ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ മണി നായകനാകുന്ന ഉടലാഴത്തിലെ ഗാനം പുറത്തിറക്കി. മിഥുന്‍ ജയരാജും സിത്താര കൃഷ്‌ണകുമാറും ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന ‘മേട സൂര്യന്റെ’ എന്നാരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബിജിബാലാണ്.
ആദിവാസിയായ ട്രാന്‍സ്‌ജെൻഡറാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഈ കഥാപാത്രത്തിന്റെ ജീവിത വ്യഥകളിലൂടെ കടന്നു പോകുന്ന ചിത്രത്തിന്റെ സ്വഭാവം ഗാനവും പിന്തുടരുന്നുണ്ട്. ചിത്രത്തിന്റെ സംവിധാകനായ ഉണ്ണികൃഷ്‌ണന്‍ ആവള തന്നെയാണ് ഗാനവും രചിച്ചിരിക്കുന്നത്.
മണിയ്‌ക്കു പുറമെ രമ്യ വല്‍സല, ജോയ് മാത്യു, അനുമോള്‍, ഇന്ദ്രന്‍സ്, സജിതാ മഠത്തില്‍, നിലമ്പൂര്‍ ആയിഷ തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ രചനയും ഉണ്ണികൃഷ്‌ണന്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
Read Also: മലയാളത്തിലെ മികച്ച ബാലതാരമായിരുന്നു ഈ കൂലിപ്പണിക്കാരന്‍
ബിജിബാലിന്റേതാണ് പശ്ചാത്ത സംഗീതം. നിലനില്‍പ്പുതന്നെ ചോദ്യചിഹ്നമായ ആറുനാടന്‍ കോളനിയിലെ 24 വയസുള്ള ഭിന്നലിംഗക്കാരനായ ഗുളികന്രെ കഥയാണ് ”ഉടലാഴം” പറയുന്നത്. പ്രകൃതി, വന്യജീവികള്‍, ആദിവാസികള്‍, പൊതുസമൂഹം എന്നിവുടെ പശ്ചാത്തലത്തിലാണ് സിനിമ.
ഡോക്ടേഴ്‌സ് ഡിലെമയുടെ ബാനറില്‍ ഡോക്‌ടര്‍മാരായ രാജേഷ് കുമാര്‍ എംപി, മനോജ് കുമാര്‍ കെ.ടി, സജീഷ്. എം എന്നിവരാണ് ‘ഉടലാഴം” നിര്‍മ്മിക്കുന്നത്. നിലമ്പൂര്‍, കോഴിക്കോട്, ചെന്നൈ, വയനാട് എന്നിവിടങ്ങളില്‍ വച്ച് സ്വാഭാവിക വെളിച്ചത്തിന്റെയും ശബ്‌ദസന്നിവേശത്തിന്റെയും ഉപയോഗത്തിലായിരുന്നു ഷൂട്ട്.