/indian-express-malayalam/media/media_files/2025/11/17/maithili-thakur-2025-11-17-20-28-21.jpg)
മൈഥിലി താക്കൂർ
പ്രശസ്ത ഗായികയും നിലവിൽ ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എ.യുമാണ് മൈഥിലി താക്കൂർ. 10-ാം വയസ്സിൽ ആരംഭിച്ച അവരുടെ സംഗീത ജീവിതം അത്ര എളുപ്പമായിരുന്നില്ല. സ്കൂളിൽ പരിഹാസങ്ങൾ കേൾക്കുകയും സംഗീത റിയാലിറ്റി ഷോകളിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
ഫോക്ക് ഗായിക മൈഥിലി താക്കൂർ വെറും 25-ാം വയസ്സിൽ ബിഹാർ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എ. ആയി വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. അലിനഗർ മണ്ഡലത്തിൽ നിന്ന് ബി.ജെ.പി. ടിക്കറ്റിൽ മത്സരിച്ച മൈഥിലി വിജയിക്കുക മാത്രമല്ല, 17 വർഷങ്ങൾക്ക് ശേഷം ആ പ്രദേശത്ത് പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കുകയും ചെയ്തു.
എന്നാൽ രാഷ്ട്രീയ-സംഗീത നേട്ടങ്ങൾക്ക് മുമ്പ് മൈഥിലിക്ക് ഒരുപാട് തിരിച്ചടികളും വെല്ലുവിളികളും വേദനിപ്പിക്കുന്ന അനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. സഹപാഠികളാൽ 'സ്റ്റുപ്പിഡ് ബീഹാറി' എന്ന പരിഹാസം ഏറ്റുവാങ്ങിയ കഥയും മൈഥിലിയ്ക്ക് പറയാനുണ്ട്.
Also Read: ബിഗ് ബോസ് റിവ്യൂ ചെയ്ത് നാലുമാസം കൊണ്ട് നേടിയത്; യൂട്യൂബ് വരുമാനം വെളിപ്പെടുത്തി സായി കൃഷ്ണ
“ഞാൻ ഒരുപാട് കരയുമായിരുന്നു,” സംഗീത റിയാലിറ്റി ഷോകളിലൂടെയുള്ള തൻ്റെ ദുഷ്‌കരമായ യാത്രയെക്കുറിച്ച് മൈഥിലി ഒരിക്കൽ ഒരു പഴയ യൂട്യൂബ് അഭിമുഖത്തിൽ മനസ്സു തുറന്നതിങ്ങനെ. 'സ രി ഗ മ പ ലിറ്റിൽ ചാംപ്‌സ്' ആയിരുന്നു മൈഥിലിയുടെ ആദ്യ റിയാലിറ്റി ഷോ.​ എന്നാൽ “ക്ലാസിക്കൽ സംഗീതത്തോട് കൂടുതൽ ചായ്‌വ്” ഉണ്ടെന്ന് പറഞ്ഞ് അവിടെ മൈഥിലി തഴയപ്പെട്ടു.
“ഞാൻ പുറത്താക്കപ്പെട്ടപ്പോൾ, ആവശ്യമാണെങ്കിൽ ബോളിവുഡ് പാട്ടുകൾ പോലും പാടാമെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു."
Also Read: 'നീ പറഞ്ഞ പോലെ... അവർ വെറുക്കും, നമ്മൾ ഉയരും'; ചന്തുവിന് ദുൽഖറിന്റെ മറുപടി
2015-ൽ മൈഥിലി 'ഇന്ത്യൻ ഐഡൽ' ഓഡിഷനിൽ പങ്കെടുത്തു, എന്നാൽ അപ്പോഴും അച്ഛൻ ക്ലാസിക്കൽ സംഗീതത്തിൽ ഉറച്ചുനിൽക്കാൻ പ്രോത്സാഹിപ്പിച്ചു. അതേ കാരണത്താൽ മൈഥിലി വീണ്ടും പുറത്തായി. “ചിലപ്പോൾ അവർ എന്തുകൊണ്ടാണ് പുറത്താക്കുന്നതെന്ന് പോലും പറയില്ല. എനിക്ക് വല്ലാതെ വിഷമം തോന്നിയിരുന്നു.” തുടർച്ചയായ പരാജയങ്ങൾ മൈഥിലിയെ വല്ലാതെ ബാധിച്ചു, സംഗീതം പൂർണ്ണമായും ഉപേക്ഷിക്കുന്നതിനെക്കുറിച്ച് പോലും മൈഥിലി ചിന്തിച്ചിരുന്നു.
മൈഥിലിയുടെ പോരാട്ടങ്ങൾ സ്റ്റേജിൽ മാത്രം ഒതുങ്ങിയില്ല. സ്കൂളിലും മൈഥിലി ഒറ്റപ്പെട്ടുപോയിരുന്നു. സംഗീതത്തിലെ അസാധാരണമായ കഴിവ് കാരണം ഒരു സ്വകാര്യ സ്കൂളിൽ മൈഥിയ്ക്ക് സൗജന്യ പ്രവേശനം ലഭിച്ചു. എന്നാൽ സമ്പന്നരായ സഹപാഠികളുടെ ബുള്ളിയിങ് വലിയ രീതിയിൽ മൈഥിലിയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നു. “എനിക്ക് എൻ്റെ പ്രായത്തിലുള്ള പെൺകുട്ടികളെ ഭയമായിരുന്നു. അവരുടെ കമന്റുകളെ ഞാൻ ഭയപ്പെട്ടു. അവരെന്നെ വെറുതെ 'സ്റ്റുപ്പിഡ് ബിഹാറി' എന്ന് വിളിക്കുമായിരുന്നു," മൈഥിലിയുടെ വാക്കുകളിങ്ങനെ.
“ബിഹാറി എന്നത് ഒരു ചീത്തവാക്ക് പോലെയായിരുന്നു അവർ പറഞ്ഞത്. ഹരിയാനയിൽ നിന്നുള്ള രണ്ട് പെൺകുട്ടികൾ തമ്മിൽ വഴക്കിട്ടാൽ, മറ്റൊരാളെ താഴ്ത്തിക്കെട്ടാൻ അവർ പരസ്പരം 'ബിഹാറി' എന്ന് വിളിക്കുമായിരുന്നു. അവരെ പേടിച്ച് ഞാൻ മുൻബഞ്ചിലിരുന്ന് പഠിക്കുന്ന ഒരാളായി മാറി, ഒരിക്കലും കൂട്ടുകാരെ ഉണ്ടാക്കിയില്ല.”
“അവരുടെ സംസാരങ്ങളുമായി എനിക്ക് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. അവർ അടുത്ത വലിയ യാത്രകളെക്കുറിച്ചോ സ്ലീപ്പ് ഓവറുകളെക്കുറിച്ചോ സംസാരിക്കും. എന്റെ വീട്ടിൽ സാമ്പത്തികമായി അത്ര മെച്ചപ്പെട്ട അവസ്ഥയായിരുന്നില്ല, അതിനാൽ ഞാൻ അതിൽ ഇടപെടാതെ മാറിനിന്നു. ഞാൻ നജാഫ്ഗഡിലാണ് താമസിച്ചിരുന്നത്, അത് വളരെ ദൂരെയായിരുന്നു, എൻ്റെ സ്കൂളിലെ പെൺകുട്ടികളോട് അത് പറയാൻ എനിക്ക് ലജ്ജയായിരുന്നു.”
മുമ്പ് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ, മൈഥിലിയുടെ അമ്മ ഭാരതി, ആദ്യകാലങ്ങൾ കുടുംബത്തിന് അത്ര എളുപ്പമായിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരുന്നു. “ഒരു ദശാബ്ദത്തിനിടെ ഞങ്ങൾ 17 വീടുകൾ മാറി. അക്കാലത്ത്, ഞങ്ങൾക്ക് ഒറ്റമുറി വീടുകൾ മാത്രമേ താങ്ങാൻ കഴിയുമായിരുന്നുള്ളൂ. പല വീടുകളും മറ്റൊന്നിനോട് ചേർന്നു കിടക്കുന്നവയായിരുന്നു. എൻ്റെ ഭർത്താവിൻ്റെയും മക്കളുടെയും സംഗീത പ്രാക്റ്റീസ് ആളുകൾക്ക് ശല്യമുണ്ടാക്കുമായിരുന്നു, ഞങ്ങൾക്ക് വീട് വിടേണ്ടി വന്നു. ഈ കുട്ടികൾ ഒരിക്കലും വികൃതി കാണിക്കുകയോ ആരെയും ബുദ്ധിമുട്ടിക്കുകയോ ചെയ്തിട്ടില്ല, പക്ഷേ അവർക്ക് സമാധാനമായി സംഗീതം പരിശീലിക്കാൻ വേണ്ടി ഞങ്ങൾ താമസം മാറിക്കൊണ്ടിരുന്നു,” മൈഥിലിയുടെ അമ്മയുടെ വാക്കുകളിങ്ങനെ.
2017-ൽ കുടുംബം ഡൽഹിയിലെ ദ്വാരകയിൽ ഒരു വീട് വാങ്ങി, 2020-ൽ സൗണ്ട് പ്രൂഫ് ചെയ്ത ഒരു വലിയ അപ്പാർട്ട്‌മെൻ്റിലേക്ക് മാറി. ഒരു മ്യൂസിക് റിയാലിറ്റി ഷോയിൽ മൈഥിലി വിജയിച്ചതിന് ശേഷം, സിനിമാ നിർമ്മാതാക്കളായ കരൺ ജോഹറിൻ്റെയും യാഷ് ചോപ്രയുടെയും ഓഫീസുകളിൽ നിന്ന് അവർക്ക് കോളുകൾ ലഭിച്ചു. തങ്ങളുടെ വീഡിയോകൾ യൂട്യൂബിലും സോഷ്യൽ മീഡിയയിലും ഇടാൻ മൈഥിലി തീരുമാനിച്ചതോടെയാണ് ജീവിതം മറ്റൊരു വഴിത്തിരിവിലെത്തിയത്. സോഷ്യൽ മീഡിയയുടെ വളർച്ചയോടെ അവരുടെ പ്രശസ്തി കുതിച്ചുയർന്നു. ഇന്ന്, അവർക്ക് യൂട്യൂബിൽ 5 മില്യൺ വരിക്കാരും, ഇൻസ്റ്റാഗ്രാമിൽ 6 മില്യൺ ഫോളോവേഴ്‌സും, ഫേസ്ബുക്കിൽ 14 മില്യണിലധികം ഫോളോവേഴ്‌സും ഉണ്ട്.
Also Read: ആ ചങ്ങാതി ഫോട്ടം പിടിച്ചു കൊണ്ടിരിക്കും, ചിരിക്കടാ എന്നു ഗർജ്ജിക്കും: മമ്മൂട്ടിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് ശ്രീരാമൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us