ട്. ജീവിക്കാൻ വേണ്ടി അധികാരികളുടെയും മുതലാളിമാരുടെയും മുന്നിൽ ഭയഭക്തിയോടെ ഇരിക്കേണ്ടി വരുന്നതിനെയും, സമൂഹം മനഃപൂർവം തോൽപിക്കാൻ ശ്രമിക്കുമ്പോള്‍ ഉണ്ടാവുന്ന ദേഷ്യവും, നിസ്സഹായതയുമെല്ലാം വളരെ അനായാസമായി ഇന്ദ്രൻസ് അവതരിപ്പിച്ചിട്ടുണ്ട്. ചിത്രങ്ങളിൽ വന്നു പോകുന്ന ചില കഥാപാത്രങ്ങളുടെ അഭിനയത്തിലെ കൃതൃമത്വം മാറ്റി നിർത്തിയാൽ ‘വെയില്‍മരങ്ങള്‍’ ലോകോത്തര നിലവാരത്തിലുള്ള ഒരു ദൃശ്യാനുഭവം തന്നെയാണ്. അതു കൊണ്ടു തന്നെയാവാം ഷാങ്ങ്ഹായ് ചലച്ചിത്രമേള ഉൾപ്പെടെ പല അന്താരാഷ്ട്ര മേളകളിൽ ഈ ചിത്രം പുരസ്കാരങ്ങളും, പ്രശംസയും ഏറ്റു വാങ്ങിയത്,” ‘വെയില്‍മരങ്ങള്‍’ എന്ന ചിത്രത്തെ ഗൗതം വി എസ് വിലയിരുത്തിയത് ഇങ്ങനെ.

ഐഇ മലയാളത്തിന്റെ റിവ്യൂ പൂര്‍ണ്ണമായി ഇവിടെ വായിക്കാം:

Bhoomiyile Manohara Swakaryam Review and Rating

“ഷൈജു അന്തിക്കാട് എന്ന സംവിധായകനെ അടയാളപ്പെടുത്തുന്ന ‘ഭൂമിയിലെ മനോഹര സ്വകാര്യം,’ മലയാള പ്രണയ ചലച്ചിത്രങ്ങളുടെ കൂട്ടത്തിൽ ഒരു വ്യത്യസ്തത മുന്നോട്ട് വയ്ക്കുന്നുണ്ട്. മുൻകാലങ്ങളിൽ മിക്ക പ്രണയ സിനിമകളും ഹിന്ദു ഐഡൻറിറ്റി ഉയർത്തിപ്പിടിച്ചെങ്കിൽ ‘ഭൂമിയിലെ മനോഹര സ്വകാര്യം’ ക്രിസ്ത്യൻ-മുസ്ലിം പ്രണയത്തെയാണ് ആവിഷ്‌കരിക്കുന്നത്. സംഘർഷ ഭരിതമാകുന്ന ഈ കഥ മുൻകാല ചലച്ചിത്രങ്ങളുടെ പാത കൈവെടിയുന്നില്ല എങ്കിലും യുവ പ്രേക്ഷകരെ സ്വാധീനിക്കാൻ വേണ്ടുന്ന ചേരുവകൾ ചേര്‍ക്കാന്‍ മറന്നിട്ടില്ല അണിയറപ്രവര്‍ത്തകര്‍.

മനോഹരമായ സീനുകൾ ദൃശ്യഭംഗിയും പ്രേമത്തിന്റെ ഭംഗിയും ഒരുപോലെ അനുഭവിപ്പിക്കുന്നുണ്ട്. പ്രണയത്തിനു കാല്പനികമായ ഒരു ഭംഗി നിര്‍മ്മിക്കല്‍ എന്നത് ബോധപൂർവം തന്നെ സംവിധായകർ നടത്തുന്ന ഒരു ശ്രമമായി തോന്നുന്നു. എന്നിരുന്നാലും കേവലം ‘പൈങ്കിളി’യ്ക്കപ്പുറത്തേക്ക് ആ സീനുകളെ എത്തിക്കാനുള്ള ശ്രമവുമുണ്ട്‌. മികച്ച എഡിറ്റിങ് അതിനു തുണയാകുന്നുണ്ട്.

തീപിടിച്ച ഒരു പ്രണയം, അതിനെ സാക്ഷാൽക്കാരിക്കാൻ എടുക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഒക്കെ പുരോഗമനപരം എന്നു വിശ്വസിക്കുന്ന ഒരു സമൂഹത്തിൽ എത്രത്തോളം പ്രയോഗികമാണ് എന്നും ചിത്രം കാണിച്ചു തരുന്നുണ്ട്. പുതിയ തലമുറ ആവശ്യപ്പെടുന്ന സ്വാതന്ത്ര്യങ്ങളുടെ ഒരു സന്ദേശമാണ് ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്നു പറയാം.

‘തട്ടത്തിൻ മറയത്തും,’ ‘മൊയ്തീനും കാഞ്ചന മാലയും’ ഒക്കെ അവശേഷിപ്പിക്കുന്ന പ്രണയത്തിന്റെ ഒരു തുടർച്ചയാണ് ഈ സിനിമയും. പക്ഷേ ആ ചിത്രങ്ങള്‍ക്കുള്ള താരസാന്നിദ്ധ്യങ്ങള്‍ ഇല്ലാതിരുന്നിട്ടും, മറ്റു പല പരിമിതികൾക്കുള്ളിലും ഒരു മികച്ച ദൃശ്യ വിരുന്നൊരുക്കാൻ ഈ സിനിമക്ക് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. മുതിർന്നവരെ എത്രത്തോളം സ്വാധീനിക്കും എന്നറിയല്ല എങ്കിലും യുവ ജനങ്ങളെ ഈ കഥ സ്വാധീനിക്കും എന്നുറപ്പാണ്,” ‘ഇഎമലയാളം റിവ്യൂയില്‍ ‘ഭൂമിയിലെ മനോഹര സ്വകാര്യത്തെ’ക്കുറിച്ച് അഖില്‍ മുരളീധരന്‍ എഴുതിയത് ഇങ്ങനെ.

റിവ്യൂ പൂര്‍ണ്ണമായി വായിക്കാം:

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook