ബോളിവുഡിലെ ഏറ്റവും പുതിയ ഹൊറര്‍ ചിത്രമായ ‘സ്ത്രീ’യില്‍ പ്രേതത്തിന്റെ റോളില്‍ അഭിനയിച്ച നടിയാണ് ഫ്ലോറ സൈനി. ഫ്ലോറയുടെ അഭിനയത്തെ പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ചിരുന്നു. തെന്നിന്ത്യയില്‍ നിന്നും ഹിന്ദി സിനിമയിലേക്ക് എത്തിയ ഈ നായികയുടെ ഏറ്റവും വലിയ ആഗ്രഹം ദുല്‍ഖര്‍ സല്‍മാനോടൊപ്പം അഭിനയിക്കുക എന്നതാണ്. ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം സംസാരിച്ചത്.

“മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കണം എന്ന് ആഗ്രഹമുണ്ട്. ദുല്‍ഖര്‍ സുന്ദരനാണ്. അടുത്തിടെ അദ്ദേഹം അഭിനയിച്ച ‘കാര്‍വാ’ എന്ന ഹിന്ദി ചിത്രം കണ്ടിരുന്നു. വളരെയധികം ഇഷ്ടപ്പെട്ടു. എന്ത് ഗുഡ് ലുക്കിങ് ആണ് ദുല്‍ഖര്‍. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ നിശ്ചയമായും ആഗ്രഹമുണ്ട്. അതുപോലെ തന്നെ മമ്മൂട്ടിയ്ക്കൊപ്പവും അഭിനയിക്കണം എന്നാഗ്രഹമുണ്ട്, അദ്ദേഹവും എന്ത് നല്ലതാണ്… പക്ഷേ ദുല്‍ഖര്‍ തന്നെയാണ് ലിസ്റ്റില്‍ ഏറ്റവും മുകളില്‍”, ഫ്ലോറ സൈനി പറഞ്ഞു.

Flora Saini

ഫ്ലോറ സൈനി

കന്നഡ, തെലുങ്ക്‌, തമിഴ് ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള ഈ അഭിനേത്രി മലയാളത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ല.

“മലയാളത്തില്‍ അഭിനയിക്കില്ല എന്നൊരു തീരുമാനമൊന്നുമില്ല. അവസരങ്ങള്‍ ഒത്തു വന്നില്ല എന്നത് കൊണ്ട് മാത്രമാണ്. ഒന്നോ രണ്ടോ തവണ അത് സംഭവിക്കേണ്ടതായിരുന്നു, പക്ഷേ നടന്നില്ല”, തെന്നിന്ത്യന്‍ സിനിമയുടെ ഭാഗമായി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഫ്ലോറ സൈനി കൂട്ടിച്ചേര്‍ത്തു.

രാജ്കുമാര്‍ റാവു, ശ്രദ്ധ കപൂര്‍ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന ‘സ്ത്രീ’ ബോളിവുഡിലെ ഈ വര്‍ഷത്തെ വലിയ ഹിറ്റുകളില്‍ ഒന്നാണ്. അതിലെ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച ഫ്ലോറ സൈനി മറാത്തി ചിത്രമായ ‘പരീ ഹൂം മേം’ എന്ന സിനിമയിലും വേഷമിട്ടിട്ടുണ്ട്.

മലയാളത്തില്‍ തുടങ്ങി തമിഴിലും തെലുങ്കിലും സാന്നിദ്ധ്യമുറപ്പിച്ച് ഇപ്പോള്‍ ബോളിവുഡിലും എത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ആദ്യ ചിത്രം ‘കാര്‍വാ’ സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയതെങ്കിലും ദുല്‍ഖറിന്റെ അഭിനയത്തെ ബോളിവുഡ് ഇരു കൈകളും നീട്ടി വരവേറ്റു. ബോളിവുഡിലെ തന്റെ രണ്ടാമത്തെ ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ് ദുല്‍ഖര്‍.

‘ദി സോയാ ഫാക്ടര്‍’ എന്ന ചിത്രത്തിലാണ് ഇനി ദുല്‍ഖര്‍ അഭിനയിക്കുക. ഒരു ക്രിക്കറ്ററുടെ വേഷത്തില്‍ ദുല്‍ഖര്‍ എത്തുമ്പോള്‍ നായികയാവുന്നത് സോനം കപൂര്‍. ചിത്രത്തിന് വേണ്ടി തയ്യാറെടുക്കുന്ന സോനം ‘ദുല്‍ഖര്‍ സല്‍മാനോടൊപ്പം അഭിനയിക്കാന്‍ പോകുന്ന എക്സൈറ്റ്മെന്റിലാണ് ഞാന്‍’ എന്ന് ട്വിറ്ററില്‍ അറിയിച്ചു. ‘ഞാനും അങ്ങനെ തന്നെ’ എന്ന് സോനത്തിന് മറുപടിയുമായി ദുല്‍ഖറും രംഗത്ത്‌ വന്നു.

Read More: ദുല്‍ഖര്‍ സല്‍മാന്‍ ‘ക്യൂട്ട്’ ആണെന്ന് സോനം കപൂര്‍

Cant wait to work with Dulquer Salmaan, say Sonam Kapoor and Kriti Kharbanda

‘കാര്‍വാ’യില്‍ ദുല്‍ഖറിന്റെ പൂര്‍വ്വ കാമുകിയുടെ വേഷം ചെയ്ത കൃതി ഖര്‍ബന്ദയ്ക്കും ദുല്‍ഖറിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ നൂറു നാവാണ്. അഞ്ചു മിനിറ്റ് മാത്രമുള്ള ചെറിയ വേഷമാണ് ‘കാര്‍വാ’യില്‍ ചെയ്തത്, ദുല്‍ഖറിനോപ്പം അഭിനയിക്കാന്‍ ഇനിയും അവസരമുണ്ടാകണം എന്ന് ആഗ്രഹിക്കുന്നതായും കൃതി വെളിപ്പെടുത്തി.

“ദുല്‍ഖറിന്റെ വലിയ ഫാനാണ് ഞാന്‍. അദ്ദേഹം അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം കണ്ടിട്ടുണ്ട്. ‘ഓകെ കൺമണി’യാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. ‘കാര്‍വാ’യില്‍ ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചത് ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു കാണും എന്ന് കരുതുന്നു”, കൃതി ഖര്‍ബന്ദ ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

“കഴിഞ്ഞ ദിവസം ഞാന്‍ ദുല്‍ഖറിന് മെസ്സേജ് അയച്ചിരുന്നു, ‘നോക്കൂ, നമ്മള്‍ ഇനിയും ഒന്നിച്ചഭിനയിക്കണം’ എന്ന് പറഞ്ഞു കൊണ്ട്. ദുല്‍ഖര്‍ മറുപടിയും അയച്ചു, ‘അത് പിന്നെ പറയേണ്ട കാര്യമുണ്ടോ’ എന്ന്. ഒരുമിച്ചഭിനയിക്കുക എന്ന ഞങ്ങളുടെ ആഗ്രഹം നടക്കട്ടെ എന്ന് ഞാന്‍ ആശിക്കുന്നു”, അവര്‍ കൂട്ടിച്ചേര്‍ത്തു.

Read More: മുത്താണ് ദുല്‍ഖര്‍: കുഞ്ഞിക്കയുടെ ആരാധികമാരായ ബോളിവുഡ് നായികമാര്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook