മൂന്നാം വിജയത്തിന് കൈ കോര്‍ത്ത് വിജയിയും ആറ്റ്‌ലിയും. ഹിറ്റ് ചിത്രങ്ങളായ തെറിയ്ക്കും മെര്‍സലിനും ശേഷം ഇരുവരും ഒരുമിക്കുന്ന ബിഗിലിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടു. രണ്ടു പോസ്റ്ററുകളാണ് പുറത്തുവന്നത്. സംവിധായകന്‍ ആറ്റ്‌ലിയാണ് വിജയിക്കുള്ള പിറന്നാള്‍ സമ്മാനമായി പോസ്റ്റര്‍ പുറത്ത് വിട്ടത്.

വിജയ് ഡബിള്‍ ഗെറ്റപ്പിലെത്തുന്ന ചിത്രമായിരിക്കും ബിഗില്‍. പോസ്റ്ററില്‍ വിജയിയെ രണ്ട് ഗെറ്റപ്പിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒന്ന് അൽപം നര കയറിയ, മുണ്ടും ഷര്‍ട്ടുമണിഞ്ഞ് കസേരയില്‍ ഇരിക്കുന്നു. രണ്ടാമത്തേത് ചെറുപ്പകാരനാണ്. ഫുട്‌ബോള്‍ ജഴ്‌സിയണിഞ്ഞാണ് ഈ കഥാപാത്രം പോസ്റ്ററില്‍ അവതരിപ്പിക്കപ്പെടുന്നത്.

നയന്‍താര നായികയാവുന്ന ചിത്രം ഒരു ഫുട്‌ബോള്‍ കോച്ചിന്റെ കഥയാണ് പറയുന്നത്. വിവേക്, പരിയേറും പെരുമാള്‍ ഫെയിം കതിര്‍, യോഗി ബാബു, റോബോ ശങ്കര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. എ.ആര്‍.റഹ്മാന്റേതാണ് സംഗീതം. കെ.ജി.വിഷ്ണുവാണ് ഛായാഗ്രഹണം. എജിഎസ് എന്റര്‍ടെയ്‌മെന്റാണ് നിര്‍മ്മാണം. ദീപാവലിക്കായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.

നയന്‍താരയും വിജയിയും ഇതിന് മുമ്പ് ഒരുമിച്ച് അഭിനയിച്ചത് 2009 ല്‍ പുറത്തിറങ്ങിയ വില്ലിലാണ്. പിന്നീട് നയന്‍താര തമിഴിലെ ഏറ്റവും വലിയ നായികയായി മാറി. ബിഗിലില്‍ നയന്‍താരയുടെ കഥാപാത്രത്തിന്റെ പേര് എയ്ഞ്ചല്‍ എന്നാണ്. ബിഗിലെന്നും മൈക്കിളെന്നുമാണ് വിജയിയുടെ കഥാപാത്രത്തിന്റെ പേര്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook