ഹൗ ഓള്‍ഡ് ആര്‍ യൂ? എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരും റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന ചിത്രമായ പ്രതി പൂവന്‍കോഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാലാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. താരത്തിന് നന്ദി പറഞ്ഞു കൊണ്ട് മഞ്ജുവും രംഗത്തെത്തിയിട്ടുണ്ട്.

മൂന്ന് പൂവന്‍ കോഴികളും മഞ്ജുവുമാണ് പോസ്റ്ററിലുള്ളത്. മഞ്ജുവിന്റെ ഒരു കണ്ണിലേക്ക് മാത്രം ശ്രദ്ധ തിരിക്കുന്ന തരത്തിലാണ് പോസ്റ്റര്‍. ആ കണ്ണിലെ ഭാവം തന്നെ ചിത്രത്തെ കുറിച്ചുള്ള ആകാംക്ഷ വളര്‍ത്തുന്നുണ്ട്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു തിരികെ വന്നത് റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യുവിലൂടെയായിരുന്നു. ചിത്രം മികച്ച വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് ഇരുവരും വീണ്ടും ഒരുമിക്കുമ്പോള്‍ ആരാധകരും പ്രതീക്ഷയിലാണ്.

വസ്ത്ര വ്യാപരക്കടയിലെ സെയില്‍സ് ഗേളായ മാധുരി എന്ന കഥാപാത്രമായാണ് പ്രതി പൂവന്‍ കോഴിയില്‍ മഞ്ജു എത്തുന്നത്. ഉണ്ണി.ആറിന്റെ പ്രശസ്തമായ കഥയാണ് പ്രതി പൂവന്‍ കോഴി. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഉണ്ണി.ആര്‍ തന്നെയാണ്. മഞ്ജു വാര്യര്‍, റോഷന്‍ ആന്‍ഡ്രൂസ്, ഉണ്ണി.ആര്‍ മൂന്ന് വലിയ പേരുകള്‍ ഒരുമിക്കുന്ന ചിത്രമെന്നതും പ്രതി പൂവന്‍ കോഴിയുടെ സവിശേഷതയാണ്.

ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്നു. അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ്.പി.ശ്രീകുമാര്‍,ഗ്രേസ് ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ജി.ബാലമുരുകനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗോപീ സുന്ദറിന്റേതാണ് സംഗീതം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook