രാജ്കുമാര്‍ റാവു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബോളിവുഡ് രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രം ന്യൂട്ടണ്‍ ആണ് 2018 ഓസ്കറിന് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി മത്സരിക്കുക. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെ ആക്ഷേപഹാസ്യത്തിലൂടെ വിവരിക്കുകയാണ് ചിത്രത്തില്‍. ഒരു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് രാജ്കുമാര്‍ റാവു പ്രത്യക്ഷപ്പെടുന്നത്.

മികച്ച വിദേശഭാഷാ ചിത്രമെന്ന പട്ടികയിലേക്ക് തിരഞ്ഞെടുത്ത ചിത്രത്തിന് കടുത്ത മത്സരം തന്നെയാണ് ഓസ്കറില്‍ കാത്തിരിക്കുന്നത്. ഹോളിവുഡ് താരം ആഞ്ജലീന ജോളി സംവിധാനം ചെയ്ത ‘ഫസ്റ്റ് ദേ കില്‍ഡ് മൈ ഫാദര്‍’ (First They Killed My Father) എന്ന കംബോഡിയന്‍ ചിത്രമാണ് ബോളിവുഡ് ചിത്രത്തിന് ഏറെ വെല്ലുവിളി ഉയര്‍ത്തുക.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കംപൂച്ചി അനുയായികള്‍ 1975ല്‍ കംബോഡിയയെ പിടിച്ചടക്കിയപ്പോള്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന അഞ്ചു വയസുകാരിയായ ലൂങ് ഉംഗിലൂടെയാണ് ചിത്രം കഥ പറയുന്നത്. സറിയം സ്രേ മോഷാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. മികവുറ്റ അഭിനയപ്രകടനമാണ് ഈ കൊച്ചു കംബോഡിയന്‍ താരം ചിത്രത്തില്‍ കാഴ്ച്ചവെച്ചിരിക്കുന്നതെന്ന് നിരൂപകര്‍ കുറിച്ചു വെക്കുന്നു.

പ്രശസ്ത ജര്‍മ്മന്‍ സംവിധായകനായ ഫാതിഹ് അകിന്റെ ദ ഫൈഡ്, പാക് സംവിധായകന്‍ ഫര്‍ഹാന്‍ ആലത്തിന്റെ സാവന്‍ എന്നീ ചിത്രങ്ങളും വിദേശഭാഷാ മത്സര വിഭാഗത്തിലുണ്ട്. മറ്റ് ചില മികച്ച ചിത്രങ്ങളും മത്സരത്തിനുണ്ട്. അതുകൊണ്ട് തന്നെ ആദ്യ അഞ്ചില്‍ എത്തുക എന്നത് ന്യൂട്ടണ് എളുപ്പമാകില്ല.

ഓസ്കറിന് ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിക്കുന്നതില്‍ വളരെയധികം സന്തോഷവാനാണെന്നാണ് രാജ്കുമാര്‍ റാവു പ്രതികരിച്ചത്. ചിത്രം അവസാന റൗണ്ടില്‍ കടക്കുമെന്നാണ് പ്രതീക്ഷയെന്നും ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

“വലിയൊരു കച്ചവട സിനിമയോ മസാല ചിത്രമോ അല്ലാഞ്ഞിട്ടും ജനങ്ങള്‍ ചിത്രത്തെ ഏറ്റെടുത്തു. ഒരു സിനിമയുടെ ശക്തി അതിന്റെ കഥയും കഥ പറയുന്ന രീതിയുമാണ്. പിന്നണിയില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരുമാണ് നേട്ടത്തിന് അര്‍ഹര്‍”, രാജ്കുമാര്‍ പറഞ്ഞു. അമിത് മസ്റൂക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

പങ്കജ് ത്രിപാഥി, രഘുഭീര്‍ യാദവ്, അഞ്ജലി പാട്ടീല്‍, ഡാനിഷ് ഹുസൈന്‍, സഞ്ജയ് മിശ്ര എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. 2018 മാര്‍ച്ച് ആദ്യ വാരമാണ് ഓസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ