കന്നഡ സൂപ്പര്‍ താരം യഷും ഭാര്യ രാധിക പണ്ഡിറ്റും തങ്ങളുടെ പൊന്നോമനയുടെ ചിത്രം ആദ്യമായി ആരാധകര്‍ക്കായി പങ്കുവച്ചു. അക്ഷയ തൃതീയയ്ക്ക് ആരാധകര്‍ക്കുള്ള സമ്മാനമായാണ് തങ്ങളുടെ കുഞ്ഞു മാലാഖയുടെ ചിത്രം രാധിക ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.

‘ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം ഇതാ നിങ്ങളുടെ മുന്നില്‍. ഇതുവരെ അവള്‍ക്ക് പേരിട്ടിട്ടില്ല. അതിനാല്‍ ഇപ്പോള്‍ നമുക്കവളെ ‘ബേബി വൈആര്‍’ എന്നു വിളിക്കാം. നിങ്ങളുടെ സ്‌നേഹവും അനുഗ്രഹങ്ങളും അവള്‍ക്ക് നല്‍കൂ,’ രാധിക ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

യഷ് മകള്‍ക്കൊപ്പം കളിക്കുന്ന ചിത്രം രാധിക മുമ്പ് പങ്കുവച്ചിരുന്നു. മെയ് അഞ്ചിനായിരുന്നു ഇത്. എന്നാല്‍ ആ ചിത്രത്തിലും കുഞ്ഞിന്റെ മുഖം ഇല്ലായിരുന്നു. ഞങ്ങളുടെ യഥാര്‍ത്ഥ നിധിയുടെ ചിത്രം അക്ഷയ തൃതീയ ദിനത്തില്‍ പുറത്തുവിടും എന്നായിരുന്നു അന്ന് രാധിക പറഞ്ഞത്.

Read More: കാത്തിരിക്കുന്നത് വലിയ സസ്പെൻസുകളാണ്; കെജിഎഫ് രണ്ടാം ഭാഗം ഏപ്രിലിൽ തുടങ്ങും

‘ഒരു അച്ഛന്‍-മകള്‍ ബന്ധം അമൂല്യമായ ഒന്നാണ്. എനിക്കറിയാം നിങ്ങളെല്ലാവരും ഞങ്ങളുടെ കുഞ്ഞുമാലാഖയെ കാണാന്‍ കാത്തിരിക്കുകയാണെന്ന്. ആരെയും നിരാശപ്പെടുത്തില്ല. ഈ മെയ് ഏഴിന് അക്ഷയ തൃതീയ ദിനത്തില്‍ ഞങ്ങള്‍ ഞങ്ങളുടെ യഥാര്‍ത്ഥ നിധിയെ നിങ്ങള്‍ക്ക് കാണിച്ചു തരും. ഞങ്ങളുടെ അമൂല്യ സമ്പത്ത്,’ ഇതായിരുന്നു അന്ന് രാധിക ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ടെലിവിഷന്‍ പരമ്പരയായ നന്ദഗോകുലിന്റെ സെറ്റില്‍ വച്ചാണ് യഷും രാധികയും കണ്ടുമുട്ടുന്നത്. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2016ല്‍ ഇരുവരും വിവാഹിതരായി. 2008ല്‍ പുറത്തിറങ്ങിയ മൊഗ്ഗിന മനസു എന്ന ചിത്രത്തിലൂടെയാണ് ഇരുവരും സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇതുവരെ നാല് ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചു. 2018 ഡിസംബറിലാണ് യഷിനും രാധികയ്ക്കും മകള്‍ ജനിച്ചത്.

Read More: ‘എന്നെ കൊല്ലാന്‍ മാത്രം ധൈര്യമുളളവനില്ല’; യാഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതായി പ്രചാരണം

ഇപ്പോൾ കന്നഡ സിനിമാ മേഖലയിലെ ഏറ്റവും ജനപ്രിയ നടന്മാരില്‍ ഒരാളാണ് യഷ്. കെജിഎഫ് എന്ന ചിത്രമാണ് യഷിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായത്. നിലവില്‍ കെജിഎഫിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കുകയാണ്.

കോലാറിലെ സ്വര്‍ണഖനിയുടെ കഥപറയുന്ന ‘കെജിഎഫി’ന്റെ രണ്ടാം ഭാഗം ഏപ്രില്‍ ചിത്രീകരണം ആരംഭിച്ചു. ഇന്ത്യന്‍ ബോക്‌സ് ഓഫീസിനെ ഇളക്കി മറിച്ച ചിത്രമായിരുന്നു കെജിഎഫ് ചാപ്റ്റര്‍ 1.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഡബ്ബ് ചെയ്ത ഒന്നാം ഭാഗം, കന്നഡ സിനിമാ വ്യവസായത്തില്‍ ഏറ്റവുമധികം പണം വാരിയ ചിത്രമാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Read More: KGF: ഏറെ ആയാസകരമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്; യാഷ് പറയുന്നു

കന്നഡയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവേറിയ ചിത്രം കൂടിയായിരുന്നു കെജിഎഫ്. 2018 ഡിസംബര്‍ 23നാണ് ചിത്രം പുറത്തിറങ്ങിയത്. ആദ്യമായി ഒരു കന്നഡ ചിത്രം അഞ്ചു ഭാഷകളില്‍ ഇന്ത്യയില്‍ ഉടനീളം പ്രദര്‍ശനത്തിനെത്തിയതും ആദ്യമായിരുന്നു.

കര്‍ണാടകയില്‍ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ 14 കോടി രൂപയായിരുന്നു. രണ്ടാഴ്ച കൊണ്ടു തന്നെ കെജിഎഫ് 100 കോടി ക്ലബ്ബിലും എത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook